21 October Sunday

ജനപക്ഷ സിവില്‍ സര്‍വീസിന് ഒറ്റക്കെട്ടായി സംഘടനകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

തിരുവനന്തപുരം > സിവില്‍ സര്‍വീസ് അഴിമതിമുക്തവും കാര്യക്ഷമവുമാക്കി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തെ സര്‍വീസ് സംഘടനകള്‍ മുന്നിട്ടിറങ്ങുന്നു. കക്ഷിരാഷ്ട്രീയ വ്യത്യാസം മാറ്റിവച്ച് ഇക്കാര്യത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. ജനതാല്‍പ്പര്യത്തിനൊപ്പം ഉയര്‍ന്നുപ്രവര്‍ത്തിക്കാന്‍ എല്ലാ ജീവനക്കാരെയും അണിനിരത്തുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിവില്‍ സര്‍വീസ് ജനങ്ങള്‍ക്ക് വേണ്ടിയെന്ന നിലപാടിലൂന്നി   കൂടുതല്‍ മെച്ചപ്പെട്ട സേവനം വേഗത്തില്‍ ലഭ്യമാക്കാന്‍ സര്‍വീസ് സംഘടനകള്‍ ഇടപെടും. അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം തുടങ്ങിയ പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ല. ഓഫീസുകളില്‍ ഹാജര്‍ ഉറപ്പാക്കും. ഓഫീസുകളില്‍ എത്തുന്നവരോടുള്ള സമീപനത്തില്‍ പരാതിയുണ്ടെങ്കില്‍ പരിഹരിക്കും. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കും. ആക്ഷേപങ്ങള്‍ കണ്ടില്ലെന്ന് നടിക്കില്ല. ഇവ പരിശോധിച്ച് വീഴ്ചകള്‍ തിരുത്തി അവ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ജീവനക്കാരും സംഘടനകളും ഏറ്റെടുക്കുന്നു.

ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിലും വികസിത രാജ്യങ്ങള്‍ക്കൊപ്പം അടയാളപ്പെടുത്തുന്നതിലും സംസ്ഥാന സിവില്‍ സര്‍വീസ് വലിയ പങ്കാണ് വഹിച്ചത്്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, സാമൂഹ്യക്ഷേമം തുടങ്ങി വിവിധ തുറകളിലെ കേരളത്തിന്റെ മുന്നേറ്റം സിവില്‍ സര്‍വീസിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. എന്നാല്‍, ജനങ്ങളുമായി സുദൃഢബന്ധം പുലര്‍ത്തുന്ന ജനകീയ സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ചെറുവിഭാഗം ജീവനക്കാരുടെ പെരുമാറ്റദൂഷ്യവും തിന്മകളും സിവില്‍ സര്‍വീസിനാകെ അവമതിപ്പുണ്ടാക്കുന്നു.

ലോകമെങ്ങും വികസന-ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് സര്‍ക്കാരുകള്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ അലയൊലി ഇന്ത്യയിലും പ്രകടം. ഇത്തരം നയങ്ങളുടെ ആഘാതം പരിക്കേല്‍പ്പിക്കാത്ത അപൂര്‍വം സിവില്‍ സര്‍വീസില്‍ ഒന്നാണ് കേരളത്തിലേത്. പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടത്തേണ്ടിവരുമ്പോഴും വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതില്‍ ജീവനക്കാര്‍ എക്കാലവും മുന്നിട്ടിറങ്ങിയിരുന്നു. അപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കുറവുണ്ടായില്ല.

രാജ്യത്താകെ ട്രേഡ് യൂണിയനുകള്‍ അവകാശസംരക്ഷണത്തിനും തൊഴില്‍ സുരക്ഷിതത്വത്തിനുമായി യോജിച്ച സമരമുന്നണിയുമായി മുന്നോട്ടുപോകുന്നു. സംസ്ഥാന സര്‍വീസിലും ഇത്തരമൊരു ജാഗ്രത്തായ ഇടപെടല്‍ അനിവാര്യമാണ്. ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി സംഘടനകള്‍ തങ്ങളുടെ പ്രക്ഷോഭം നടത്തുന്നതിനൊപ്പം ജനപക്ഷ സിവില്‍ സര്‍വീസിനായി ഒന്നിച്ചുനില്‍ക്കാനുള്ള തീരുമാനം ചരിത്രപ്രധാനമാണെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി, എന്‍ജിഒ അസോസിയേഷന്‍ പ്രസിഡന്റ് എന്‍ രവികുമാര്‍, എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി എസ് കെ ജയകുമാര്‍, ജോയിന്റ് കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍നായര്‍, വിവിധ സംഘടനാ നേതാക്കളായ എ എം അബൂബക്കര്‍  (സ്റ്റേറ്റ് എംപ്ളോയീസ് യൂണിയന്‍), വിനോദ് ബെന്‍സ് (എന്‍ജിഇഎ), പനവൂര്‍ നാസര്‍ (എന്‍ജിഒ സെന്റര്‍), ടി എസ് രഘുലാല്‍ (കെജിഒഎ), എസ് അജയന്‍ (കെജിഒയു), കെ എസ് സജീവ്കുമാര്‍ (കെജിഒഎഫ്), ബി ജയപ്രകാശ് (കെജിഒ സംഘ്), ശൂരനാട് ചന്ദ്രന്‍ (ഗസറ്റഡ് ഓഫീസേഴ്സ് സെന്റര്‍) എന്നിവര്‍ പങ്കെടുത്തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top