21 September Friday

സഭയ‌്‌‌ക്ക‌് പേരുദോഷം വന്നിട്ടുണ്ടെന്ന‌് മാർ ജേക്കബ‌് മനത്തോടത്ത‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

കൊച്ചി > സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയ‌്ക്ക‌്  ഇടക്കാലത്ത‌് പേരുദോഷം വന്നിട്ടുണ്ടെന്ന‌് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ മാർ ജേക്കബ് മനത്തോടത്ത‌്. പേരുദോഷം മാറ്റിയെടുക്കാനാണ‌് താൻ നിയമിതനായതെന്നും അതിനായി എല്ലാവരും കൂട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സെന്റ‌് മേരീസ‌് ബസലിക്കാ പള്ളിയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിനുശേഷം നന്ദി പറയുകയായിരുന്നു അദ്ദേഹം.

വലിയൊരു പ്രതിസന്ധിയിലൂടെയാണ‌് അതിരൂപത കടന്നുപോകുന്നത‌്. പ്രതിസന്ധി രമ്യമായി പരിഹരിക്കുക എന്ന ദൗത്യമാണ‌് തന്നെ ഏൽപ്പിച്ചിരിക്കുന്നത‌്. നല്ലരീതിയിൽ സഹകരിച്ചില്ലെങ്കിൽ താൻ പരാജയപ്പെടും. അത‌് അതിരൂപതയുടെ പരാജയമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനും എല്ലാവരെയും ഒന്നിപ്പിക്കാനും മനത്തോടത്തിന്‌ സാധിക്കുമെന്ന്  ഇന്ത്യയിലെ വത്തിക്കാൻ സ്ഥാ നപതി ആർച്ച് ബിഷപ് ജംബത്തിസ്താ ദിക്വാത്രോ പറഞ്ഞു. എല്ലാവരും ഒന്നിക്കാൻ ശ്രമിക്കണമെന്ന‌് മേജർ ആർച്ച‌് ബിഷപ‌് മാർ ജോർജ‌് ആലഞ്ചേരി പറഞ്ഞു.

ബിഷപ്‌മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ സഹകാർമികരായി. സിറോ മലബാർ കൂരിയ ചാൻസലർ ഡോ. ആന്റണി കൊള്ളന്നൂർ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ നിയമന ഉത്തരവും അതിരൂപതാ പ്രോ ചാൻസലർ ഡോ. ജോസ് പൊള്ളയിൽ പരിഭാഷയും വായിച്ചു.

പ്രധാന വാർത്തകൾ
Top