20 September Thursday

കെ മോഹനന‌് സ‌്നേഹാദരമായി സൗഹൃദക്കൂട്ടായ‌്മ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018


കൊച്ചി
സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കെ മോഹനന‌്  സ‌്നേഹാദരമായി സൗഹൃദക്കൂട്ടായ‌്മ. മീഡിയ അക്കാദമിയും എറണാകുളം പ്രസ് ക്ലബ്ബും ചേർന്നാണ‌് പരിപാടി സംഘടിപ്പിച്ചത‌്. പൈതൃകമായി കൈവന്ന മലയാള ഭാഷാ സ്വാധീനവും കമ്യൂണിസ്‌റ്റ് പാർടിയോടുള്ള കൂറുമാണ്  18 ﹣ാം വയസ്സിൽ  തന്നെ  ‘ദേശാഭിമാനി’യിലൂടെ പത്രപ്രവർത്തകനാക്കി മാറ്റിയതെന്ന് കെ മോഹനൻ പറഞ്ഞു. രാഷ്‌ട്രീയത്തിന്റെ നിലപാടുതറയിൽ നിന്നാണ്  എല്ലാക്കാലത്തും പ്രവർത്തിച്ചത്. കൃത്യമായ പക്ഷമുണ്ടെന്ന് അഭിമാനത്തോടെ പറയും. മാധ്യമരംഗത്ത് നിഷ്‌പക്ഷതയെന്നു പറയുന്നത് കള്ള മുഖംമൂടിയാണ്. എല്ലാവർക്കും പക്ഷമുണ്ട്. അതു മറച്ചുവയ്ക്കുകയാണ്. നിഷ്പക്ഷതയുടെ മുഖംമൂടിയണിയുന്നവർ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ വക്താക്കളാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. കഴിവുതെളിയിച്ച മാധ്യമപ്രവർത്തകർക്ക‌് മുതലാളിമാരെ പേടിക്കേണ്ടിവരില്ലെന്നും കെ മോഹനൻ പറഞ്ഞു.  മുതലാളിത്തവും കച്ചവട സംസ്കാരവും മാധ്യമരംഗത്തേക്കും കടന്നുകൂടുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

മീഡിയ അക്കാദമി ചെയർമാൻ ആർ എസ‌് ബാബു സൗഹൃദക്കൂട്ടായ‌്മ ഉദ‌്ഘാടനം ചെയ‌്തു.  അടിയന്തരാവസ്ഥക്കാലത്ത് സെൻസർഷിപ്പിനെ മറികടന്ന് മികച്ച പത്രമിറക്കാമെന്ന്  രാജ്യത്തിന് കാട്ടിക്കൊടുത്ത പത്രപ്രവർത്തകനാണ്   കെ മോഹനനെന്ന‌് ആർ എസ‌് ബാബു പറഞ്ഞു.  പ്രശസ‌്തനായ സിനിമാ സംവിധായകന്റെ നേതൃത്വത്തിൽ കെ മോഹനന്റെ പത്രപ്രവർത്തന സംഭാവനകൾ വിവരിക്കുന്ന ഡ്യോകു ഫിഷൻ നിർമിക്കുമെന്ന‌് ബാബു  പറഞ്ഞു.  പ്രസ് ക്ലബ‌് പ്രസിഡന്റ് ഡി ദിലീപ് അധ്യക്ഷനായി.  മുതിർന്ന പത്രപ്രവർത്തകരായ പി രാജൻ, എ മാധവൻ, ദേശാഭിമാനി (കൊച്ചി) ന്യൂസ‌് എഡിറ്റർ  എം എൻ ഉണ്ണികൃഷ‌്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ  നിജാസ‌് ജ്യുവൽ  തുടങ്ങിയവർ സംസാരിച്ചു. മീഡിയ അക്കാദമി സെക്രട്ടറി കെ ജി സന്തോഷ‌് സ്വാഗതവും ദീപക‌് ധർമടം നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top