22 September Saturday

വിടപറഞ്ഞത്‌ ജാതി വ്യവസ്ഥക്കെതിരെ പടപൊരുതിയ നേതാവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

കെ കുമാരമേനോൻ

പൂഞ്ഞാർ > ജാതി വ്യവസ്ഥക്കെതിരെ പടപൊരുതിയ നേതാവായിരുന്നു തിങ്കളാഴ്ച അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കെ കുമാരമേനോൻ. പൂഞ്ഞാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.

പൂഞ്ഞാറിലെ ആദ്യകാല ഹൈന്ദവ കുടുംബങ്ങളിൽ ഒന്നായ തട്ടുങ്കൽത്താഴത്ത് കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പരേതരായ പൂഞ്ഞാർ തട്ടുങ്കതാഴെ കുഞ്ഞികൃഷ്ണമേനോൻ പാർവതിയമ്മ ദമ്പതികളുടെ മകനാണ്. പൂഞ്ഞാർ എസ്.എം.വി ഹൈസ്കൂൾ, ചങ്ങനാശേരി എസ്.ബി.കോളേജ്, ചിറ്റൂർ ഗവ.കോളേജ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശ്ശേരി എസ്ബി കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ജയിൽവാസം അനുഭവിച്ചു. സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായാണ് ഇദ്ദേഹം പൊതു പ്രവർത്തനരംഗത്ത് എത്തുന്നത്. മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായർ സഹപാഠിയാണ്. കമ്മ്യൂണിസ്റ്റ് നേതാക്കന്മാരായ ജോസഫ് തെള്ളി, പി കെ വാസുദേവൻ നായർ എന്നിവർക്കൊപ്പം പൊതുരംഗത്ത് പ്രവർത്തിച്ചു.

പൂഞ്ഞാറിൽ യുവാക്കളെ ചേർത്ത് കൊണ്ട് യുണൈറ്റഡ് ബ്രദേഴ്സ് എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകി.  തുടർന്ന് പൂഞ്ഞാറിൽ എടിഎം ലൈബ്രറി (അവിട്ടം തിരുനാൾ മെമ്മോറിയൽ ലൈബ്രറി) യ്ക്ക് ഈ സംഘടന രൂപം നൽകി. കേരളത്തിലെ ഗ്രാമീണ ഗ്രന്ഥശാലകളിൽ ഒന്നായി ഇന്ന് മാറിയിരിക്കുകയാണ് ഈ ലൈബ്രറി.

എടിഎം ലൈബ്രറിയുടെ പ്രസിഡൻറായും അദ്ദേഹം പ്രവർത്തിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന പേര് പനച്ചികപ്പാറയ്ക്ക് നേടിക്കൊടുക്കുന്നതിൽ എടിഎം ലൈബ്രറി വഹിച്ച പങ്ക് നിസ്തുലമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഐ എമ്മിന്റെ സംസ്ഥാന ഓർഗനൈസിംഗ് കമ്മറ്റി അംഗമായി പ്രവർത്തിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ടി എ തൊമ്മൻ, കെ എം ജോർജ്ജ് എന്നിവർക്കെതിരെ മത്സരിച്ചു. കാലടി ശൃംഗേരി മഠത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീ ശങ്കരാസ് സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ശ്രീ ശങ്കരാ കോളേജിൽ നിന്നും സാമ്പത്തികശാസ്‌ത്ര വിഭാഗം മേധാവിയായാണ് വിരമിച്ചത്. വലിയ ശിഷ്യ സമ്പത്തിനുടമയായ കുമാരമേനോൻ അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവുമായിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top