23 September Sunday

കേരള സഹകരണ ബാങ്ക് ഓണത്തോടെ നിലവില്‍ വരും; സഹകരണ വകുപ്പ് വഴി മൈക്രോഫിനാന്‍സ് വായ്പ

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

തിരുവനന്തപുരം> സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ച് കേരള സഹകരണ ബാങ്ക് ഓണത്തോടെ നിലവില്‍ വരുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. നിലവിലുള്ള ജീവനക്കാരുടെ താല്പര്യം സംരക്ഷിച്ചു കൊണ്ടായിരിക്കും ബാങ്ക് രൂപീകരിയ്ക്കുകയെന്ന് മന്ത്രി ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.

ബ്ലേഡ് പലിശക്കാരെ നിയന്ത്രിക്കുന്നതിന് സഹകരണ വകുപ്പം കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിക്കുവാനും
സർക്കാർ നടപടി കൈക്കൊണ്ടുവരുന്നതായി മന്ത്രി പറഞ്ഞു. മൈക്രോഫിനാന്‍സ് വായ്പാ സംവിധാനമാണ് ഒരുക്കുന്നത്. ഒമ്പത് ശതമാനം പലിശയ്ക്ക്  സഹകരണ ബാങ്കുകള്‍ കുടുംബശ്രീയ്ക്ക് വായ്പ നല്‍കും. കുടുംബശ്രീകള്‍ അംഗങ്ങള്‍ക്ക്  12 ശതമാനം പലിശയ്ക്ക് ഈ തുക നല്‍കും.  മുറ്റത്തെ മുല്ല എന്ന് പേരിട്ട പദ്ധതിയ്ക്ക് 26 ന് പാലക്കാട് ജില്ലയില്‍ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.

സാധാരണക്കാർക്ക് ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ നൽകാൻ കഴിയുന്ന തരത്തിലാണ്  കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നത്. കൂടാതെ സഹകരണ രംഗത്തെ ആധുനീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ കോർബാങ്കിംഗ് നടപ്പിലാക്കിവരുന്നു. കോർബാങ്കിംഗ് സംവിധാനം പൂർത്തിയാക്കുന്നതിന് അനുസൃതമായി അംഗങ്ങൾക്ക് ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ നൽകുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതോടെ സാധാരണക്കാരന് ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. പ്രാഥമിക സംഘങ്ങൾക്ക് നേരിട്ട് ചെയ്യുവാൻ കഴിയാത്ത പ്രവൃത്തികൾ കേരള സഹകരണ ബാങ്കിന്റെ പ്രതിനിധി എന്ന നിലയിൽ നിർവ്വഹിക്കുവാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തുവാനും മറ്റ് പൊതുമേഖലാ ബാങ്കുകൾക്ക് നൽകാൻ കഴിയുന്ന എല്ലാ സേവനങ്ങളും നൽകുവാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.


 

 



 

പ്രധാന വാർത്തകൾ
Top