19 September Wednesday

പ്രളയക്കെടുതി: വാവക്കാട് ഗവ. എല്‍ പി സ്‌കൂളിനെ സഹോദര വിദ്യാലയമായി ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംരക്ഷിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

തലശേരി >  പ്രളയത്തില്‍ മുങ്ങിയ വിദ്യാലയത്തിലേക്ക് ചരിത്രം സ്‌പന്ദിക്കുന്ന ബ്രണ്ണനില്‍ നിന്ന് സ്നേഹാക്ഷരമന്ത്രവുമായി വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമെത്തുന്നു. മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട വടക്കന്‍ പറവൂരിലെ വാവക്കാട് ഗവ. എല്‍ പി സ്‌‌കൂളിനെ സഹോദര വിദ്യാലയമായി ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌‌ കൂള്‍ സംരക്ഷിക്കും. സംസ്ഥാനത്തിന് മാതൃകയായ ഈ സംരംഭത്തിന് തുടക്കംകുറിച്ച് ശനിയാഴ്ച വാവക്കാട് എല്‍പി സ്‌കൂളില്‍ സ്നേഹസംഗമം സംഘടിപ്പിക്കും. ബ്രണ്ണന്‍ സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളുമടക്കം പങ്കെടുക്കും.

65 വിദ്യാര്‍ഥികള്‍ പഠിക്കുന്ന വാവക്കാട് എല്‍ പി സ്‌കൂള്‍ പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയിരുന്നു. വെള്ളിയാഴ്ച സ്‌കൂള്‍ തുറന്നപ്പോള്‍ 12 പേര്‍ മാത്രമാണ് ക്ലാസിലെത്തിയത്. മറ്റുള്ളവര്‍ക്ക് സ്‌കൂളില്‍ വരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട വിറങ്ങലിച്ചു നില്‍കുന്ന കുട്ടികള്‍ക്കും കുടുംബത്തിനും താങ്ങായി ബ്രണ്ണന്‍ മാറും. പ്രളയദുരന്തത്തില്‍പെട്ട ബ്രണ്ണന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായ പറവൂര്‍ സ്വദേശി കെ ജെ മുരളീധരന്‍ കൂടി മുന്‍കൈയെടുത്താണ് വാവക്കാട് സ്‌കൂളിനെ സഹായിക്കാനുള്ള തീരുമാനം.

വാവക്കാട് സ്‌കൂളിലെ ഓരോ വിദ്യാര്‍ഥിയുടെയും രക്ഷിതാവിനോട് ബ്രണ്ണന്‍ സ്‌കൂള്‍ അധ്യാപകര്‍ നേരിട്ട് സംസാരിച്ചിരുന്നു. ഓരോ കുട്ടിയുടെയും ആവശ്യം അനുസരിച്ച് വസ്ത്രങ്ങള്‍, വീട്ടിലേക്കാവശ്യമായ പാത്രങ്ങള്‍, കിടക്കകള്‍, വിരികള്‍, പഠനസാമഗ്രികള്‍ എന്നിവ നല്‍കും. സ്‌കൂളില്‍ നഷ്ടപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കികൊടുക്കും. വിദ്യാലയാന്തരീക്ഷം മനോഹരവും ശിശുസൗഹൃദവുമാക്കും. ഇതിനായി ചിത്രകലാഅധ്യാപകരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം പ്രയോജനപ്പെടുത്തും. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പോഷകാഹാരകിറ്റും നല്‍കും. വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും ചേര്‍ന്നാണ് ആവശ്യമായതെല്ലാം സംഘടിപ്പിച്ചു നല്‍കുന്നത്. വാവക്കാട് സ്‌കൂളിനെ സഹോദരവിദ്യാലയമായി ഏറ്റെടുക്കുക മാത്രമല്ല അവര്‍ക്കൊപ്പം താങ്ങായി തലശേരിയിലെ ബ്രണ്ണന്‍ സ്‌കൂള്‍ നില്‍കും. സ്‌കൂളിനൊപ്പം വിദ്യാര്‍ഥികളുടെ കുടുംബത്തിനും ബ്രണ്ണന്‍ തുണയാവും. ഭീതിജനകമായ അന്തരീക്ഷത്തില്‍ കഴിഞ്ഞ കുട്ടികള്‍ക്ക് കൗണ്‍സലിങ്ങ് നല്‍കുന്നതടക്കമുള്ള എല്ലാകാര്യങ്ങളിലും ബ്രണ്ണന്റെ സഹായമുണ്ടാവും.

പ്രളയംബാധിക്കാത്ത പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ ദുരന്തമേഖലയിലെ ഇത്തരം പ്രവര്‍ത്തനം ഏറ്റെടുത്താല്‍ അതിജീവനത്തിന് താങ്ങായത് മാറുമെന്ന് തലശേരി ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തലശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ്കമ്മിറ്റിചെയര്‍മാന്‍ സി കെ രമേശന്‍, പ്രിന്‍സിപ്പല്‍ കെ ജെ മുരളീധരന്‍, പ്രധാനധ്യാപകന്‍ കെ രമേശന്‍, പിടിഎ പ്രസിഡന്റ് നവാസ്മേത്തര്‍, സ്റ്റാഫ്സെക്രട്ടറി വി പ്രസാദന്‍, സ്നേഹാക്ഷരം കണ്‍വീനര്‍ സതീശന്‍, സജീവ്മാണിയത്ത്, പി രാജേഷ്, അബ്ദുറഹീം. എംപി സുമേഷ്എന്നിവര്‍ പങ്കെടുത്തു.
 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top