15 November Thursday

സ്മാർട്ടായി ഖാദി ഹാൻടെക്സ് വിൽപ്പനമേളകൾ; ഓണം യുവാക്കൾക്കായി പുതുമകളേറെ

പി ജി സുജUpdated: Saturday Aug 11, 2018

കൊച്ചി
മഴ മാറി. ഓണവിപണി ഉണർന്നു. യുവാക്കളെ ലക്ഷ്യമിട്ട് കൂടുതൽ പുതുമകളും ഡിജിറ്റൽ പേമെന്റ‌് സൗകര്യങ്ങളുമൊരുക്കി ഖാദി, കൈരളി, ഹാൻടെക്സ് മേളകൾക്ക് തുടക്കമായി. ഓണത്തിനുമുമ്പ്  രണ്ടാഴ്ച  സമയമേ ലഭിക്കൂ എന്നതിനാൽ തുടക്കംമുതൽ വിൽപ്പന ഊർജിതമാക്കുകയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനങ്ങൾ.

കള്ളഖാദിക്കെതിരെ കർശനനിലപാടുമായാണ് ഖാദി ഇത്തവണത്തെ ഓണമേളയ‌്ക്കൊരുങ്ങുന്നതെന്ന് ഖാദി കമിഷന്റെ അസിസ്റ്റന്റ‌് ഡയറക്ടർ സി എം ​ഗോപാലകൃഷ്ണൻ പറഞ്ഞു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള തനത് ഖാദിസാരികളും മറ്റ് തുണിത്തരങ്ങളും എത്തിക്കൊണ്ടിരിക്കുകയാണന്ന് അദ്ദേഹം അറിയിച്ചു. സാധാരണ ഓണത്തോടനുബന്ധിച്ചുള്ള ഞായർവിൽപ്പന അഞ്ചുലക്ഷമായിരുന്നെങ്കിൽ ഇത്തവണ ഞായർവിൽപ്പന 16 ലക്ഷമായത് പ്രതീക്ഷ  പകരുന്നു. ചെറുപ്പക്കാർക്കിടയിൽ ഖാദിക്ക് പ്രിയമേറുന്നതിനാൽ റെഡിമെയ്ഡ് ഷർട്ടുകൾ ജുബകൾ, ചുരിദാറുകൾ എന്നിവയുടെ വിപുലശേഖരവും ഒരുക്കിയിട്ടുണ്ട്. എല്ലാതുണിത്തരങ്ങൾക്കും 30 ശതമാനം  റിബേറ്റുണ്ട്.  ഇതിനുപുറമേ നറുക്കെടുപ്പും ഉറപ്പുസമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ കാർഡ് പേമെന്റിനുള്ള വിപുലസൗകര്യങ്ങളുമുണ്ട്. ഒരു വർഷത്തെ മൊത്തവിൽപ്പനയുടെ 70 ശതമാനവും ഓണക്കാലത്താണ്. ഈ ഓണക്കാലത്ത് നാലുകോടിയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്

കരകൗശലവസ്തുക്കളുടെ ശേഖരത്തിനുപുറമേ  ഉരുളിയിലും വഞ്ചിയുടെ മാതൃകയിലുമൊക്കെ നിറച്ച സുഗന്ധവ്യഞ്ജനങ്ങളും വെളുത്തുള്ളി, ഈന്തപ്പഴം, കൂവളം എന്നിവചേർത്ത തേനും ഇത്തവണ എറണാകുളത്തെ കൈരളി ഹാന്റി ക്രാഫ്റ്റ്സിൽ ഒരുങ്ങിയിട്ടുണ്ടെന്ന് മാനേജർ അരവിന്ദാക്ഷൻ അറിയിച്ചു. കോലാപ്പുരി ചെരുപ്പ്, ലഖ്നൗ ചിക്കൻവർക്ക് തുണിത്തരങ്ങൾ, മീററ്റ് ഖാദി, ​​ഭാ​ഗൽപ്പൂരു പട്ടുവസ്ത്രങ്ങൾ എന്നിവയും  പുതുമകളാണ്. ആ​ഗസ‌്ത‌് ​23വരെ വിലക്കുറവും  മറ്റ് ആനുകൂല്യങ്ങളുമുണ്ട്.

ഹാൻഡ‌്ടെക‌്‌സ‌് വസ‌്ത്രങ്ങൾ തരം​ഗമാകുന്ന ഓണവേളയിൽ  പരമാവധി നേട്ടമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഹാൻഡ‌്ടെക‌്സിന്റെ  എറണാകുളം മേഖല. 20 ശതമാനം സർക്കാർ റിബേറ്റിനുപുറമേ 5000 രൂപയ‌്ക്കുമേൽ പർച്ചേസ് ചെയ്യുന്നവക്ക് 10 ശതമാനം അധികറിബേറ്റുമുണ്ട‌്. കൈത്തറിയിലെ ഡിസൈനർ സാരികൾ, സെറ്റുമുണ്ടുകൾ എന്നിവയുടെ സവിശേഷശേഖരം ഒരുക്കിട്ടുണ്ടെന്ന് മേഖലാ മാനേജർ സ്വപ്ന കെ എസ് പറഞ്ഞു. റമദാൻവിൽപ്പനയെ മഴ ബാധിച്ചുവെങ്കിലും ഓണവിൽപ്പന ആ ക്ഷീണം മറികടക്കുമെന്നാണ് പ്രതീക്ഷയെന്ന് അവർ കൂട്ടിച്ചേർത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top