16 November Friday

കെപിഎംജിയുടെ സേവനം സൗജന്യം; കണ്‍സള്‍ട്ടന്‍സി ഒരു ഏജന്‍സിയില്‍ ഒതുക്കില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

തിരുവനന്തപുരം > മുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ സംസ്ഥാനത്തെ പുനര്‍നിര്‍മിക്കുകയാണ്  ലക്ഷ്യം, അതിനായി നമുക്ക് ഒരുമിച്ച് നീങ്ങാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പുനര്‍നിര്‍മാണത്തിനായി സന്നദ്ധത അറിയിച്ച  കണ്‍സള്‍ട്ടന്‍സിയായ കെപിഎംജി അവരുടെ സേവനം സൗജന്യമാണെന്നാണ് അറിയിച്ചത്. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ ലോകത്തിന്റെ പ്രത്യേകതക്കനുസരിച്ചുള്ള കണ്‍സള്‍ട്ടന്‍സി സേവനം കെപിഎംജിക്ക് നല്‍കാനാകും അതിനാലാണ് പുനര്‍നിര്‍മാണത്തിനായിയുള്ള കണ്‍സള്‍ട്ടന്‍സി   ഇവര്‍ക്ക് നല്‍കാനായി നാം തീരുമാനിച്ചത്. ഒരു ഏജന്‍സിയെ മാത്രം ഒതുക്കി നിര്‍ത്തുകയല്ല നാം ചെയ്യുക. എല്ലാവരുടേയും സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

നമ്മള്‍ നേരിട്ടത് വലിയ തകര്‍ച്ചയാണ്. സംസ്ഥാനത്തിനുണ്ടായ മൊത്തം നഷ്ടം കൃത്യമായി വിലയിരുത്തിയാല്‍  മാത്രമെ വ്യാപ്തി മനസിലാവുകയുള്ളു. പുനര്‍നിര്‍മാണത്തിന് വലിയ രീതിയിലുള്ള വിഭവം ആവശ്യമാണ്. നിലവില്‍ നിശ്ചയിച്ച കാര്യങ്ങള്‍ തന്നെ നടപ്പിലാക്കുന്നതിന്
സാമ്പത്തികപ്രയാസം വിഷമം സൃഷ്ടിക്കാറുണ്ട്. സാമ്പത്തികരംഗത്ത് ദുര്‍ബലാവസ്ഥയുണ്ടെങ്കിലും നമ്മള്‍ ഒത്തുപിടിച്ചാല്‍ വലിയ സഹായം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നല്ല സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രളയസമയത്ത് കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉള്ളില്‍ തട്ടിയ പ്രതികരണമാണ് അറിയിച്ചത്. കേരളത്തിന്റെ  അവസ്ഥ മനസിലാക്കി  കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് ഒരു സ്‌പെഷ്യല്‍ പാക്കേജ് ആണ്. അതിലൂടെ ഒരു വലിയ സഹായം ലഭിക്കണം.

ഇപ്പോഴുള്ള പരിമിതി മറികടക്കാന്‍ നമ്മള്‍ തന്നെ വിഭവ സമാഹരണം നടത്തണം. അതിനായി എല്ലാവരും അവരെക്കൊണ്ട് ആകുന്ന പോലെ സഹായിക്കുന്നുണ്ട്. വിവിധ ആളുകള്‍ ഒരു മാസത്തെ ശമ്പളം നല്‍കാമെന്ന് പറഞ്ഞ് രംഗത്തുണ്ട്, ഇവരില്‍ തന്നെ രണ്ടു മാസത്തെ ശമ്പളം തരാന്‍ തയ്യാറായവരുമുണ്ട്. കേരളത്തെ സഹായിക്കാന്‍ വിദേശരാജ്യങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. പലരാജ്യങ്ങളും മലയാളികളെ കണ്ട് പരിചയിച്ചതിലൂടെ കേരളത്തെ സഹായിക്കണം എന്ന അഭിപ്രായത്തിലാണ്. ജനങ്ങളിലാണ് ഏറ്റവും അധികം വിശ്വാസമര്‍പ്പിക്കുന്നത്. ഈ വിശ്വാസം തന്നെയാണ് പ്രവര്‍ത്തന കാര്യത്തില്‍ ലോകത്തിനാകെ മാതൃകയാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എല്ലാം നമുക്ക് പുനര്‍നിര്‍മിക്കാന്‍ കഴിയും.  ഗ്രാമങ്ങളെ ദത്തെടുക്കാന്‍ തയ്യാറെണെന്ന് പറയുന്നവരുണ്ട്. പല സന്നദ്ധ സംഘടനകളും വീടുകള്‍ നിര്‍മിച്ച് നല്‍കാനും റിപ്പയര്‍ ചെയ്യാനും തയ്യാറാണെന്ന് അറിയിച്ചു. മറ്റു ചിലര്‍ സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കാനാണ് സന്നദ്ധത അറിയിച്ചത്. ഇങ്ങനെ ഒട്ടനവധി ഓഫറുകള്‍ ലഭിക്കുന്നുണ്ട്. പുനരധിവാസത്തിലെ ഏറിയപങ്കും സഹായത്തിലൂടെ പുനര്‍നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. അതിനായി തകര്‍ന്ന വീടുകളുടെ എണ്ണം തരിച്ച് കൊടുക്കണം, അതിന് കണക്കെടുക്കണം. സമയ ബന്ധിതമായി അത് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍  സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ കാര്യക്ഷമായി പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top