22 September Saturday

നന്മയ്‌ക്ക്‌ ആദരം; ദുരിതക്കയത്തില്‍ ചവിട്ടുപടിയായ ജൈസലിനെ തോളിലേറ്റി ജന്മനാട്

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

താനൂര്‍ > ബോട്ടില്‍ കയറാന്‍ പ്രയാസം അനുഭവിച്ച സ്‌ത്രീകള്‍ക്ക് നന്മയുടെ ചവിട്ടുപടിയായി സ്വന്തം ശരീരത്തെ മാറ്റിയ ജൈസലിന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം. മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍ ഷാളണിയിച്ച് സ്വീകരിച്ചു. വെള്ളെപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ കോട്ടയ്‌ക്കല്‍ മുതലമാട് വച്ച് തോണിയില്‍ കയറുന്ന സ്‌ത്രീകള്‍ക്ക് പ്രയാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം ശരീരം ചവിട്ടുപടിയായി മാറ്റിയ ട്രോമ കെയര്‍ വളണ്ടിയറാണ് ജൈസല്‍.

ജൈസലിന്റെ നന്മ നിറഞ്ഞ പ്രവൃത്തി കൂട്ടത്തിലുള്ള ഒരാള്‍ വീഡിയോ എടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജൈസലിന് അഭിനന്ദന പ്രവാഹമായിരുന്നു. നന്മയുടെ മനുഷ്യരൂപം എന്ന തലക്കെട്ടോടെയാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

ദേശീയവിദേശ ദൃശ്യമാധ്യമങ്ങളടക്കം ജൈസലിന്റെ സല്‍പ്രവൃത്തിയെക്കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു. മത്സ്യ തൊഴിലാളി യൂണിയന്‍, സിഐടിയു ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 24ന് വൈകീട്ട് 4ന് താനൂരില്‍ വച്ച് ജൈസലിനെയും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ജില്ലയിലെ മുഴുവന്‍ മത്സ്യ തൊഴിലാളികളെയും ആദരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തായിരുന്നു ചടങ്ങ്. മത്സ്യ തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി പി സൈതലവി അധ്യക്ഷനായി. തീരദേശ ലോക്കല്‍ സെക്രട്ടറി എം പി ഹംസക്കോയ, യൂണിയന്‍ ഏരിയ സെക്രട്ടറി പി അബ്ദുല്‍ ഗഫൂര്‍, പ്രസിഡന്റ് പി ഹംസക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top