21 June Thursday

ഇന്ദ്രൻസാണ് നടൻ , നടി പാർവതി ; സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


തിരുവനന്തപുരം > ഒറ്റമുറിയിലെ അരണ്ടവെളിച്ചത്തിൽ സ്വപ്നങ്ങൾ അടക്കംചെയ്യേണ്ടിവരുന്ന സ്ത്രീജീവിതം ആവിഷ്കരിച്ച 'ഒറ്റമുറി വെളിച്ച'ത്തിന് 2017ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്. നവാഗതനായ രാഹുൽ റിജി നായരാണ് ചിത്രം സംവിധാനം ചെയ്തത്. 'ആളൊരുക്കം' സിനിമയിൽ പപ്പു പിഷാരടിയെന്ന ഓട്ടൻതുള്ളൽ കലാകാരനെ അവതരിപ്പിച്ച ഇന്ദ്രൻസാണ് മികച്ച നടൻ. 'ടേക്ക് ഓഫി'ൽ മലയാളി നേഴ്സിന്റെ ആത്മസംഘർഷം അവതരിപ്പിച്ച പാർവതി മികച്ച നടിയായി.  ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ; ചിത്രം ഈ.മ.യൗ.

സഞ്ജു സുരേന്ദ്രന്റെ 'ഏദൻ' രണ്ടാമത്തെ മികച്ച ചിത്രമായി. നടിക്കും നവാഗത സംവിധായകനുമുള്ള പുരസ്കാരമടക്കം അഞ്ച് അവാർഡ് ടേക്ക് ഓഫ് കരസ്ഥമാക്കി. ഈവർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാക്കളിൽ 78 ശതമാനവും ആദ്യമായി പുരസ്കാരം നേടുന്നവരാണെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 37 ജേതാക്കളിൽ 28 പേരും നവാഗതരാണ്. മികച്ച സിനിമയ്ക്കും സംവിധായകനും രണ്ടുലക്ഷം രൂപയും നടനും നടിക്കും ഒരുലക്ഷം രൂപ വീതവുമാണ് അവാർഡുകൾ. രണ്ടാമത്തെ നല്ല ചിത്രത്തിന് ഒന്നരലക്ഷം രൂപയും ലഭിക്കും.

മികച്ച ഗായിക സിത്താര. ഗായകൻ ഷഹബാസ് അമൻ. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ അലൻസിയർ ലേ ലോപ്പസ് മികച്ച സ്വഭാവ നടനായി. മികച്ച സ്വഭാവ നടിയായി ഇ.മ.യൗ, ഒറ്റമുറിവെളിച്ചം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പോളി വൽസൻ തെരഞ്ഞെടുക്കപ്പെട്ടു. ടേക്ക് ഓഫിലൂടെ മഹേഷ് നാരായണൻ മികച്ച നവാഗത സംവിധായകനായി. ക്ലിന്റ് എന്ന ചിത്രത്തിലെ 'ഓളത്തിൻ മേളത്താൽ' എന്ന ഗാനം രചിച്ച കവി പ്രഭാവർമ്മയാണ് മികച്ച ഗാനരചയിതാവ്. 'ഭയാനകം' എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ എം കെ അർജുനൻ മികച്ച സംഗീത സംവിധായകനായി. അരനൂറ്റാണ്ടായി സംഗീതരംഗത്തുള്ള എം കെ അർജുനന് ആദ്യമായാണ് സംസ്ഥാന അവാർഡ് ലഭിക്കുന്നത്.

'തൊണ്ടിമുതലും ദൃക്സാക്ഷി'ക്കും തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്. സ്വനം എന്ന ചിത്രത്തിലെ അഭിനയത്തിന് അഭിനന്ദ് ബാലനടനും രക്ഷാധികാരി ബൈജു (ഒപ്പ്)വിലെ പ്രകടനത്തിന് നക്ഷത്ര ബാലനടിയുമായി.
(പേജ് 5 കാണുക)

പ്രധാന വാർത്തകൾ
Top