12 December Wednesday

കുടുംബവഴക്കിൽ യുവാവിന്റെ ആത്മഹത്യാശ്രമം; ശബരിമല ‘മോഹിച്ച‌്’ ജനം ടിവി, നാണംകെട്ടപ്പോൾ തടിയൂരി

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

തിരുവല്ല > തിരുവല്ല ക്ഷേത്ര നടയിൽ പെട്രോൾ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. ശബരിമല സ്ത്രീ പ്രവേശ വിഷയത്തിലെന്ന് ഉടൻ തന്നെ ജനം ചാനലിൽ ഫ്ലാഷ് ന്യൂസ്. തിരുവല്ല പൊലീസെത്തി കൈയോടെ പിടികൂടിയപ്പോഴാണ് കഥയുടെ ചുരുൾ അഴിയുന്നത്: ബിജെപി പ്രവർത്തകനായ മുത്തൂർ ചാലക്കുഴി തേറ്റാണിശേരിൽ രമേശന്റെ മകൻ രമോദരൻ(29) ആണ് ആത്മഹത്യാശ്രമം നടത്തിയത്.

ഞായറാഴ്ച പകൽ 12.20നാണ് സംഭവം. ഭാര്യ അകന്നുകഴിയുന്ന രമോദരൻ രാവിലെമുതൽ മദ്യപിക്കാൻ തുടങ്ങി. ഉച്ചയോടെ മദ്യപാനം പരിധിവിട്ടു. നേരെ പെട്രോൾവാങ്ങി ക്ഷേത്രനടയിലേക്ക്. കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് നിൽപായി. അവിടെ ഉണ്ടായിരുന്ന ബിജെപി പ്രവർത്തകർ അറിയിച്ചതനുസരിച്ച്  ഉടൻ ഫ്ലാഷും വന്നു. സ്ഥലത്തെത്തിയ പൊലീസ് പിടികൂടി സ‌്റ്റേഷനിൽ എത്തിച്ച കക്ഷിയെ തേടി ഉടൻ നേതാക്കളും സ‌്റ്റേഷനിലെത്തി. വസ്തുത അറിഞ്ഞപ്പോൾ നേതാക്കളും മുങ്ങി. - ജനം ഫ്ലാഷും മുക്കി. 

ആലപ്പുഴ കോമളപുരം സ്വദേശിയായ ഭാര്യ രണ്ടു പെൺമക്കളുമായി പിണങ്ങി വീട്ടിലാണെന്നും മാസാമാസം 15,000 രൂപ കൊടുക്കുന്നുണ്ടെന്നും കുട്ടികളെ  കാണാൻ പോലും അനുവദിക്കുന്നില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. വ്യക്തിപരമായ കാരണത്താലാണ് മദ്യലഹരിയിൽ ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഇയാൾ പറഞ്ഞു. യുവാവിനെതിരെ പൊലീസ് കേസെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top