20 April Friday

‘കത്തിക്കേണ്ടത്‌ വിചാരധാരയാണ്‌, മെഴുകുതിരികളല്ല’ ‐ കത്വവ സംഭവത്തിൽ ആർഎസ്‌എസ്‌ ദാർശനിക ഗ്രന്ഥങ്ങൾ കത്തിച്ച്‌ എസ്‌എഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

തുറവൂർ >  കത്വവയിൽ എട്ടു വയസ്സുകാരിയെ ബലാൽസംഗം ചെയ്‌തുകൊന്ന കേസിൽ സംഘപരിവാറിനെതിരെ ശക്തമായ പ്രതിഷേധവുമായി കാലടി സർവകലാശാല തുറവൂർ കേന്ദ്രത്തിലെ എസ്‌എഫ്‌ഐ യൂണിറ്റ്‌. കത്വവയിലെ ആസിഫയുടെ കൊലപാതകത്തിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുമ്പോഴാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ മൂലകാരണമായ അപരമതവിദ്വേഷത്തിൽ അധിഷ്‌ഠിതമായ ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ കത്തിച്ച്‌ എസ്‌എഫ്‌ഐയുടെ പ്രതിഷേധം. 



‘‘കത്തിക്കേണ്ടത്‌ വിചാരധാരയാണ്‌, മെഴുകുതിരികളല്ല’’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. ആർഎസ്‌എസിന്റെയും ഹിന്ദുത്വയുടെയും ദാർശനിക ഗ്രന്ഥങ്ങളായ എംഎസ്‌ ഗോൾവാൾക്കറുടെ ‘വിചാരധാര’, ‘വീ ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്’, വി ഡി സവർക്കറുടെ ‘ഹിന്ദുത്വ’ എന്നീ ഗ്രന്ഥങ്ങളിലെ അപരമതവിദ്വേഷം വിളിച്ചോതുന്ന ഭാഗങ്ങളിൽ പ്രധാനപ്പെട്ടവ ഉറക്കെ വായിച്ച ശേഷം അവയുടെ പകർപ്പുകൾ കത്തിച്ചായിരുന്നു പ്രതീകാത്മക പ്രതിഷേധം. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ശ്രീകാന്ത്‌ ചന്ദ്രൻ പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ പി എസ്‌ സ്വാതിഷ്‌, സെക്രട്ടറി അഖിൽ കൃഷ്‌ണൻ, ഏരിയ എക്‌സിക്യൂട്ടീവ്‌ അംഗം അഞ്‌ജു എസ്‌ റാം, യൂണിറ്റ്‌ പ്രസിഡന്റ്‌ അജയ്‌കുമാർ, സ്റ്റുഡന്റ്‌സ്‌ യൂണിയൻ ചെയർമാൻ അശ്വിൻ എന്നിവർ പ്രതിഷേധത്തിന്‌ നേതൃത്വം നൽകി.



ബകർവാൾ മുസ്ലീം സമുദായത്തെ പ്രദേശത്തു നിന്നും ഭയപ്പെടുത്തി ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ആസിഫയുടെ കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന്‌ പ്രതികൾ വെളിപ്പെടുത്തിയതായി കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഈ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ ‘ഹിന്ദു ഏക്‌താ മഞ്ച്‌’ നടത്തിയ റാലിക്ക്‌ നേതൃത്വം നൽകിയത്‌ ബിജെപി മന്ത്രിമാരായിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ മുഖം രക്ഷിക്കാൻ മന്ത്രിമാരെ പുറത്താക്കിയെങ്കിലും പാർടി നിർദേശ പ്രകാരമാണ്‌ റാലിയിൽ പങ്കെടുത്തതെന്ന്‌ ഇതേ മന്ത്രിമാർ പിന്നീട്‌ വെളിപ്പെടുത്തി. ഈ ക്രൂര കൃത്യത്തിനുപിന്നിൽ സംഘപരിവാർ പ്രത്യയശാസ്‌ത്രമാണെന്ന്‌ പകൽ പോലെ വ്യക്തമായ സാഹചര്യത്തിലാണ്‌ അവരുടെ ദാർശനിക ഗ്രന്ഥങ്ങൾ കത്തിച്ചുള്ള എസ്‌എഫ്‌ഐയുടെ പ്രതിഷേധം.



സംഘപരിവാറിന്റെ വിധ്വംസക പ്രത്യയശാസ്‌ത്രം അതിന്റെ ഏറ്റവും ഭീകരരൂപം പുറത്തെടുക്കുന്ന ഈ കാലത്ത്‌ ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തെ നേരിട്ട്‌ കടന്നാക്രമിക്കുന്ന എസ്‌എഫ്‌ഐയുടെ ഈ പ്രതിഷേധത്തിന്‌ ഏറെ പ്രസക്തിയുണ്ട്‌. ഇന്ന്‌ വൈകുന്നേരം എസ്‌എഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയും ആലപ്പുഴ ബീച്ചിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്‌.

പ്രതിഷേധത്തിൽ നിന്ന്‌ കൂടുതൽ ചിത്രങ്ങൾ:





മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top