19 November Monday

ഭരണനിർവഹണ മികവിൽ തുടർച്ചയായ 3‐ാംവർഷവും രാജ്യത്ത് കേരളം ഒന്നാമത്

എം പ്രശാന്ത്Updated: Monday Jul 23, 2018

ന്യൂഡൽഹി
ഭരണനിർവഹണ മികവിൽ തുടർച്ചയായ മൂന്നാംവർഷവും കേരളം രാജ്യത്ത് ഒന്നാമത്. ക്രമസമാധാനം, പശ്ചാത്തലസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി 11 മേഖലകളെ അടിസ്ഥാനപ്പെടുത്തിയുള്ള പൊതുകാര്യസൂചിക പ്രകാരമാണ് 2018ൽ ഏറ്റവും മികച്ച രീതിയിൽ ഭരണനിർവഹണം നടക്കുന്ന സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത്.

തമിഴ‌്നാടും തെലങ്കാനയുമാണ‌് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.  രണ്ടുകോടിയിൽതാഴെ ജനസംഖ്യയുള്ള ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഹിമാചലാണ് ഒന്നാമത്. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ പബ്ലിക‌് അഫയേഴ്സ് സെന്ററാണ് (പിഎസി) സൂചിക തയ്യാറാക്കിയത്. പൂർണമായും ഔദ്യോഗിക കണക്കുകളെ ആധാരമാക്കിയുള്ളതാണ് സൂചിക. 2016ലും 2017ലും കേരളംതന്നെയായിരുന്നു രാജ്യത്തെ മികച്ച സംസ്ഥാനം.

പശ്ചാത്തലസൗകര്യം, സാമ്പത്തികസ്വാതന്ത്ര്യം, ധന മേൽനോട്ടം, കുട്ടികളുടെ ജീവിതനിലവാരം, വിദ്യാഭ്യാസവും ആരോഗ്യവും അടക്കം മനുഷ്യവികാസത്തിനുള്ള പിന്തുണ, സാമൂഹികസംരക്ഷണം, സുതാര്യതയും വിശ്വാസ്യതയും, സ്ത്രീകളും കുട്ടികളും, പരിസ്ഥിതി, കുറ്റകൃത്യങ്ങളും ക്രമസമാധാനവും, നീതി നിർവഹണം എന്നീ മേഖലകളിൽ ഓരോ സംസ്ഥാനത്തിന്റെയും പ്രകടനമാണ് പിഎസി വിലയിരുത്തിയത്. ഓരോ മേഖലയ്ക്കും പ്രത്യേകം തയ്യാറാക്കിയ സൂചികയ്ക്ക് പുറമെ മൊത്തം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പൊതുകാര്യസൂചികയും തയ്യാറാക്കി. രാജ്യത്തെ കുട്ടികൾ എന്ന മേഖല സൂചികയിൽ ഈവർഷം പുതിയതായി ഉൾപ്പെടുത്തിയതാണ്.

ഈ വിഭാഗത്തിലും കേരളമാണ് മുന്നിൽ. തമിഴ്നാട്, പഞ്ചാബ്, ഹരിയാന, ഒഡിഷ സംസ്ഥാനങ്ങളാണ് പിറകിൽ. ബിജെപി ഭരണ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ‌്, മധ്യപ്രദേശ്, അസം, ബിഹാർ, ജാർഖണ്ഡ് എന്നിവയാണ‌് കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ ഏറ്റവും പിന്നിൽ. ഇക്കാര്യത്തിൽ ഗുജറാത്ത് 21‐ാമതും ബംഗാൾ 24‐ാമതുമാണ്. ശൈശവ ഘട്ടത്തിലെ വികാസം, വിദ്യാഭ്യാസം, സംരക്ഷണം തുടങ്ങിയ കാര്യങ്ങളാണ് പരിഗണിച്ചത്.

പശ്ചാത്തലസൗകര്യ സൂചികയിലും കേരളമാണ് ഒന്നാമത്. പിറകിൽ ഡൽഹി, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളും ഏറ്റവും പിന്നിൽ ബിഹാറും ഒഡിഷയുമാണ‌്. ഊർജം, ജലം, റോഡ്, വാർത്താവിനിമയം, പാർപ്പിടം എന്നിവയുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയത്. മാനവ വികാസത്തിനുള്ള പിന്തുണയിലും കേരളമാണ് ഒന്നാമത്. ഗുജറാത്ത് 23‐ാം സ്ഥാനത്താണ്. എൻഡിഎ ഭരണസംസ്ഥാനങ്ങളായ ബിഹാർ, മധ്യപ്രദേശ്, യുപി, ജാർഖണ്ഡ്, അസം എന്നിവ ഏറ്റവും പിന്നിൽ. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം, വിദ്യാഭ്യാസമേഖലയിലെ സർക്കാർ മുതൽമുടക്ക്, വിദ്യാഭ്യാസ വികസന സൂചിക, എൻറോൾമെന്റ്, ശിശുമരണനിരക്ക്, ഇമ്യൂണൈസേഷൻ, ആയുർദൈർഘ്യം, പൊതുആരോഗ്യ മേഖലയ്ക്കായുള്ള സർക്കാർ മുതൽമുടക്ക് തുടങ്ങിയ കാര്യങ്ങളാണ് പരിഗണിച്ചത്.

സ്ത്രീകളും കുട്ടികളും വിഭാഗത്തിലും കേരളം ഒന്നാമതെത്തി. ഗുജറാത്ത് 22‐ാമതാണ്. യുപി, ഡൽഹി, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയവ ഏറ്റവും പിന്നിൽ. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ, ബാലവേല, ഐസിഡിഎസ് നടത്തിപ്പ്, ആൺ‐പെൺ അനുപാതം, തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം, വൈദ്യസഹായത്തോടെയുള്ള പ്രസവങ്ങൾ, സാക്ഷരതയിലെ ആൺ‐പെൺ വ്യത്യാസം തുടങ്ങിയവയാണ് പരിഗണിച്ചത്. പരിസ്ഥിതിസൂചികയിൽ കർണാടകം ഒന്നാമതും കേരളം മൂന്നാമതുമാണ്. ഡൽഹി, യുപി തുടങ്ങിയവ പിന്നിൽ. മലിനീകരണം, വനവിസ്തൃതി, മാലിന്യനിർമാർജനം, പുനരുപയോഗ ഊർജം, സുസ്ഥിരകൃഷി തുടങ്ങിയ കാര്യങ്ങൾ സൂചികയ്ക്കായി പരിഗണിച്ചു.

കുറ്റകൃത്യങ്ങൾ‐ ക്രമസമാധാനം എന്നീ വിഭാഗത്തിൽ തമിഴ്നാടിന് പിന്നിൽ രണ്ടാമതാണ് കേരളം. ബലാൽസംഗം, കൊലപാതകം, സ്ത്രീധന കൊലപാതകങ്ങൾ തുടങ്ങിയ ഗുരുതരകുറ്റങ്ങൾ, കസ്റ്റഡിമരണം, പൊലീസ് വെടിവയ്പ‌്, പൊലീസിന്റെ എണ്ണം, വനിതാ പൊലീസിന്റെ ശതമാനം തുടങ്ങിയ കാര്യങ്ങളാണ് സൂചികയ്ക്കായി പരിഗണിച്ചത്.

കെട്ടിക്കിടക്കുന്ന കേസുകളും ജഡ്ജിമാരുടെ ഒഴിവുകളും, വിചാരണത്തടവുകാരുടെ എണ്ണവും മറ്റും പരിഗണിച്ചുള്ള നീതിനിർവഹണ സൂചികയിൽ കേരളം ആറാമതാണ്. സാമൂഹ്യസംരക്ഷണസൂചികയിൽ അഞ്ചാമതും, ധന മേൽനോട്ടത്തിൽ ഏഴാമതും സാമ്പത്തികസ്വാതന്ത്ര്യം, സുതാര്യത എന്നീ സൂചികകളിൽ പതിനൊന്നാമതുമാണ് കേരളം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top