14 December Friday

ന്യൂനപക്ഷവികസന ധനകാര്യ കോർപറേഷൻ കിട്ടാക്കടം 9 കോടി; കേന്ദ്രസഹായവും ഇല്ലാതാക്കി

എം വി പ്രദീപ‌്Updated: Monday Nov 12, 2018



തിരുവനന്തപുരം  
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽനിന്ന‌് മുൻ യുഡിഎഫ‌് ഭരണത്തിൽ മുസ്ലിംലീഗ‌് നേതാക്കൾക്കും ആശ്രിതർക്കും ക്രമവിരുദ്ധമായി വായ‌്പ വാരിക്കോരി നൽകിയ വകയിൽ കിട്ടാക്കടം ഒമ്പത‌ുകോടി രൂപ. 2013 ൽ കോർപറേഷൻ സ്ഥാപിതമായി ആദ്യ വർഷങ്ങളിൽ നൽകിയ വായ‌്പകൾപോലും തിരിച്ചുകിട്ടാതെ വൻതുക കിട്ടാക്കടമായതോടെ  കോർപറേഷന‌് ലഭിക്കുമായിരുന്ന കേന്ദ്ര സഹായവും നഷ്ടമായി.

സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനുകളിലെ അപക‌്സ‌് ബോഡിയായ നാഷണൽ മൈനോറിറ്റി ഫിനാൻസ‌് കോർപറേഷന്റെ (എൻഎംഎഫ‌്സി) സഹായം ലഭ്യമാകണമെങ്കിൽ റിസർവ‌് ബാങ്കിൽനിന്ന‌് നോൺബാങ്കിങ്‌ ഫിനാൻസ‌് കോർപറേഷൻ (എൻബിഎഫ‌്സി)ലൈസൻസ‌് ലഭ്യമാകണം. ഇത‌് കിട്ടണമെങ്കിൽ ആകെ കിട്ടാക്കടം അഞ്ച‌് ശതമാനമായി കുറയ‌്ക്കണം. ഇതിന്റെ ഭാഗമായി മുൻ എംഡിയും മുസ്ലിംലീഗ‌് നേതാവുമായ മുഹമ്മദ‌് ഹനീഫ പെരിഞ്ചീരി അടക്കമുള്ളവരിൽനിന്ന‌് കുടിശ്ശിക തിരിച്ചുപിടിക്കാൻ ശ്രമം ആരംഭിച്ചപ്പോഴാണ‌്  ഡെപ്യൂട്ടേഷനിൽ ജനറൽ മാനേജരായി വന്ന ബാങ്ക‌് ഉദ്യോഗസ്ഥൻ കെ ടി അദ‌ീബ‌ിനെതിരെ, മന്ത്രി ബന്ധു എന്ന ആരോപണവുമായി മുസ്ലിംലീഗ‌് രംഗത്തുവന്നത‌്.

കോർപറേഷൻ ഒരു വർഷം നൽകുന്ന വായ‌്പയുടെ അത്രയും തുക വിവിധ പദ്ധതികൾക്കായി കേന്ദ്ര സഹായമായി എൻബിഎഫ‌്സി വഴി ലഭിക്കുമായിരുന്നതാണ‌് കിട്ടാക്കടം ഉയർത്തി ലീഗ‌് നേതാക്കൾ നഷ്ടപ്പെടുത്തിയത‌്.

കിട്ടാക്കടം തിരിച്ചുപിടിക്കലിന‌് പുറമെ കോർപറേഷനിൽ കംപ്യൂട്ടറൈസേഷനും പുതിയ ജനറൽ മാനേജർ ശ്രമം ആരംഭിച്ചിരുന്നു. യുഡിഎഫ‌് ഭരണകാലത്ത‌് ഓഡിറ്റ‌് നടന്നിരുന്നില്ല. 2013 മുതലുള്ള ഓഡിറ്റ‌് നടത്താനും ബാങ്ക‌് ഇടപാടുകൾ മുഴുവൻ കംപൂട്ടർവൽക്കരിക്കാനും ശ്രമം ആരംഭിച്ചതും ലീഗ‌് തേതൃത്വത്തിന്റെ അപ്രീതിക്ക‌് വഴിയൊരുക്കി. ബാലൻസ‌് ഷീറ്റ‌് ഉൾപ്പെടെയുള്ളവ കോർപറേഷന്റെ ഹെഡ‌് ഓഫീസിൽ ലഭ്യമായാൽ മറ്റ‌് ഓഫീസുകളിൽ നടന്നിട്ടുള്ള ബിനാമി ഇടപാടുകൾവരെ കണ്ടെത്തുമെന്ന ഭീതിയും ലീഗ‌് നേതൃത്വത്തെ അങ്കലാപ്പിലാക്കി.

അതിനിടെ മുസ്ലിംലീഗ‌് നേതാക്കളും ആശ്രിതരും കോർപറേഷനിൽനിന്ന‌് തരപ്പെടുത്തി തിരിച്ചടയ്‌ക്കാത്ത വായ‌്പകളുടെ കൂടുതൽ വിവരങ്ങൾകൂടി പുറത്തുവന്നു.

എംഎസ‌്എഫ‌് തവനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി  പി സാദിഖ് അലി  മൂന്ന‌് ലക്ഷംരൂപ വായ‌്പയെടുത്തതിൽ 28 മാസത്തെ തിരിച്ചടവ‌് കുടിശ്ശികയാണ‌്. യൂത്ത് ലീഗ് പുറത്തൂർ പഞ്ചായത്ത് സെക്രട്ടറി ഇ പി അലി അഷ്കർ  നാല‌ുലക്ഷം എടുത്തതിൽ 22 മാസമാണ‌് കുടിശ്ശിക.  തിരൂർ മുനിസിപ്പൽ കൗൺസിലർ (വാർഡ്-2) മൊയ്തീൻകുട്ടിയുടെ സഹോദരൻ വി ഷെരീഫ‌് രണ്ട‌ുലക്ഷം വായ‌്പയെടുത്തതിൽ 28 തിരിച്ചടവ‌് മുടങ്ങി. യൂത്ത‌് ലീഗ‌് തിരൂർ നിയോജക മണ്ഡലം വർക്കിങ് കമ്മിറ്റിയംഗം  പി മനാഫും കുടിശ്ശികക്കാരുടെ ലിസ്റ്റിലുണ്ട‌്. ലീഗിന്റെ അധ്യാപക സംഘടനയായ കെഎസ‌്ടിയുവിന്റെ ഭാരവാഹിയായ നൗഷാദ‌് കടവത്ത‌് 1,08,000 രൂപ കുടിശ്ശിക വരുത്തി. നൗഷാദും ഭാര്യയും അധ്യാപകരാണ‌്.

യൂത്ത‌് ലീഗ‌് കുറ്റിപ്പുറം പഞ്ചായത്ത‌് മുൻ വൈസ‌് പ്രസിഡന്റും ലീഗ‌് പ്രവർത്തകനുമായ പി പി മുഹമ്മദലി ഒന്നരലക്ഷം എടുത്തിട്ട‌് 26 മാസമായി തിരിച്ചടവ‌് മുടങ്ങി. തവനൂർ പഞ്ചായത്തിലെ ലീഗിന്റെ വാർഡ‌് പ്രസിഡന്റ‌് എം പി സലീമും എടുത്ത വായ‌്പ തിരിച്ചടയ‌്ക്കാത്തവരുടെ ലിസ്റ്റിലുണ്ട‌്.
 


പ്രധാന വാർത്തകൾ
Top