16 November Friday

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ പര്യടനം: കെ സി ജോസഫിന്റെ ആരോപണം അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ പര്യടനത്തെത്തുടര്‍ന്ന് ഫയലുകള്‍ കെട്ടിക്കിടന്നുവെന്ന കെ സി ജോസഫിന്റെ പ്രസ്‌താവന അടിസ്ഥാനരഹിതം. 12 ദിവസത്തോളം പര്യടനത്തിനാണ് മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് പോയത്. ഈ ദിവസങ്ങളില്‍ ഫയലുകള്‍ ഇലക്‌ട്രോണിക് സംവിധാനം വഴി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് തീരുമാനം എടുക്കുന്നുണ്ട്. ഇത് കൃത്യമായി നടക്കുകയാണ്. ഇഫയലുകളില്‍ മാത്രമല്ല, ഫിസിക്കല്‍ ഫയലുകളിലും തീരുമാനം എടുക്കുന്നുണ്ട്. ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റിയാണ് അയച്ചുകൊടുക്കുന്നത്.

മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോള്‍ ചുമതല മറ്റൊരു മന്ത്രിക്ക് കൈമാറണമെന്നാണ് കെ സി ജോസഫ് ആരോപിക്കുന്ന മറ്റൊരു പരാതി. ഇങ്ങനെ ഒരു ചട്ടവും നിര്‍ദ്ദേശിക്കുന്നില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ആറ് തവണ വിദേശ സന്ദര്‍ശനം നടത്തിയിരുന്നു. ഇതില്‍ മൂന്ന് തവണ സ്വകാര്യ ആവശ്യത്തിനായിരുന്നു. ഒരു സന്ദര്‍ഭത്തിലും ചുമതല മറ്റൊരു മന്ത്രിക്ക് കൈമാറിയിരുന്നില്ല.

2013 ഏപ്രില്‍ 11 മുതല്‍ 14 വരെ ഉമ്മന്‍ ചാണ്ടി യുഎഇയിലായിരുന്നു. 2013 ജൂണ്‍ 27, 28 തീയതികളില്‍ ബഹ്‌റെയിനില്‍ പോയി. 2014 ജനുവരി 24 മുതല്‍ 26 വരെ യു.എ.ഇയില്‍. 2014 സപ്തംബര്‍ 24 മുതല്‍ 26 വരെ ദുബായില്‍. 2014 ഡിസംബര്‍ 5, 6 തീയതികളില്‍ വീണ്ടും ദുബായില്‍. 2015 മാര്‍ച്ച് 29 മതുല്‍ ഏപ്രില്‍ 2 വരെ യു.എ.ഇയില്‍. ഈ സന്ദര്‍ഭങ്ങളിലൊന്നും ചുമതല മറ്റാര്‍ക്കും കൈമാറിയിരുന്നില്ല.  





 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top