17 December Monday
മന്ത്രിസഭ തീരുമാനങ്ങള്‍

മത്സ്യത്തൊഴിലാളികള്‍ക്ക് നാവിക് ഉപകരണങ്ങളും സാറ്റ്‌ലൈറ്റ് ഫോണും ലഭ്യമാക്കാന്‍ 25.36 കോടി; കുട്ടനാടിന്റെ ജീവിതവും കൃഷിയും സംബന്ധിച്ച് പഠനം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 13, 2018


തിരുവനന്തപുരം > മത്സ്യത്തൊഴിലാളികള്‍ക്ക് നാവിക് ഉപകരണങ്ങളും സാറ്റ്‌ലൈറ്റ് ഫോണും ലഭ്യമാക്കാനുളള 25.36 കോടി രൂപയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. 15,000 മത്സ്യബന്ധന യാനങ്ങള്‍ക്കാണ് നാവിക് ഉപകരണം നല്‍കുന്നത്. 1500 കിലോമീറ്റര്‍ വരെ കവറേജ് ഏരിയ ഉള്ള നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം എന്നിവ ഉള്‍പ്പെടെയുളള പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യബന്ധ സാധ്യതാ മേഖല എന്നിവ സംബന്ധിച്ചും സന്ദേശം നല്‍കാനാകും.
 
ഐഎസ്ആര്‍ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെല്‍ട്രോണാണ് നാവിക് ഉപകരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. 15,000 ഉപകരണങ്ങള്‍ക്ക് 15.93 കോടി രൂപയാണ് ചെലവ്. രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കുന്നതിനും മത്സ്യബന്ധനത്തിനിടെയുളള അപകടങ്ങള്‍ കുറയ്ക്കുന്നതിനും നാവിക് ഫലപ്രദമാണ്.

തീരദേശ ജില്ലകളില്‍ നിന്ന് പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ കൂടുതല്‍ ദൂരത്തേക്ക് മീന്‍ പിടിക്കാന്‍ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 15,000 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുക. ആയിരം മത്സ്യത്തൊഴിലാളികള്‍ക്കാണ് 9.43 കോടി രൂപ ചെലവില്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കുന്നത്.

ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ തമ്മില്‍ ആശയവിനിമയം നടത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും സാറ്റ്‌ലൈറ്റ് ഫോണ്‍ പ്രയോജനപ്പെടും. ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് ഈ പരിപാടി നടപ്പാക്കുന്നത്. ഒരു യൂണിറ്റിന് 94,261 രൂപയാണ് സാറ്റ്‌ലൈറ്റ് ഫോണിന്റെ വില.

 ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നല്‍കണം. നാവിക് ഉപകരണത്തിനും സാറ്റ്‌ലൈറ്റ് ഫോണിനും ആവശ്യമായ 25.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് (ഓഖി ഫണ്ട്) വിനിയോഗിക്കും.

ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപാധികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട എട്ട് പേര്‍ക്കും ഭാഗികമായി നഷ്ടപ്പെട്ട 81 പേര്‍ക്കും നഷ്ടപരിഹാരമായി 1.78 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപാധികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട രജിസ്‌ട്രേഷനും ലൈസന്‍സുമില്ലാത്ത മൂന്നു യൂണിറ്റുകള്‍ക്കും ഭാഗികമായി നഷ്ടപ്പെട്ട 113 യൂണിറ്റുകള്‍ക്കും 22.52 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യും.

നഷ്ടപരിഹാരം ലഭിക്കുന്നതിനു മുമ്പ് യാനങ്ങള്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന നിബന്ധനകളോടെയാണ് ഈ ആനുകൂല്യം അനുവദിക്കുന്നത്. 40,000 മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് വാങ്ങുന്നതിന് 610 ലക്ഷം രൂപയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ (ഓഖി ഫണ്ട്) നിന്ന് വിനിയോഗിക്കും.

ലൈഫ് ജാക്കറ്റിന് ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 250 രൂപ നല്‍കണം. കോഴിക്കോട് ജില്ലയില്‍ ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപാധികള്‍ ഭാഗികമായി നഷ്ടപ്പെട്ട പുത്തന്‍പുരയില്‍ മെഹമൂദിന് 1.48 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ചു. മെഹമൂദിന്റെ പേര് നേരത്തെ പട്ടികയില്‍ നിന്ന് വിട്ടുപോയതായിരുന്നു.

തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ പുതിയതായി ആരംഭിച്ച എംഎസ്‌സി കെമിസ്ട്രി കോഴ്‌സിലേക്ക് രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള നാളികേര വികസന കൗണ്‍സില്‍

നാളികേര കൃഷിയുടെ വിസ്തൃതിയും ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് കേരള നാളികേര വികസന കൗണ്‍സില്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറില്‍ നിന്ന് 9.25 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കുക, രോഗം ബാധിച്ചതും ഉല്‍പാദനക്ഷമത നശിച്ചതുമായ തെങ്ങുകള്‍ക്കു പകരം അത്യുല്‍പാദന ശേഷിയുളള തൈകള്‍ വെച്ചുപിടിപ്പിക്കുക, ഉല്‍പാദനക്ഷമത ഹെക്ടറിന് 8500 നാളികേരമായി ഉയര്‍ത്തുക, നാളികേരത്തിന്റെ മൂല്യവര്‍ധന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് വികസന കൗണ്‍സിലിന്റെ ലക്ഷ്യങ്ങള്‍.

 കൃഷി മന്ത്രി ചെയര്‍മാനായുളള കൗണ്‍സിലില്‍ കൃഷിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെയും കേര കര്‍ഷകരുടെയും ഉല്‍പാദന കമ്പനികളുടെയും  പ്രതിനിധികള്‍  അംഗങ്ങളായിരിക്കും. കൗണ്‍സിലിന് ജില്ലാതലത്തിലും സമിതികള്‍ ഉണ്ടാകും.

പ്രശസ്ത ചലച്ചിത്രകാരനും കെഎസ്എഫ്ഡിസി ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് 30 ലക്ഷം രൂപ കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്ന് പ്രത്യേക കേസായി അനുവദിക്കുന്നതിന് തീരുമാനിച്ചു.

പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സുകേശനെ കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡ് എം.ഡി.യായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചു.

നവംബര്‍ 27-ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ പരിഗണിക്കേണ്ട ബില്ലുകളുടെ മുന്‍ഗണനാക്രമം മന്ത്രിസഭ അംഗീകരിച്ചു.

 പുനര്‍നിര്‍മാണം: യു.എന്‍. ശുപാര്‍ശകള്‍ ഉപദേശക സമിതി അംഗീകരിച്ചു

പ്രളയാനന്തര പുനര്‍നിര്‍മാണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടിലെ (പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്സ്‌മെന്റ്) നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതിയോഗം അംഗീകരിച്ചു. റിപ്പോര്‍ട്ട് സമഗ്രവും എല്ലാമേഖലകളെയും സ്പര്‍ശിക്കുന്നതുമാണെന്ന് സമിതി അംഗങ്ങള്‍ പൊതുവെ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു. ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ടി.കെ.എ. നായര്‍, ഡോ. കെ.പി. കണ്ണന്‍, വി. സുരേഷ്, ഡോ. കെ.എം. അബ്രഹാം, ഡോ.വി. വേണു, എം. ശിവശങ്കര്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോ.മുരളി തുമ്മാരുകുടിയും യോഗത്തില്‍ പങ്കെടുത്തു.

നദീതടസംരക്ഷണത്തിന് കേരള റിവര്‍ ബേസിന്‍ അതോറിറ്റി വേണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. കുട്ടനാട്ടിലെ ജനങ്ങളുടെ ജീവിതവും കൃഷിയും സംരക്ഷിക്കുന്നതിനെക്കുറിച്ച് ആസൂത്രണ ബോര്‍ഡ് പഠനം നടത്തും. ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെയാണ് പഠനം നടത്തുക.

വീടുകളുടെ പുനര്‍നിര്‍മാണത്തിന് പൊതുമാതൃക സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുനര്‍നിര്‍മാണം നടത്തുമ്പോള്‍ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുളള നടപടികള്‍ താഴെതലം വരെ ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉപദേശക സമിതിയുടെ രണ്ടാമത്തെ യോഗമാണ് ചൊവ്വാഴ്ച ചേര്‍ന്നത്.

അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ വിശദമായി പഠിച്ച് ശുപാര്‍ശ തയ്യാറാക്കാനും യോഗം തീരുമാനിച്ചു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top