Top
23
Tuesday, January 2018
About UsE-Paper

എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കും: വീരേന്ദ്രകുമാര്‍

Saturday Jan 13, 2018
പ്രത്യേക ലേഖകന്‍

തിരുവനന്തപുരം > എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യു യുഡിഎഫ് വിട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടുദിവസമായി തലസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് മുന്നണി വിടാന്‍ തീരുമാനിച്ചത്.

കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതിനെത്തുടര്‍ന്ന് യുഡിഎഫിനുണ്ടായ തകര്‍ച്ച ഇതോടെ പൂര്‍ണമായി. കോണ്‍ഗ്രസും മുസ്ളിംലീഗും മാത്രമാണ് ഇനി യുഡിഎഫില്‍ അവശേഷിക്കുന്ന പ്രമുഖ കക്ഷികള്‍. ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജേക്കബ് തുടങ്ങിയ ചെറുകക്ഷികള്‍ ഉണ്ടെങ്കിലും സംസ്ഥാനത്ത് ഒരിടത്തും ചെറിയ ചലനംപോലും സൃഷ്ടിക്കാന്‍ ഇവര്‍ക്കാകില്ല. യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിലും ഗ്രൂപ്പുവഴക്കും അധികാരപ്പോരും മൂര്‍ധന്യത്തിലെത്തിനില്‍ക്കെയാണ് ജനതാദള്‍ യുവും മുന്നണി വിടുന്നത്.

ജനതാദള്‍ യുവിന്റെ രാഷ്ട്രീയം എന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ദേശീയതലത്തില്‍ വര്‍ഗീയ ഫാസിസത്തെ നേരിടാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. ഒരു പ്രത്യേക സാഹചര്യത്തിലാണ് യുഡിഎഫിലേക്ക് പോകേണ്ടിവന്നത്. അങ്ങനെ പോയതുകൊണ്ട് നഷ്ടമേ ഉണ്ടായുള്ളൂവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
എല്‍ഡിഎഫ് ചവിട്ടിപ്പുറത്താക്കിയപ്പോള്‍ അഭയം നല്‍കിയ യുഡിഎഫിനോട് ജനതാദള്‍ യു കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

 

Related News

കൂടുതൽ വാർത്തകൾ »