17 November Saturday

6000 അധ്യാപകരെ ഈ വർഷം നിയമിക്കും

പ്രത്യേക ലേഖകൻUpdated: Friday Jul 20, 2018



എൽപി, യുപി സ്‌കൂൾ  അധ്യാപകരായി ഈ അധ്യയന വർഷം ആറായിരം പേരെ നിയമിക്കുമെന്ന്‌ പിഎസ്‌സി ചെയർമാൻ  അഡ്വ. എം കെ സക്കീർ. എൽപിഎസ്‌എ, യുപിഎസ്‌എ  അന്തിമ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഇന്റർവ്യൂ മൂന്ന്‌ മേഖലകളിലായി നടക്കുകയാണ്‌. 18,000 പേരെയാണ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ ക്ഷണിച്ചിട്ടുള്ളത്‌. ഇതിനായി 18 ഇന്റർവ്യൂ ബോർഡ‌് രൂപീകരിച്ചു.

റാങ്ക്‌ പട്ടിക ഉടൻ പുറത്തിറക്കുന്നതിനാണ്‌ ഈ ക്രമീകരണം. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‌ കരുത്ത്‌ പകരുന്നതിന്റെ ഭാഗമായാണ്‌ ഈ അധ്യയന വർഷം  നിയമനം നടത്തുന്നത്‌.  കാസർകോട്‌ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആരോഗ്യ മേഖലയിലും പൊലീസിലും വിജ്ഞാപനമിറങ്ങി ഒരു വർഷത്തിനകം റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കും. മറ്റ്‌ റാങ്ക്‌ ലിസ്‌റ്റുകൾ മൂന്ന്‌ വർഷത്തിനകവും പുറത്തിറക്കും. ചെയർമാനായി ചുമതലയേറ്റശേഷം 83,000 നിയമനം നടന്നു. 12,000 ഷോട്ട്‌ ലിസ്‌റ്റും ആയിരത്തിലേറെ റാങ്ക്‌ ലിസ്‌റ്റും പുറത്തിറക്കി. 2009 മുതൽ  തീർപ്പ്‌ കൽപ്പിക്കാത്ത ഫയലുകൾ തീർപ്പാക്കി. 

നിയമപരമായും ഓഫീസ്‌ സംബന്ധമായും  പ്രശ്‌നങ്ങളുള്ളവയെല്ലാം ഇതിൽ ഉൾപ്പെടും. ഇ‐ ഓഫീസിന്റെ പ്രവർത്തനം പൂർണതോതിൽ എത്തുന്നതോടെ  ഫയൽ തീർപ്പാക്കൽ വേഗത്തിലാവും. ഓൺലൈൻ  അപേക്ഷകൾ  ഇ‐ ഓഫീസ്‌ വഴി കൈകാര്യംചെയ്യും. 36,000 ഹാർഡ്‌ ഫയലുകൾ സ്‌കാൻചെയ്‌ത്‌ പിഎസ്‌സി ആസ്ഥാനത്തെ  കംപ്യൂട്ടറിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.
പിഎസ്‌സി ആസ്ഥാനത്തും മൂന്ന്‌ മേഖല ഓഫീസുകളിലും ഇ  ഓഫീസ്‌  പ്രവർത്തനം തുടങ്ങി. ജില്ലാ പിഎസ്‌സി ഓഫീസുകളിൽ  ഇനി മലപ്പുറത്തേ ഇനി ഇ ഓഫീസ്‌ വരാനുള്ളൂ. ആഗസ്‌ത്‌ രണ്ടാംവാരം സമ്പൂർണ ഇ ഓഫീസ്‌ പ്രഖ്യാപനം നടത്തുമെന്നും ചെയർമാൻ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top