21 November Wednesday
വിധിയ്ക്ക് രണ്ടാഴ്ച്ചത്തേയ്ക്ക് സ്റ്റേ

വർഗീയ പ്രചരണം : കെ എം ഷാജി എംഎൽഎയെ അയോഗ്യനാക്കി; ആറു വർഷത്തേക്ക്‌ മൽസരിക്കാനാവില്ല

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

കോഴിക്കോട്‌> കണ്ണൂർ അഴീക്കോട്‌ എംഎൽഎയും മുസ്‌ലീം യൂത്ത്‌ ലീഗ്‌ നേതാവുമായ   കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. ആറുവർഷത്തേക്ക്‌ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്നും വിലക്കി. വിധി ഹൈക്കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം അനുവദിയ്ക്കണമെന്ന ഷാജിയുടെ ഹര്‍ജി പരിഗണിച്ചാണ് ഇത് . 

എതിർസ്‌ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ നൽകിയ ഹർജിയിലാണ്‌ നടപടി. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കെ എം ഷാജി ന്യൂനപക്ഷ സമുദായത്തിനിടയിൽ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചുവെന്ന തെരഞ്ഞെടുപ്പ്‌ ചട്ടലംഘന കേസിലാണ്‌ നടപടി. കെ എം ഷാജി നികേഷ്‌  കുമാറിന്‌ 50000 രൂപ കോടതി ചെലവ്‌ നൽകണമെന്നും കോടതി വിധിച്ചു.

ജസ്‌റ്റിസ്‌ പി ഡി രാജനാണ്‌ വിധിന്യായം പുറപ്പെടുവിച്ചത്‌. അതേസമയം, തന്നെ എംഎൽഎയായി പ്രഖ്യാപിക്കണമെന്ന നികേഷ്‌ കുമാറിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 2462 വോട്ടിനാണ്‌ കെ എം ഷാജി വിജയിച്ചിരുന്നത്‌. കേസിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ കെ എം ഷാജി അറിയിച്ചു.

രാവിലെ കേസില്‍ വിധിപറഞ്ഞ ജസ്റ്റിസ് പി ഡി രാജന്‍ തന്നെയാണ് കേസില്‍ ഉച്ചയ്ക്ക് സ്റ്റേ അനുവദിച്ചത്. ഇത്തരം കേസുകളില്‍ സാധാരണ സ്റ്റേ അനുവദിയ്ക്കാറുണ്ട്. .കോടതി ചെലവായി വിധിച്ച 50000 രൂപ ഒരാഴ്ചയ്ക്കകം ഷാജി കെട്ടിവെയ്ക്കണമെന്ന്‍ സ്റ്റേ അനുവദിച്ച് കോടതി പറഞ്ഞു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിയ്ക്കും.സ്റ്റേയുടെ ഉപാധികള്‍ അപ്പോള്‍ മാത്രമേ കോടതി വ്യക്തമാക്കൂ.

വിധി സ്‌റ്റേ ചെയതെങ്കിലും  നിയമസഭയിൽ പങ്കെടുക്കുന്നതിൽനിന്നും ആനുകൂല്യങ്ങൾ കൈപറ്റുന്നതിൽനിന്നും ഷാജിയെ വിലക്കണമെന്ന്‌ നികേഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസ്‌ വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്‌ച ഇക്കാര്യത്തിൽ മുൻകാല വിധികൾ ഹാജരാക്കാൻ നികേഷിന്റെ അഭിഭാഷകനോട്‌ കോടതി നിർദ്ദേശിച്ചു. എന്നാൽ വിധി സ്‌റ്റേ ചെയ്‌തില്ലെങ്കിൽ മണ്ഡലം പ്രതിനിധി ഇല്ലാതെ പ്രയാസത്തിൽ ആകുമെന്നാണ്‌ ഷാജിയുടെ അഭിഭാഷകൻ വാദിച്ചത്‌.

തെരഞ്ഞെടുപ്പു പ്രചരണത്തിനിടയിൽ തന്നെ കെ എം ഷാജിക്കുവേണ്ടി യുഡിഎഫ് അടിച്ചിറക്കിയ ആറു വിവാദ ലഘുലേഖകൾ തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. കോൺഗ്രസ് നേതാവും അന്നത്തെ വളപട്ടണം പഞ്ചായത്തു പ്രസിഡന്റുമായ മനോരമയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത ഈ ആറു ലഘു ലേഖകളും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങൾ പൂർണമായി കാറ്റിൽ പറത്തുന്നതായിരുന്നു.

അറബി തലവാചക കത്തിലുള്ള ഒരു ലഘുലേഖയാണ് കോടതി ഗൗരവമായെടുത്തത്. മുഹമ്മദീയനായ കെ എം മുഹമ്മദ് ഷാജിക്കു വോട്ടു ചെയ്യണമെന്നു പറയുന്ന ഈ ലഘുലേഖയിൽ മുഹമ്മദീയനല്ലാത്തവർ സിറാത്തിന്റെ പാലം കടക്കില്ലെന്നും പറയുന്നു. നഗ്നമായ വർഗീയ പ്രചാരണമാണി തെന്ന് കോടതി കണ്ടെത്തി.

എൽ ഡി എഫ് സ്ഥാനാർഥി എം വി നികേഷ് കുമാറിനെ വ്യക്തിഹത്യ ചെയ്യുന്നതായിരുന്നു മറ്റു ലഘുലേഖകൾ

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top