14 November Wednesday

ട്രെയിൻ ഗതാഗതം നിലച്ചു

സ്വന്തം ലേഖകൻUpdated: Friday Aug 17, 2018

തിരുവനന്തപുരം > കനത്തമഴയും മണ്ണിടിച്ചിലുംകാരണം സംസ്ഥാനത്ത‌് ട്രെയിൻ സർവീസ‌് താറുമാറായി. ആലുവയിൽ ജലനിരപ്പ‌് പാലത്തിനൊപ്പം എത്താറായതിനെ തുടർന്നാണ‌് വ്യാഴാഴ‌്ച പുലർച്ചെ മുതൽ ആലുവയ‌്ക്കും അങ്കമാലിക്കുമിടയിൽ ട്രെയിനുകൾ പിടിച്ചിട്ടത‌്.  വെള്ളംകുറഞ്ഞ‌്  പരിശോധനയ‌്ക്കുശേഷമേ ട്രെയിനുകൾ കടത്തിവിടുകയുള്ളുവെന്ന‌് റെയിൽവേ അധികൃതർ അറിയിച്ചു. 

വ്യാഴാഴ‌്ച രാവിലെമുതൽ തിരുവനന്തപുരത്തുനിന്ന‌് പുറപ്പെട്ട ട്രെയിനുകളെല്ലാം എറണാകുളത്തിനിടയിൽ വിവിധ സ‌്റ്റേഷനുകളിൽ പിടിച്ചിട്ടു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളും ആലുവയ‌്ക്ക‌് മുമ്പ‌് വിവിധ സ‌്റ്റേഷനുകളിൽ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന‌് ആലപ്പുഴവഴി എറണാകുളംവരെ  ട്രെയിൻ സർവീസ‌് നടത്തുന്നുണ്ട‌്.

കോട്ടയം വഴിയുള്ള സർവീസ‌് പൂർണമായി നിർത്തി. മംഗളൂരു സെൻട്രൽ തിരുവനന്തപുരം മാവേലി, കണ്ണൂർ ‐തിരുവനന്തപുരം ജനശതാബ‌്ദി എക‌്സ‌്പ്രസുകൾ ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു.  തിരുവനന്തപുരം‐ കോർബ എക‌്സ‌്പ്രസ‌്  കോട്ടയത്തുനിന്ന‌് തിരികെ തിരുവനന്തപുരത്ത‌് എത്തിച്ച‌് തിരുനെൽവേലി വഴി പോകും.

തെന്മലയിൽ മണ്ണിടിച്ചിലിനെത്തുടർന്ന‌് കൊല്ലം‐ചെങ്കോട്ട റൂട്ടിലും  സർവീസ‌് നിർത്തിയിട്ടുണ്ട‌്. വടക്കാഞ്ചേരി അകമലയിൽ ട്രാക്കിലേക്ക‌് മണ്ണിടിഞ്ഞ‌് വീണതും ഗതാഗത തടസ്സത്തിനിടയാക്കി. നാഗർകോവിലിന‌് സമീപം ഇരണിയലിലും ട്രാക്കിലേക്ക‌് മണ്ണിടിഞ്ഞു. വ്യാഴാഴ‌്ചത്തെ ഷൊർണൂർ‐എറണാകുളം പാസഞ്ചർ (56361 ), കോഴിക്കോട‌്‐തൃശൂർ‐കോഴിക്കോട‌് പാസഞ്ചർ, ആലപ്പി‐ധൻബാദ‌് എക‌്സ‌്പ്രസ‌്, കൊച്ചുവേളി‐ലോകമാന്യതിലക‌് ഗരീബ‌് രഥ‌്, നേത്രാവതി എക‌്സ‌്പ്രസ‌്, മംഗള എക‌്സ‌്പ്രസ‌് കണ്ണൂർ‐എറണാകുളം ഇന്റർസിറ്റി എന്നിവ റദ്ദാക്കി. തിരുവനന്തപുരം‐കോർബ നാഗർകോവിൽവഴി തിരിച്ചുവിട്ടു. ഹൂബ്ലിയിൽനിന്നുപുറപ്പെട്ട ഹൂബ്ലി‐കൊച്ചുവേളി എക്സ്പ്രസ് ( 12777) തൃശൂരിൽ യാത്ര അവസാനിപ്പിച്ചു. 

ചെന്നൈ സെൻട്രലിൽനിന്നുപുറപ്പെട്ട ചെന്നൈ‐ തിരുവനന്തപുരം സൂപ്പർഫാസ്റ്റ്        എക്സ്പ്രസും( 12695)  കാരയ്ക്കൽ എറണാകുളം എക്സ്പ്രസും (16187) പാലക്കാട് ജങ‌്ഷനിൽ യാത്ര അവസാനിപ്പിച്ചു. കൊച്ചുവേളി‐ ഹൂബ്ലി എക്സ്പ്രസിന്റെ  (12778) സർവീസ് കൊച്ചുവേളിമുതൽ തൃശൂർവരെ റദ്ദാക്കി.  തിരുവനന്തപുരം‐ ചെന്നൈ സൂപ്പർഫാസ്റ്റിന്റെ (12696) തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. എറണാകുളം‐കാരയ്ക്കൽ എക്സ്പ്രസ് ( 16188) എറണാകുളത്തിനും പാലക്കാടിനുമിടയിൽ ഓടിയില്ല. 

കേരള എക‌്സ‌്പ്രസ‌്, ജയന്തി ജനത, ശബരി എക‌്സ‌്പ്രസ‌് എന്നിവ തിരുനെൽവേലി വഴിയാണ‌് സർവീസ‌് നടത്തിയത‌്. തിരുവനന്തപുരം‐നിസാമുദ്ദീൻ രാജധാനി എക‌്സ‌്പ്രസ‌്  മധുര‐ഇൗറോഡ‌് വഴി തിരിച്ചുവിട്ടു. ശ്രീ മഹാ വിഷ‌്ണോദേവി കാത്ര‐തിരുനെൽവേലി‐ കന്യാകുമാരി ഹിമസാഗർ എക‌്സ‌്പ്രസ‌് ഈറോഡ‌്, തിരുച്ചിറപ്പള്ളി, വിരുദുനഗർ മധുര വഴി തിരിച്ചുവിട്ടു.     

തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ‌്റ്റേഷനിൽനിന്ന‌് ടിക്കറ്റ‌് വിതരണം താൽക്കാലികമായി നിർത്തി. എറണാകുളം ജങ്ഷൻ, ടൗൺ സ‌്റ്റേഷനുകളിലും വിതരണം നിർത്തിയിട്ടുണ്ട‌്.  റദ്ദാക്കിയ ട്രെയിനുകളിലെ യാത്രക്കാർക്ക‌് തുക തിരികെ നൽകാനും സംവിധാനമൊരുക്കി. സംശയങ്ങൾക്ക‌് 138 എന്ന നമ്പറിൽ വിളിക്കാം. കൺട്രോൾ റൂമിൽ കൂടുതൽ ജീവനക്കാരെയും നിയോഗിച്ചു.  പലയിടത്തും വെള്ളം ഉയർന്ന സാഹചര്യത്തിൽ ട്രാക്കുകളുടെയും റെയിൽവേ പാലങ്ങളുടെയും സുരക്ഷ എൻജിനിയറിങ് വിഭാഗം പരിശോധിക്കുകയാണ‌്. സർവീസ‌് നടത്താനാകുന്ന സ്ഥലങ്ങളിൽ വേഗംകുറച്ചാകും സർവീസ‌്. ട്രെയിൻ ഗതാഗതം താളം തെറ്റിയതോടെ യാത്രക്കാർ കെഎസ‌്ആർടിസിയെയും സ്വകാര്യ ബസുകളെയുമാണ‌് ആശ്രയിച്ചത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top