19 December Wednesday

ഉദ‌്ഘാടനദിവസം വിമാനം പറത്താൻ ഡോണിയർ വിമാനമിറക്കിയ വൈമാനികന്റെ മകൻ

വെബ് ഡെസ്‌ക്‌Updated: Saturday Dec 8, 2018

കണ്ണൂർ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യം ഡോണിയർ വിമാനമിറക്കിയ വൈമാനികന്റെ മകൻ ഉദ‌്ഘാടനദിവസം വിമാനം പറത്തും. ഉദ‌്ഘാടനത്തിനുശേഷം ഡൽഹിയിൽനിന്ന‌് എത്തുന്ന ഗോ എയർ വിമാനം പറത്തുന്ന അശ്വിൻ നമ്പ്യാർ, ഉമ്മൻചാണ്ടിയുടെ കാലത്ത‌് വിമാനത്താവളത്തിൽ ചെറുവിമാനം ഇറക്കിയ കാടാച്ചിറ സ്വദേശിയും നാവികസേന വൈമാനികനുമായ രഘുനാഥൻ നമ്പ്യാരുടെ മകനാണ‌്. 

അശ്വിൻ നമ്പ്യാർ   രഘുനാഥൻ നമ്പ്യാർ

അശ്വിൻ നമ്പ്യാർ രഘുനാഥൻ നമ്പ്യാർ

11.30ന‌് കണ്ണൂരിലെത്തുന്ന വിമാനം മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ‌് യാത്രക്കാരുമായി പകൽ മൂന്നിന‌് തിരുവനന്തപുരത്തേക്ക‌് തിരിക്കുംവിധമാണ‌് ഷെഡ്യൂൾ ചെയ‌്തിട്ടുള്ളത‌്.

അമേരിക്കയിലെ ഫ‌്ളോറിഡയിൽ പഠനം പൂർത്തിയാക്കിയ അശ്വിൻ നമ്പ്യാർ അഞ്ചു വർഷത്തോളമായി പൈലറ്റായി ജോലിനോക്കുകയാണ‌്. വിമാനത്താവളത്തിന്റെ നിർമാണം 30 ശതമാനംപോലും പൂർത്തിയാകാതെയാണ‌് 2016 ഫെബ്രവുരി 29ന‌് അന്നത്തെ യുഡിഎഫ‌് സർക്കാരിന്റെ അവസാനകാലത്ത‌് നാവികസേനയുടെ ഡോണിയർ വിമാനം ഇറക്കേണ്ടിവന്നത‌്. അന്ന‌് നാവികസേനയുടെ ബംഗളൂരുവിലെ ഓഫീസിലായിരുന്നു സീനിയർ വൈമാനികനായ രഘുനാഥൻ നമ്പ്യാർ. ഇപ്പോൾ എയർഫോഴ‌്സിൽ  ഈസ‌്റ്റേൺ കമാൻഡിങ‌് ചീഫായി ജോലിചെയ്യുന്ന ഇദ്ദേഹമാണ‌് ഫ്രാൻസിൽനിന്ന‌് ഇന്ത്യ വാങ്ങിയ റഫേൽ വിമാനത്തിന്റെ പരീക്ഷണപറക്കൽ നടത്തിയത‌്.

മട്ടന്നൂർ മരുതായി സ്വദേശികളായ ഈ കുടുംബം, കണ്ണൂർ വിമാനത്താവളത്തിന്റെ യഥാർഥ  ഉദ‌്ഘാടനത്തിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ‌്. ഇരുവരുടെയും ബന്ധുക്കൾ  ഒമ്പതിന‌് നടക്കുന്ന ഉദ‌്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട‌്. രഘുനാഥൻ നമ്പ്യാരുടെ പിതാവ‌് സ‌്ക്വാഡ്രൺ ലീഡർ പത്മനാഭൻ  നമ്പ്യാർ ഇന്ത്യ–-പാക‌് യുദ്ധകാലത്ത‌് ഇന്ത്യയുടെ വിമാനം പറത്തിയിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
Top