21 September Friday
നടപടി സ്വീകരിക്കാന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹറ നിര്‍ദേശം നല്കി

ജലാശയങ്ങളില്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടി

സ്വന്തം ലേഖകന്‍Updated: Saturday Sep 8, 2018

തിരുവനന്തപുരം > ജലാശയങ്ങളിലും നദികളിലും പ്ലാസ്റ്റിക്കും ജൈവവിഘടനം സംഭവിക്കാത്ത മറ്റു മാലിന്യങ്ങളും ഇലക്ട്രോണിക് വേസ്റ്റും വലിച്ചെറിയുന്നതിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ പൊലീസിനെ അധികാരപ്പെടുത്തുന്ന വിവിധ നിയമങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഡയറക്ടീവിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം.

 തദ്ദേശസ്ഥാപനങ്ങള്‍, റവന്യൂ തുടങ്ങിയ വകുപ്പുകള്‍, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവയുമായി ഒത്തുചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടി ആവിഷ്‌കരിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്.  1860ലെ ഇന്ത്യന്‍ പീനല്‍ കോഡിലെ 268, 269, 270, 277, 290 എന്നീ വകുപ്പുകള്‍  ജലാശയങ്ങളും ജലസ്രോതസ്സുകളും മലിനമാക്കുന്നതുസംബന്ധിച്ച കുറ്റകൃത്യങ്ങളുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ ബന്ധപ്പെട്ടവയാണ്.

 2003ലെ കേരള ഇറിഗേഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ടില്‍ 2018 ല്‍ വരുത്തിയ ഭേദഗതി പ്രകാരം ഏതെങ്കിലും ജലനിര്‍ഗമനമാര്‍ഗത്തിലോ ജലവിതരണസംവിധാനത്തിലോ മാലിന്യങ്ങള്‍ തള്ളുന്നത് പ്രസ്തുത ആക്ടിലെ സെക്ഷന്‍ 37(4) ഒപ്പം സെക്ഷന്‍ 70(3) പ്രകാരം പരമാവധി മൂന്നുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും അല്ലെങ്കില്‍ രണ്ടും ചേര്‍ത്തും ശിക്ഷ നല്‍കാവുന്ന കുറ്റമാണ്. ഈ വകുപ്പിലെ സെക്ഷന്‍ 74(3) പ്രകാരം ഈ കുറ്റത്തിന് ഒരു പൊലീസ് ഉദ്യോഗസ്ഥന് നേരിട്ട് കേസെടുക്കാവുന്നതുമാണ്.

2011 ലെ കേരള പൊലീസ് ആക്ട് 120 വകുപ്പ് ജലാശയങ്ങള്‍ മലിനമാക്കുന്നതോ പബ്ലിക് സാനിട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതോ പൊതുസ്ഥലങ്ങള്‍ വൃത്തിഹീനമാക്കുന്നതോ ആയ കുറ്റത്തിനുള്ള ശിക്ഷ വ്യവസ്ഥചെയ്യുന്നു.  കേരള പൊലീസ് ആക്ട്  80(1), (1) വകുപ്പുകള്‍ പ്രകാരം പൊതുശുചിത്വത്തിനും പരിസ്ഥിതിക്കും ഹാനി വരുത്തുന്നതും ജലസ്രോതസ്സുകളും ജലാശയങ്ങളും മലിനമാക്കുന്നതും തടയുന്നതിനുള്ള റെഗുലേഷനുകള്‍ തദ്ദേശസ്ഥാപനങ്ങളുമായും ജില്ലാ പൊലീസ് മേധാവികളുമായും ആലോചിച്ച് വിജ്ഞാപനംചെയ്യാന്‍ ജില്ലാമജിസ്ട്രേട്ടുമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്.

ക്രിമിനല്‍ നടപടിക്രമത്തിലെ (1973) സെക്ഷന്‍ 133 പ്രകാരം  ജില്ലാ മജിസ്ട്രേട്ടിനോ സബ് ഡിവിഷണല്‍ മജിസ്ട്രേട്ടിനോ സംസ്ഥാന സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന മറ്റ് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനോ പൊതു ഉപയോഗത്തിലുള്ള  നദിയിലോ ജലാശയത്തിലോ പൊതുസ്ഥലത്തോ നേരിടുന്ന എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്യുന്നതിന് പൊലീസില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെയോ  ലഭ്യമായ  തെളിവുകള്‍ ശേഖരിച്ചോ ഉത്തരവ് നല്കാനുള്ള  അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 550, 551, കേരള പഞ്ചായത്തിരാജ് ആക്ട് സെക്ഷന്‍ 252 എന്നിവ പ്രകാരം മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്തിന്റെയോ അധീനതയിലുള്ള ജലാശയങ്ങളില്‍ മാലിന്യമിട്ടാല്‍ പൊലീസിന് നടപടിയെടുക്കാം. കേരള വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ആക്ട് 1986 സെക്ഷന്‍ 46 പ്രകാരവും മാലിന്യം നിക്ഷേപിക്കുന്നത് കുറ്റകരമാണ്.

ഈ നിയമവ്യവസ്ഥകള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം ബന്ധപ്പെട്ട ഏജന്‍സികളുമായി ചേര്‍ന്ന് നടത്തണമെന്നും ജലാശയങ്ങളും നദികളും മലിനമാക്കുന്നവര്‍ക്കെതിരെ  ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിര്‍ദേശം നല്കി.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top