13 November Tuesday

കഞ്ചിക്കോട‌് കോച്ച‌് ഫാക്ടറി : എൽഡിഎഫ‌് സർക്കാർ വൈദ്യുതിയും ഉറപ്പാക്കി

വേണു കെ ആലത്തൂർUpdated: Tuesday Jun 26, 2018

കഞ്ചിക്കോട‌് മണ്ണുക്കാട്ടിൽ കോച്ച‌് ഫാക്ടറിയുടെ ആവശ്യത്തിനായി എൽഡിഎഫ‌് സർക്കാർ സ്ഥലം നൽകി നിർമിച്ച 400 കെ വി സബ‌്സ‌്റ്റേഷൻ


പാലക്കാട്‌> കഞ്ചിക്കോട‌് കോച്ച‌് ഫാക്ടറി പാലക്കാട‌് സ്ഥാപിക്കുമെന്ന‌് പ്രഖ്യാപിച്ചയുടൻ അതിനുള്ള വൈദ്യുതി എത്തിക്കുന്നതിന‌് കഞ്ചിക്കോട‌് വ്യവസായമേഖലയോട‌് ചേർന്ന‌് മുൻ എൽഡിഎഫ‌് സർക്കാർ സജ്ജമാക്കിയത‌് 400 കെ വി സബ‌്സ‌്റ്റേഷൻ. 

2008 ലാണ‌് കഞ്ചിക്കോട‌് കോച്ച‌് ഫാക്ടറി ഒന്നാം യുപിഎ സർക്കാർ പ്രഖ്യാപിച്ചത‌്. ഉടൻ 439 ഏക്കർ ഏറ്റെടുത്ത‌് റെയിൽവേക്ക‌്  കൈമാറുന്ന ജോലികൾക്കൊപ്പം കഞ്ചിക്കോട‌് മണ്ണുക്കാട്ടിൽ 400 കെ വി സബ‌്സ‌്റ്റേഷൻ നിർമാണത്തിനും നടപടി തുടങ്ങി. കേരളത്തിന‌് പുറത്തുനിന്ന‌് വരുന്ന വൈദ്യുതി പ്രസരണ നഷ്ടമില്ലാതെ  എത്തിക്കുന്നതിന‌് തിരുവനന്തപുരം, പാലക്കാട‌്, അരിക്കോട‌്, മാടക്കത്തറ എന്നിവിടങ്ങളിലാണ‌് സബ‌്സ‌്റ്റേഷൻ സ്ഥാപിച്ചത‌്. ഇതിനുള്ള സ്ഥലവും അടിസ്ഥാന സൗകര്യവും ഒരുക്കിയത‌് എൽഡിഎഫ‌് സർക്കാരായിരുന്നു. യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം തുടങ്ങാനായത‌് സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെതുടർന്നാണ‌്. കഞ്ചിക്കോട‌് മണ്ണുക്കാട‌് വൈദ്യുതീകരിച്ച ഇരട്ടറെയിൽപ്പാളത്തിനും ദേശീയപാതയ‌്ക്ക‌ും നടുവിലുമാണ‌് സബ‌്സ‌്റ്റേഷന‌് സ്ഥലം നൽകിയത‌്. അന്ന‌് വൈദ്യുതി മന്ത്രിയായിരുന്ന എ കെ ബാലൻ മുൻകൈയെടുത്താണ‌് സബ‌് സ‌്റ്റേഷൻ പൂർത്തിയാക്കിയത‌്.

കഴിഞ്ഞ യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് കൂടങ്കുളം പദ്ധതിയിൽനിന്നുള്ള വൈദ്യുതി എത്തിക്കുന്നതിന‌് ലൈൻ വലിക്കാൻ തീരുമാനിച്ചെങ്കിലും സ്ഥലമെടുപ്പ‌്പോലും പൂർത്തിയാക്കാനായില്ല. കോട്ടയം, പാല, പുതുപ്പള്ളി എന്നിവിടങ്ങളിലെ  ഏതാനും റബർതോട്ടത്തിലൂടെ ലൈൻ കടന്നുപോകുന്നുവെന്ന‌് പറഞ്ഞ‌് പദ്ധതി  അട്ടിമറിച്ചു.  എന്നാൽ കൂടങ്കുളത്ത‌് ഉൽപ്പാദനം തുടങ്ങുകയും ചെയ‌്തു. കേരളത്തിന‌് അർഹതപ്പെട്ട 263 മെഗാവാട്ട‌് വൈദ്യുതി എത്തിക്കാൻ സൗകര്യവും ഇല്ലാതായി.

കോച്ച‌് ഫാക്ടറി കഞ്ചിക്കോട‌് സ്ഥാപിച്ചാൽ അതിനുള്ള വൈദ്യുതി ഉറപ്പാക്കാനാണ‌് മുൻ എൽഡിഎഫ‌് സർക്കാർ അതിവേഗത്തിൽ സ്ഥലം കണ്ടെത്തി പവർ ഗ്രിഡ‌് കോർപറേഷന‌് കൈമാറിയത‌്. 2010 ൽ നിർമാണം തുടങ്ങി. ഒന്നരവർഷം കൊണ്ട‌് പൂർത്തിയാക്കി.

കഞ്ചിക്കോട‌് വ്യവസായമേഖലയുടെ പുരോഗതിക്കൊപ്പം  കോച്ച‌് ഫാക്ടറിക്ക‌് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യവും സബ‌്സ‌്റ്റേഷൻ നിർമാണത്തിലൂടെ എൽഡിഎഫ‌് സർക്കാർ പൂർത്തിയാക്കി.  ഇതോടൊപ്പം കോച്ച‌് ഫാക്ടറി പദ്ധതി പ്രദേശത്ത‌് വെള്ളം ഉറപ്പാക്കുന്നതിന‌് മലമ്പുഴ മെയിൻ പൈപ്പ‌് ലൈന‌് സമീപമാണ‌് ഭൂമി ഏറ്റെടുത്ത‌് നൽകിയത‌്.

നിർമാണ സാമഗ്രികൾ തടസ്സമില്ലാതെ കൊണ്ടുവരുന്നതിന‌് ദേശീയപാതയിൽ നിന്ന‌് കോച്ച‌് ഫാക്ടറി പദ്ധതി പ്രദേശത്തുകൂടി മലമ്പുഴയിലേക്കുള്ള റോഡ‌് നവീകരിച്ചു. സ്ഥലം, റോഡ‌്, വെള്ളം, വെളിച്ചം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടും ഫാക്ടറി മാത്രം യാഥാർഥ്യമാക്കിയില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top