17 November Saturday

മറ്റു സംസ്ഥാനങ്ങള്‍ക്ക് കേരളം നല്‍കിയ സഹായം വിക്കിപീഡീയയില്‍ നിന്ന് വെട്ടിമാറ്റി സംഘപരിവാര്‍; ഏറ്റുപിടിച്ച് നേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

കൊച്ചി > പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന കേരളത്തെ പിന്നില്‍ വീണ്ടും ആഞ്ഞുകുത്തി സംഘപരിവാര്‍. മറ്റു സംസ്ഥാനങ്ങള്‍ പ്രകൃതിദുരന്തങ്ങളും മറ്റുപ്രയാസങ്ങളും അനുഭവിക്കുന്ന വേളയില്‍ ആ സംസ്ഥാനങ്ങള്‍ക്ക് കേരളം നല്‍കിയ സഹായങ്ങളുടെ കണക്ക് വിക്കിപീഡീയയില്‍ നിന്ന് വെട്ടി മാറ്റിയിരിക്കുകയാണ് സംഘപരിവാര്‍. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിക്കിപീഡീയയുടെ എഡിറ്റഡ് വേര്‍ഷനുമായാണ് ഫേസ്ബുക്കില്‍ കേരളത്തിനെതിരെ ക്യാംപെയ്ന്‍ നടത്തുന്നത്.

കഴിഞ്ഞ ദിവസം ബിജെപി നേതാവ് കെ സുരേന്ദ്രന്‍  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക്‌  ഒരു സഹായവും നല്‍കിയില്ലെന്നാണ് രേഖപ്പെടുത്തിയിരുന്നുത്. രണ്ടു ദിവസം മുമ്പ് സമാനമായ പ്രസ്താവന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും നടത്തിയിരുന്നു.  മറ്റു സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ നടന്നപ്പോള്‍ കേരളം പത്തു പൈസ പോലും ധനസഹായം നല്‍കിയില്ലെന്ന വിവാദ പ്രസ്താവനയാണ്  ശ്രീധരന്‍ പിള്ള നടത്തിയത്.

 ഗുജറാത്ത് ഭൂകമ്പം, തമിഴ്‌നാട് പ്രളയം, ഉത്തരാഖണ്ഡ് പ്രളയം തുടങ്ങിയ നിരവധി ദുരന്തങ്ങള്‍ക്ക് കേരള ജനത കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സഹായങ്ങള്‍ നല്‍കിയിരുന്നു. ഉത്തരാഖണ്ഡ് പ്രളയബാധിതര്‍ക്ക് കേരളം രണ്ട് കോടി രൂപ ധനസഹായം നല്കിയിരുന്നു. വിക്കിപീഡിയയിലും അതിന്റെ വിശദാംശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തെ മന:പൂര്‍വം കരിവാരിതേക്കാനും തകര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി കേരളം നല്‍കിയ സഹായങ്ങള്‍ വിക്കിപീഡിയയില്‍ നിന്നും എഡിറ്റ് ചെയ്ത് നീക്കുകയായിരുന്നു.



ഉത്തരാഖണ്ഡിന് ദുരിതാശ്വാസസഹായം നല്‍കിയവരുടെ കൂട്ടത്തില്‍ നിന്ന് കേരളത്തിന്റെ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത് (Kerala offered 20 million rupees and the state govt employees have donated their one day salary) ഈ ഭാഗമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. Jyotiprakashnabajiban എന്ന യൂസറാണ് 2018 ആഗസ്റ്റ് ഇരുപത്തിനാലാം തിയതി രാത്രി ഒരു മണിക്ക് ഈ ഭാഗം എഡിറ്റ് ചെയ്തു മാറ്റിയത്. ഈ യൂസര്‍ അക്കൗണ്ട് 2018 ആഗസ്റ്റ് ഇരുപത്തിനാലാം തിയതി രാത്രി രണ്ട് മണിയോടടുപ്പിച്ചായിരുന്നു ഉണ്ടാക്കിയതെന്നും ഇപ്പോള്‍ ഈ അക്കൗണ്ട് നിലവിലില്ലെന്നുമാണ് ഇതേക്കുറിച്ച് പരിശോധിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്.

കേരളത്തിലെ പ്രകൃതിക്ഷോഭ ദുരന്ത ബാധിതര്‍ക്കുള്ള സാമ്പത്തിക സഹായങ്ങളെ ഏതു വിധേനയും തടയുക എന്ന ഒറ്റ ലക്ഷ്യത്തോടെയുള്ള സംഘപരിവാറിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ എക്കൗണ്ടും എഡിറ്റിങ്ങുമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. കേരളത്തോട് യാതോരു വിധ സഹാനുകമ്പയും പുലര്‍ത്താത്ത ബിജെപി - സംഘപരിവാര്‍ കേന്ദ്രങ്ങളോട് നേരത്തെ തന്നെ കേരളത്തിലെ ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top