15 October Monday

കേരള ട്രാവൽമാർട്ടിന‌് വ്യാഴാഴ‌്‌ച തിരിതെളിയും; ടൂറിസം മേഖല സജ്ജം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 25, 2018

കൊച്ചി > പ്രളയത്തെ അതിജീവിച്ച കേരളത്തിലേക്ക‌് വിനോദ സഞ്ചാരികളെ വരവേറ്റ‌് രാജ്യത്തെ വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെടിഎം) പത്താംപതിപ്പിന‌് വ്യാഴാഴ‌്ച തുടക്കമാകും. വൈകിട്ട‌് ആറ‌ിന‌് എറണാകുളം ബോൾഗാട്ടി ഐലന്റിലെ ഗ്രാന്റ‌് ഹയാത്ത‌് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാർട്ട‌് ഉദ‌്ഘാടനം ചെയ്യും. തുടർന്ന‌് 30 വരെ വെല്ലിങ‌്ടൺ ഐലന്റിലെ സാമുദ്രിക, സാഗര കൺവൻഷൻ സെന്ററുകളിലാണ‌് വാണിജ്യ കൂടിക്കാഴ‌്ചകളും പ്രദർശനവും നടക്കുക.

ഉദ‌്ഘാടന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. കേന്ദ്രമന്ത്രി അൽഫോൺസ‌് കണ്ണന്താനം മുഖ്യാതിഥിയാകും. 66 വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 1600 ബയർമാരാണ‌് ട്രാവൽ മാർട്ടിൽ പങ്കെടുക്കുന്നതെന്ന‌് കെടിഎം സൊസൈറ്റി പ്രസിഡന്റ‌് ബേബി മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലബാറിന്റെ സാംസ‌്കാരിക പൈതൃകവും ഉത്തരവാദ ടൂറിസത്തിന്റെ പ്രാധാന്യവും വിളിച്ചോതുന്ന കലാ സാംസ‌്കാരിക പരിപാടിയോടെയാണ‌് മാർട്ടിന‌് തുടക്കം കുറിക്കുക. പ്രളയത്തിൽ നിന്നും സംസ്ഥാനം നടത്തിയ അതിജീവനത്തിന്റെ നേർസാക്ഷ്യം ലോകത്തിന‌് മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണിത‌്.

പ്രദർശനത്തിനും വാണിജ്യ കൂടിക്കാഴ‌്ചക്കുമപ്പുറം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ സമഗ്രമായി അപഗ്രഥിക്കുന്ന നാല‌് ശിൽപ്പശാലയും ഒരുക്കിയിട്ടുണ്ട‌്. 28ന‌് ടൂറിസം: സാമ്പത്തിക പുരോഗതിയുടെ പ്രവർത്തന യന്ത്രം ‌എന്ന വിഷയത്തിലാണ‌് ശിൽപ്പാശാല. 29ന‌് വിനോദ സഞ്ചാര മേഖലയിലെ മാറുന്ന പ്രവണതകൾ, കേരളത്തിൽ ഉത്തരവാദ ടൂറിസത്തിന്റെ സ്വാധീനം എന്നീ ശിൽപ്പശാലകളും 30ന‌് കേരളത്തിലെ ടൂറിസം മേഖലയിലെ പുതിയ ഉൽപ്പന്നങ്ങളും താൽപര്യങ്ങളും എന്ന  ശിൽപ്പശാലയും നടക്കും. വാണിജ്യ കൂടിക്കാഴ‌്ച നടക്കുന്ന ഐലന്റിലെ കെടിഎം മേളയിൽ രജിസ‌്റ്റർ ചെയ‌്തവർക്കാണ‌് പ്രവേശനം. 30ന‌് പൊതുജനങ്ങൾക്ക‌് സൗജന്യ പ്രവേശനമുണ്ടാകും.

കെടിഎമ്മിൽ അണിനിരക്കുന്ന ലോകോത്തര ബയർമാരും സെല്ലർമാരുമായും ആശയ വിനിമയത്തിനും വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും അവസരമുണ്ടാകും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന കെടിഎമ്മിൽ ടൂർ ഒാപ്പറേറ്റർമാർ, ഹോട്ടൽ, റിസോർട്ട‌്, ഹോംസ‌്റ്റേ, ഹൗസ‌്ബോട്ട‌്, ആയൂർവേദ റിസോർട്ട‌്, സാംസ‌്കാരിക കലാ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ പ്രതിനിധികൾ പങ്കെടുക്കും. മഴവെള്ള സംഭരണം, പ്ലാസ‌്റ്റിക‌് ഉപയോഗ ലഘൂകരണം, ഹരിതാഭ വർധിപ്പിക്കൽ എന്നിവയാണ‌് ഇത്തവണത്തെ കെടിഎമ്മിന്റെ പരിഗണന വിഷയങ്ങൾ. കെടിഎം സെക്രട്ടറി ജോസ‌് പ്രദീപ‌്, ട്രഷറർ ജി ഗോപിനാഥൻ, കേന്ദ്ര ഉപദേശക സമിതി അംഗം എബ്രഹാം ജോർജ‌് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top