18 January Friday

കര്‍മനിരതം, അഭിമാന നേട്ടങ്ങള്‍; നവകേരളം

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് 2017 കര്‍മനിരതമായിരുന്നു. അഭിമാനിക്കാവുന്ന ഒട്ടേറെ പദ്ധതികള്‍; തീരുമാനങ്ങള്‍. സര്‍ക്കാരിന്റെ ദൃഢനിശ്ചയവും ജനങ്ങളോടുള്ള പ്രതിബദ്ധതയും എല്ലാ കാര്യങ്ങളിലും പ്രതിഫലിച്ചു. വാര്‍ഷികപദ്ധതി മൂന്നുമാസം കൂടുമ്പോള്‍ മുഖ്യമന്ത്രി അവലോകനം ചെയ്യുന്നത് പദ്ധതിനടത്തിപ്പില്‍ നല്ല പുരോഗതിയുണ്ടാക്കി.

മുഴുവന്‍ പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളും വാര്‍ഷികപദ്ധതി ജൂണ്‍ 15ന് രാത്രി പന്ത്രണ്ടോടെ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു. പ്രാദേശിക സ്ഥാപനങ്ങളുടെ പദ്ധതികളുടെ കാര്യത്തില്‍ ഇത് സര്‍വകാല റെക്കോഡാണ്. മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികള്‍ ഈവര്‍ഷം മുഖ്യമന്ത്രി അവലോകനം ചെയ്‌തു. ഓരോ വകുപ്പിന്റെയും മൂന്നു പ്രധാന പദ്ധതികളാണ് വിലയിരുത്തിയത്. മുഖ്യമന്ത്രിതലത്തില്‍ പദ്ധതികള്‍ വിലയിരുത്തുന്നത് ആദ്യം.

നവകേരളം കര്‍മപദ്ധതി

ലൈഫ് മിഷന്‍: വീടില്ലാത്ത എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വീട് ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം മുന്നോട്ട്. 14 ജില്ലകളില്‍ പൈലറ്റടിസ്ഥാനത്തില്‍ ഭവന സമുച്ചയ നിര്‍മാണം പുരോഗമിക്കുന്നു.

ഹരിതകേരളം: വര്‍ഷങ്ങളായി തരിശുകിടന്ന 1.31 ലക്ഷം ഹെക്ടറില്‍ നെല്‍ക്കൃഷി ചെയ്തു. ഗ്രൂപ്പ് ഫാമിങ്ങിലൂടെ 77,000 ഹെക്ടറില്‍ കൃഷിവികസനം നടപ്പാക്കി. പരിസ്ഥിതിദിനത്തില്‍ 80 ലക്ഷത്തോളം വൃക്ഷത്തൈ വച്ചുപിടിപ്പിച്ചു. 16,665 കിണറുകളുടെ റീചാര്‍ജിങ് പൂര്‍ത്തിയാക്കി. 3900 കുളം നവീകരിച്ചു. 2466 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കി. 1391 കിലോമീറ്റര്‍ തോടുകള്‍ പുനരുജ്ജീവിപ്പിച്ചു. 17.7 കിലോമീറ്ററില്‍ പുതിയ തോടുകള്‍ നിര്‍മിച്ചു. 521 പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യസംസ്കരണത്തിന് ഹരിത കര്‍മസേനകളെ നിയോഗിച്ചു. 26 ലക്ഷംവീടുകളില്‍ ജൈവമാലിന്യ സംസ്കരണ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. അജൈവമാലിന്യ സംസ്കരണത്തിന് പ്ളാന്റുകള്‍ സ്ഥാപിച്ചുവരുന്നു.

ആര്‍ദ്രം മിഷന്‍: 73 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റി. ആദ്യഘട്ടം  170 കേന്ദ്രങ്ങള്‍ മാറ്റാനാണ് ലക്ഷ്യം. 44 കേന്ദ്രങ്ങള്‍ ഇതിനകം ഉദ്ഘാടനംചെയ്‌തു. ഈ കേന്ദ്രങ്ങളില്‍ മൂന്ന് ഡോക്ടര്‍മാരുടെയും ആവശ്യത്തിന് നേഴ്‌സുമാരുടെയും സേവനം പകല്‍ ഒമ്പതുമുതല്‍ ആറുവരെ ലഭ്യമാക്കുന്നുണ്ട്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം: അടിസ്ഥാനസൌകര്യ വികസനത്തിന് നിയമസഭാമണ്ഡലം അടിസ്ഥാനമാക്കി 141 സ്കൂള്‍ തെരഞ്ഞെടുത്തു. 138 സ്കൂളിന്റെ വികസനരേഖ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചു. ഒരു സ്കൂളിന് അഞ്ചുകോടി രൂപയാണ് ചെലവ്. ഇതിനുപുറമെ ഒരു സ്കൂളിന് മൂന്നുകോടി രൂപ മുതല്‍മുടക്കി വികസനം നടപ്പാക്കാന്‍ 229 സ്‌കൂള്‍ തെരഞ്ഞെടുത്തു. 100 സ്‌കൂളിന്റെ  വികസനരേഖ കിഫ്ബിക്ക് സമര്‍പ്പിച്ചു. 1264 ക്ളാസ്‌മുറികള്‍ ഹൈടെക്കാക്കി.

ലോക കേരളസഭ: കേരളവികസനത്തില്‍ പ്രവാസിമലയാളികള്‍ക്കുകൂടി പങ്കുവഹിക്കാന്‍ കഴിയുന്ന സംവിധാനമാണ് ലോക കേരളസഭ. രാജ്യത്തിനാകെമാതൃകയാകുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനം ജനുവരി 12നും 13നും തിരുവനന്തപുരത്ത് ചേരുകയാണ്. 351 അംഗങ്ങളുള്ള സഭ സ്ഥിരം സംവിധാനമായിരിക്കും. രണ്ടുവര്‍ഷത്തില്‍  ഒരിക്കലെങ്കിലും സഭ സമ്മേളിക്കും.

ദേവസ്വം ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് നിയമനം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി ദളിതരെ ശാന്തിക്കാരായി നിയമിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ശാന്തിനിയമനങ്ങളില്‍ പിന്നോക്ക- ദളിത് വിഭാഗങ്ങള്‍ക്ക് 32 ശതമാനം സംവരണം അനുവദിച്ച് 62 ഒഴിവുകളില്‍ നിയമനം നടത്താന്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശചെയ്‌തു.

നിര്‍മാണമേഖല: ക്വാറികള്‍ നിശ്ചലമായതും മണലിന്റെ രൂക്ഷമായ ക്ഷാമവും നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കിയ പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു. അഞ്ച് ഹെക്ടറോ അതില്‍ കുറവോ ഉള്ള സ്ഥലങ്ങളില്‍ ഖനനത്തിന് പാരിസ്ഥിതിക അനുമതിക്ക് കലക്ടര്‍ ചെയര്‍മാനായി സമിതി രൂപീകരിച്ചു. പാരിസ്ഥിതിക അനുമതി വേഗത്തില്‍ ലഭ്യമാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി.

ഖനനപ്രദേശത്തിന്റെ അതിര്‍ത്തിയില്‍നിന്നുള്ള ദൂരപരിധി ് 50 മീറ്ററായി പുനഃസ്ഥാപിച്ചു.

വിദ്യാഭ്യാസവായ്‌പ സഹായ പദ്ധതി: പ്രൊഫഷണല്‍ കോഴ്‌സിന് വായ്‌പ എടുത്ത് കടക്കെണിയിലായ കുടുംബങ്ങളെ സഹായിക്കാന്‍ വിദ്യാഭ്യാസവായ്‌പ സഹായ പദ്ധതി നടപ്പാക്കി.

പിഎസ്‌സി നിയമനം: വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും നിയമനം നടത്താനും സര്‍ക്കാര്‍ ഊര്‍ജിത നടപടി സ്വീകരിച്ചു. 2017 ജനുവരി ഒന്നുമുതല്‍ നവംബര്‍ 30 വരെ പിഎസ്‌സി 33,275 പേര്‍ക്ക് അഡ്വൈസ് മെമ്മോ നല്‍കി.

ദേശീയപാത: ദേശീയപാത 45 മീറ്റര്‍ വികസിപ്പിക്കാനുള്ള സ്ഥലമെടുപ്പ് വേഗത്തില്‍ പുരോഗമിക്കുന്നു. മലയോര ഹൈവേയും (1251 കിലോമീറ്റര്‍) തീരദേശ ഹൈവേയും (623 കിലോമീറ്റര്‍) 2020 ഡിസംബറില്‍ പൂര്‍ത്തിയാകും.

ജലപാത: കോവളം-കാസര്‍കോട് ദേശീയ ജലപാത 2020 മേയില്‍ പൂര്‍ത്തിയാകും. സിയാലിനും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിപങ്കാളിത്തമുള്ള വാട്ടര്‍വേയ്‌സ് ഇന്‍ഫ്രാസ്ട്രക്ചേ‌ഴ്‌സ് എന്ന കമ്പനി ഇതിനുവേണ്ടി രൂപീകരിച്ചു.

ഗെയില്‍ പൈപ്പ് ലൈന്‍: പൈപ്പിടാന്‍ അനുമതി കൊടുക്കുന്ന സ്ഥല ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ചു. 2018ല്‍ പദ്ധതി പൂര്‍ത്തിയാകും.
പട്ടയം: 38,000 പട്ടയങ്ങള്‍ വിതരണംചെയ്‌തു. ജനുവരിയില്‍ ഇടുക്കിയില്‍മാത്രം 6000 പട്ടയം വിതരണംചെയ്യും.

പൊലീസ്: കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതികളെ പിടികൂടി നിയമത്തിനുമുന്നില്‍ എത്തിക്കാനായി. സ്ത്രീസുരക്ഷയ്ക്ക് ശക്തമായ നടപടികള്‍. പിങ്ക് പട്രോള്‍, പിങ്ക് ബീറ്റ്, സ്വയം പ്രതിരോധ പരിശീലനം, പഞ്ചായത്തുതല അദാലത്ത് എന്നിവ നടപ്പാക്കി. വനിത ബറ്റാലിയന്‍ രൂപീകരിച്ചു. ജനമൈത്രിപദ്ധതി എല്ലാ സ്റ്റേഷനിലും വ്യാപിപ്പിക്കും.

ഐടി: സാധാരണക്കാര്‍ക്കുകൂടി ഇന്റര്‍നെറ്റ് ലഭ്യമാക്കാനും കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതിക്ക് പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരണം അന്തിമഘട്ടത്തില്‍. 2018 ഫെബ്രുവരിയില്‍ ടെന്‍ഡര്‍ ക്ഷണിക്കും. ആയിരം കോടി രൂപയാണ് പദ്ധതിക്ക് മൊത്തം മുതല്‍മുടക്ക്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നാലുലക്ഷം ചതുരശ്ര അടിയുള്ള 'ജ്യോതിര്‍മയ' പൂര്‍ത്തിയായി.  കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍  മൂന്നുലക്ഷം ചതുരശ്ര അടിയുള്ള 'സഹ്യ' പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് 400 ഏക്കറില്‍ ടെക്നോ പദ്ധതിക്ക് രാഷ്ട്രപതി തുടക്കംകുറിച്ചു.

റെയില്‍വേ: കേരളത്തിന്റെ ഭാവി റെയില്‍വേ വികസനം മുന്നില്‍ക്കണ്ട് ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് സര്‍ക്കാര്‍ കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ചു. തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ നിലവിലുള്ള രണ്ടുവരിപ്പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ ഏറ്റെടുക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

കെഎഎസ്: സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ രണ്ടാംനിരയുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരിച്ചു. ജനുവരി ഒന്നിന് കെഎഎസ് നിലവില്‍വരും.

വ്യവസായം: സംസ്ഥാനത്തെ പൊതുമേഖല വ്യവസായങ്ങളില്‍ 13 എണ്ണം ലാഭത്തിലാക്കി. വ്യവസായ- വാണിജ്യ അന്തരീക്ഷം കൂടുതല്‍  മെച്ചപ്പെടുത്താന്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സിയായി കെഎസ്ഐഡിസിയെ നിയോഗിച്ചു. ഇതിനുവേണ്ടി വിവിധ നിയമങ്ങള്‍ ഭേദഗതി ചെയ്‌തു.

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴാംതരം വരെയുള്ള കുട്ടികള്‍ക്ക് യൂണിഫോം സൌജന്യമായി നല്‍കുന്നതിന്റെ ഭാഗമായി 25 ലക്ഷം മീറ്റര്‍ കൈത്തറി ഉല്‍പ്പാദനം ആരംഭിച്ചു. 18നും 45നും മധ്യേയുള്ള യുവജനങ്ങളെ കൈത്തറി മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് 'യുവ-വീവ്' പദ്ധതി ആരംഭിച്ചു.

കായികം: ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 72 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട ഫുട്ബോള്‍ താരം സി കെ വിനീതിന് ജോലി നല്‍കി. പി യു ചിത്രയ്ക്ക് പരിശീലനത്തിന് സാമ്പത്തികസഹായം അനുവദിച്ചു.

പുരാരേഖ: ആറുലക്ഷം പേപ്പര്‍ രേഖകളുടെയും രണ്ടുലക്ഷം താളിയോലകളുടെയും ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കി.

മ്യൂസിയം: തിരുവനന്തപുരം നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുങ്കുമച്ചിറ മ്യൂസിയത്തിന്റെ രണ്ടാംഘട്ട നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

സഹകരണം: ജില്ലാ സഹകരണ ബാങ്കുകളെ സമന്വയിപ്പിച്ച് കേരള ബാങ്ക്  രൂപീകരിക്കാനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാകുന്നു. അടുത്ത ചിങ്ങം ഒന്നിന് ബാങ്ക് നിലവില്‍വരും. സഹകരണവകുപ്പില്‍ ഇ-ഗവേണന്‍സ് നടപ്പാക്കി. പ്രാഥമിക ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്വേര്‍ ഏര്‍പ്പെടുത്തി. ഈവര്‍ഷം 2060 ക്രിസ്മസ് ചന്തകളും 3600 ഓണച്ചന്തകളും നടത്തി.

കണ്‍സ്യൂമര്‍ ഫെഡ്: കണ്‍സ്യൂമര്‍ ഫെഡിന് 64 കോടി രൂപ പ്രവര്‍ത്തന ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി അഞ്ചുലക്ഷം വൃക്ഷത്തൈ നട്ടു.

ടൂറിസം: ടൂറിസം നയം ആവിഷ്‌കരിച്ചു. ഹൌസ് ബോട്ട് ട്രാക്കിങ് സിസ്റ്റം നടപ്പാക്കി. പൊതുമരാമത്ത്: വൈറ്റില ഫ്ളൈ ഓവര്‍ പ്രാവര്‍ത്തികമായി. ജില്ലകളില്‍ സോഷ്യല്‍ ഓഡിറ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍  ഡിസൈന്‍ വിഭാഗത്തിന്റെ മേഖല ഓഫീസുകള്‍ തുറന്നു.

രജിസ്ട്രേഷന്‍: ഇ-സ്റ്റാമ്പിങ്, ഇ-പേമെന്റ് സംവിധാനം ആരംഭിച്ചു. 51 കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ഭരണാനുമതി.

വൈദ്യുതി: വനമധ്യത്തിലുള്ള ഇടമലക്കുടിയിലടക്കം കേരളമെങ്ങും സമ്പൂര്‍ണ വൈദ്യുതീകരണം. 1,51,076 വീടുകളില്‍ വൈദ്യുതി എത്തിച്ചു. 10,000 കോടി രൂപ മുതല്‍മുടക്കുള്ള ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

സോളാര്‍ പാര്‍ക്കിലെ 50 മെഗാവാട്ട് ഉള്‍പ്പെടെ 142 മെഗാവാട്ടിന്റെ അധികോല്‍പ്പാദനം. 2016-17ലെ ദേശീയ ഊര്‍ജസംരക്ഷണ അവാര്‍ഡ് കേരളം സ്വന്തമാക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും നാണ്യവിളകളുടെ കൃഷിക്കും സൌജന്യനിരക്കില്‍ വൈദ്യുതി.

മത്സ്യബന്ധനം-തുറമുഖം: കടലാക്രമണത്തിനിരയായി വീടും ഭൂമിയും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ 192 ആധുനിക ഫ്ളാറ്റുകള്‍ തിരുവനന്തപുരത്ത് മുട്ടത്തറയില്‍ പൂര്‍ത്തീകരിച്ചു. 1980ലെ കേരള സമുദ്രമത്സ്യബന്ധനനിയമം സമഗ്രമായി പരിഷ്‌കരിച്ചു.

ഭൂരഹിതരും ഭവനരഹിതരുമായ 1800  മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും സ്വന്തമാക്കുന്നതിന് പത്തുലക്ഷം രൂപവീതം അനുവദിച്ചു. കടലില്‍  അടിഞ്ഞുകൂടിയ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന 'ശുചിത്വസാഗരം' പദ്ധതിക്ക് തുടക്കംകുറിച്ചു. 

കശുവണ്ടിവ്യവസായം: കേരളത്തിലെ കശുവണ്ടിവ്യവസായം സംരക്ഷിക്കാനും 95 ശതമാനത്തിലധികം സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുലക്ഷത്തോളം പേരുടെ തൊഴില്‍  ഉറപ്പുവരുത്താനുമായി കേരള കാഷ്യൂ ബോര്‍ഡ് എന്ന പേരില്‍ കമ്പനി രൂപീകരിച്ചു.

തൊഴില്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു. അപകടമരണ ഇന്‍ഷുറന്‍സായി രണ്ടുലക്ഷം രൂപ നല്‍കും. കുറഞ്ഞ ചെലവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസസൌകര്യം ലഭ്യമാകുന്ന 'അപ്‌നാ ഘര്‍' പദ്ധതി കഞ്ചിക്കോട്ട് തുടങ്ങി. എട്ടു പുതിയ ഐടിഐ ആരംഭിച്ചു.

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിനെ സംസ്ഥാന നൈപുണ്യ വികസന മിഷനായി ചുമതലപ്പെടുത്തി. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ഇലക്ട്രോണിക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളാക്കി മാറ്റി 24 മണിക്കൂറും സേവനം ലഭ്യമാക്കി. പേര് രജിസ്റ്റര്‍ ചെയ്‌ത ഭിന്നശേഷിക്കാര്‍ക്ക് കൈവല്യ സമഗ്ര തൊഴില്‍  പുനരധിവാസപദ്ധതി ആരംഭിച്ചു. 

എക്സൈസ്: ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിമുക്തി പദ്ധതി ബഹുജനപങ്കാളിത്തത്തോടെ നടപ്പാക്കിവരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡി-അഡിക്ഷന്‍ സെന്റര്‍ കോഴിക്കോട് കിനാലൂരില്‍ 40 ഏക്കര്‍ സ്ഥലത്ത് തുടങ്ങാന്‍ നടപടിയായി.

ട്രാന്‍സ്‌ജെ‌‌ന്‍ഡര്‍: ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംസ്ഥാനതല ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് രൂപീകരിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ഐഡി കാര്‍ഡ് നല്‍കി. ഇവര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കാനും അഭികാമ്യമായ തൊഴില്‍മേഖലകളില്‍ നൈപുണ്യ വികസന പരിശീലനം നല്‍കാനും നടപടി. 60 കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് പെന്‍ഷന്‍. തുടര്‍വിദ്യാഭ്യാസപദ്ധതി.

ഭിന്നശേഷി: ഭിന്നശേഷിസൌഹൃദ കേരളത്തിനായുള്ള സമഗ്രപദ്ധതി 'അനുയാത്ര' ആരംഭിച്ചു. 15 ഉപപദ്ധതികള്‍ക്ക് ഭരണാനുമതി. അംഗപരിമിതര്‍ക്കായുള്ള പിഎസ്‌സിയിലെ സംവരണം 33, 66, 99 ആയിരുന്നത് 1, 34, 67 ആക്കി. അംഗപരിമിതരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് 'വിദ്യാകിരണം' പദ്ധതി. അംഗപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവയ്ക്കുള്ള ധനസഹായം നല്‍കാന്‍ 'വിദ്യാജ്യോതി'.

പട്ടികജാതി-വര്‍ഗം: ഉന്നതനിലവാരമുള്ള വിദേശ സര്‍വകലാശാലയില്‍ പഠിക്കാന്‍ പട്ടികജാതി- വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കി. ചികിത്സാസഹായം അതിവേഗം ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം. ഒന്നുമുതല്‍  എട്ടുവരെ ക്ളാസുകളിലെ കുട്ടികള്‍ക്കായി പ്രാഥമിക വിദ്യാഭ്യാസസഹായം എന്ന നിലയില്‍ ലംപ്സം ഗ്രാന്റിനുപുറമെ 2000 രൂപ അധികം അനുവദിച്ചു. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ഗോത്ര ബന്ധു പദ്ധതിപ്രകാരം 241 അധ്യാപകരെ നിയമിച്ചു. പട്ടികജാതിക്കാര്‍ക്ക് ഏഴായിരവും പട്ടികവര്‍ഗക്കാര്‍ക്ക് ആറായിരവും പുതിയ വീടുകള്‍ അനുവദിച്ചു.

ഭക്ഷ്യ-പൊതുവിതരണം: ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുശാസിക്കുന്ന വാതില്‍പ്പടി വിതരണം എല്ലാ ജില്ലയിലും നിലവില്‍വന്നു. റേഷന്‍ കടകളിലെ ആട്ടവിതരണം പുനഃസ്ഥാപിച്ചു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പുതിയ റേഷന്‍ കാര്‍ഡിന്റെ അച്ചടിയും വിതരണവും 98 ശതമാനം പൂര്‍ത്തീകരിച്ചു. റേഷന്‍ മുന്‍ഗണനാ പട്ടികയിലെ 2.47 ലക്ഷംവരുന്ന അനര്‍ഹരെ കണ്ടെത്തി പുറത്താക്കി. ഒഴിവാക്കപ്പെട്ട അത്രയുംതന്നെ അര്‍ഹരെ ഉള്‍പ്പെടുത്തി. റേഷന്‍ വിതരണത്തിന് ആധാര്‍ അധിഷ്ഠിതമായ ബയോമെട്രിക് സംവിധാനമായ ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ നടപടി പൂര്‍ത്തീകരിച്ചു.

കൃഷി: 10,672 ഹെക്ടര്‍ സ്ഥലത്ത് ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. 2300 സംയോജിത മാതൃകാ കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിച്ചുവരുന്നു. നെല്‍ക്കൃഷി ഭൂമിയുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്ടറായി വര്‍ധിപ്പിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പാക്കി. കര്‍ഷക ക്ഷേമനിധി ആക്ട് രൂപീകരണം അവസാനഘട്ടത്തിലാണ്. സമഗ്ര പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു.

ട്രോമ കെയര്‍: റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് പെട്ടെന്ന് വിദഗ്‌ധചികിത്സ ലഭ്യമാക്കാന്‍ ട്രോമ കെയര്‍ പദ്ധതി നടപ്പാക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ 48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍നിന്നോ ബന്ധുക്കളില്‍നിന്നോ പണമൊന്നും ഈടാക്കാതെ വിദഗ്ധചികിത്സ ലഭ്യമാക്കും.

ശബരിമല: ശബരിമലയിലെ അടിസ്ഥാനസൌകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 204 കോടി രൂപ അനുവദിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 100 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍കൂടി ചേരുമ്പോള്‍ 304 കോടി രൂപയുടെ അടിസ്ഥാനസൌകര്യ വികസനപദ്ധതികളാണ് പൂര്‍ത്തിയാകുന്നത്. തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന പത്തനംതിട്ട, കോട്ടയം. ഇടുക്കി ജില്ലകളിലെ 23 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീര്‍ഥാടകര്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കാനായി സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു.

ഷാര്‍ജ സുല്‍ത്താന്റെ ചരിത്രസന്ദര്‍ശനം

ഷാര്‍ജ സുല്‍ത്താന്‍ ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനം ചരിത്രവിജയമായി. സെപ്തംബര്‍ 24 മുതല്‍ 27 വരെയായിരുന്നു സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് ഷാര്‍ജ ജയിലുകളില്‍ മൂന്നുവര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ ഉത്തരവിട്ടു. 149 ഇന്ത്യക്കാര്‍ ജയില്‍മോചിതരായി. ഷാര്‍ജയുടെ സഹകരണം ആവശ്യപ്പെട്ട് എട്ടു പദ്ധതിനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. സുല്‍ത്താനോടുള്ള ആദരസൂചകമായി തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം പണിയാന്‍ 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും.

നമ്മുടെ അഭിമാനം നമ്മുടെ മെട്രോ

കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് പുതുവേഗം നല്‍കി കൊച്ചി മെട്രോ റെയില്‍ സര്‍വീസ് ആരംഭിച്ചു. ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള 13.6 കി.മീ ആദ്യഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു. പാലാരിവട്ടംമുതല്‍ മഹാരാജാസ്വരെയുള്ള അഞ്ചു കി.മീ രണ്ടാംഘട്ടം മുഖ്യമന്ത്രിയും ഉദ്ഘാടനംചെയ്‌തു.  മഹാരാജാസ് മുതല്‍ പേട്ടവരെയുള്ള 6.7 കി.മീ അവസാനഘട്ട നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. കണ്ണൂര്‍ വിമാനത്താവളനിര്‍മാണം അവസാനഘട്ടത്തിലാണ്. 2018ല്‍ അവിടെനിന്ന് വിമാനങ്ങള്‍ പറന്നുയരും.

സൂര്യാഘാതമേറ്റ് യുഡിഎഫ്

സോളാര്‍ കേസില്‍ ജി ശിവരാജന്‍ കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സോളാര്‍ ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് മന്ത്രിസഭയിലെ ചില മന്ത്രിമാരും ജനപ്രതിനിധികളും സരിത എസ് നായരുടെയും കമ്പനിയുടെയും തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്ന് കമീഷന്‍ കണ്ടെത്തല്‍. സരിതയുടെ കത്തിലെ വിവരങ്ങള്‍ അന്വേഷിക്കാനും ശുപാര്‍ശ. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് പ്രത്യേക സഭാസമ്മേളനം വിളിച്ച് സഭയില്‍ വച്ചു. കമീഷന്‍ കണ്ടെത്തലുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

കള്ളക്കഥ പൊളിച്ച് കോടതി

വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച ലാവ്ലിന്‍ കേസിലെ വിചാരണനടപടികളില്‍നിന്ന് പിണറായി വിജയനെ ഹൈക്കോടതി ഒഴിവാക്കി. പിണറായി വിജയനെ വിചാരണ ചെയ്യാനോ പ്രതിചേര്‍ക്കാനോ ആവശ്യമായ ഒരു തെളിവും സിബിഐക്ക് കണ്ടെത്താനായില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി. പിണറായിയെ ഒഴിവാക്കിയ സിബിഐ പ്രത്യേക കോടതി വിധിയെ ചോദ്യംചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

അഭിനയ സൌരഭ്യം

പതിനാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം സുരഭി ലക്ഷ്മി മലയാളത്തിലെത്തിച്ചു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭി അവാര്‍ഡ് സ്വന്തമാക്കിയത്. മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.

ഫാ. ടോമിന് മോചനം

തെക്കന്‍ യമനിലെ ഏഡനില്‍നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പാലാ രാമപുരം സ്വദേശി ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. സെപ്‌തംബര്‍ 12നാണ് മോചനവാര്‍ത്ത പുറത്തുവന്നത്.

ദിലീപിന്റെ അറസ്റ്റ്

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് ദിലീപ് അറസ്റ്റില്‍. പിന്നീട് ജാമ്യത്തിലിറങ്ങി. ക്വട്ടേഷന്‍ നടപ്പാക്കിയ സുനില്‍കുമാറാ (പള്‍സര്‍ സുനി)ണ് ഒന്നാംപ്രതി, ദിലീപിനെ എട്ടാംപ്രതിയാക്കി നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 12 പ്രതികള്‍. ദിലീപിന് നടിയോടുള്ള പകയാണ് ക്വട്ടേഷന് കാരണമെന്ന് കുറ്റപത്രം. ഈ സംഭവത്തെതുടര്‍ന്ന് സിനിമാമേഖലയിലെ ചൂഷണവും പകപോക്കലും വലിയ ചര്‍ച്ചയായി.

അമീറുളിന് തൂക്കുകയര്‍

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ഏകപ്രതി അമീറുള്‍ ഇസ്ളാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്‌ജി എന്‍ അനില്‍കുമാറാണ് വധശിക്ഷ വിധിച്ചത്. 2016 ഏപ്രില്‍ 28ന് വൈകിട്ടാണ് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയില്‍ കനാല്‍ പുറമ്പോക്കിലെ കുടിലില്‍ ജിഷയെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 14ന് തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്ന് അമീറുളിനെ അറസ്റ്റ് ചെയ്‌തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top