18 September Tuesday

ആഘോഷങ്ങളും ചലച്ചിത്രോല്‍സവവും ഇല്ല, തുക ദുരിതാശ്വാസനിധിയിലേക്ക്‌; സ്കൂള്‍ കലോത്സവം ഉണ്ടാകും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

തിരുവനന്തപുരം> സംസ്‌ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്‌ചാത്തലത്തിൽ സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ളതും സർക്കാരിന്റെ ഫണ്ട്‌ ഉപയോഗിച്ച്‌ നടത്തുന്നതുമായ ആഘോഷപരിപാടികൾ ഒരു വർഷത്തേക്ക്‌  ഒഴിവാക്കാൻ  തീരുമാനം.

ഫിലിം ഫെസ്‌റ്റിവെൽ, യുവജനോൽസവം, കലോൽസവം, വിനോദസഞ്ചാര വകുപ്പിന്റെതുൾപ്പെടെയുള്ള എല്ലാ വകുപ്പുകളുടേയും ആഘോഷപരിപാടികൾ ഒരുവർഷത്തേക്ക്‌ ഒഴിവാക്കിയാണ്‌ ഉത്തരവായത്‌.  ഇതിനായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുവാൻ വകുപ്പ്‌ മേധാവികൾ നടപടിയെടുക്കണമെന്നും പൊതുഭരണ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ്‌ സിൻഹ ഇറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചു.

എന്നാല്‍ സ്കൂള്‍ കലോത്സവത്തിനും സ്കൂള്‍ കായികമേളയ്ക്കും മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ കെ വി മോഹൻ കുമാർ അറിയിച്ചു. സ്കൂള്‍ കലോത്സവത്തില്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉള്ളതാണ്. കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ദേശീയ തലത്തില്‍ മത്സരിയ്ക്കെണ്ടതുള്ളതിനാല്‍ അതും ഒഴിവാക്കില്ല.

പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി വിദ്യാർത്ഥികളുടെ വികാസത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്‌ മുന്നോട്ടു കൊണ്ടു പോകുമെന്ന്‍ മോഹൻ കുമാർ പറഞ്ഞു.യുവജനോൽസവത്തിന്റെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയേക്കാം.ഇത്‌ സംബന്ധിച്ച്‌ വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നു വരികയാണു. ഈ മാസം ഏഴിനു അധ്യാപക സംഘടനകൾ ഉൾപ്പെടുന്ന ക്യു.ഐ.പി.മോണിറ്ററിംഗ്‌ സമിതി യോഗം ചേർന്ന് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്‌.സമിതിയുടെ ശുപാർശകൾ സർക്കാരിനു സമർപ്പിച്ച്‌ അന്തിമ തീരുമാനമെടുക്കും. അതുവരെയും മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പരത്തുന്നത്‌ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top