Top
25
Saturday, March 2017
About UsE-Paper

കേരളം പുതിയ അനുഭവം: ഇറോം ഷര്‍മിള

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > മണിപ്പുരിന്റെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന ഇറോം ചാനു ഷര്‍മിളയ്ക്ക്് തലസ്ഥാനത്തിന്റെ ഹൃദ്യമായ സ്വീകരണം. ഒരാഴ്ചയായി കേരളത്തിലുള്ള അവര്‍ തിങ്കളാഴ്ചയാണ് തലസ്ഥാനത്തെത്തിയത്. രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഇറോമിന് ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തില്‍ ഉജ്വലസ്വീകരണം നല്‍കി. 

തുടര്‍ന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിലെത്തിയ അവര്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ സാജു, ജില്ലാ പ്രസിഡന്റ് എ എ റഹീം, യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു എന്നിവര്‍ ഇറോമിനൊപ്പമുണ്ടായിരുന്നു.

അതിനുശേഷം സെക്രട്ടറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂറോളം ഇരുവരും സംസാരിച്ചു. ഇറോമിന്റെ പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനംചെയ്തു. ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനെയും അവര്‍ സന്ദര്‍ശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇറോമിനെ സന്ദര്‍ശിച്ചു. 

മണിപ്പുര്‍ തെരഞ്ഞെടുപ്പിനുശേഷം വിശ്രമത്തിനായാണ് ഇറോം കേരളത്തിലെത്തിയത്. കേരളം തനിക്ക് പുതിയ അനുഭവങ്ങളാണ് നല്‍കുന്നതെന്ന് അവര്‍ കേസരി സ്മാരക ട്രസ്റ്റില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ജനാധിപത്യമൂല്യങ്ങളുള്ള സംസ്ഥാനമാണ് കേരളം. മണിപ്പുരിലെ ജനങ്ങളെ ബിജെപിയും കോണ്‍ഗ്രസും പണവും ശക്തിയും ഉപയോഗിച്ച് വശത്താക്കി. താന്‍ ഇനി രാഷ്ട്രീയത്തില്‍ തുടരില്ല. പക്ഷേ താന്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ടി നിലനില്‍ക്കും. സൈനിക കരിനിയമത്തിനെതിരെ പോരാട്ടം തുടരും.

കേരളത്തിലെത്തിയശേഷമാണ് താന്‍ കടല്‍ കാണുന്നത്. ട്രെയിനില്‍ കയറുന്നതും ഇവിടെ വന്നശേഷമാണെന്നും അവര്‍ പറഞ്ഞു. മണിപ്പുരിലെ ആദ്യ മുസ്ളിം സ്ഥാനാര്‍ഥിയും പ്രജാപാര്‍ടി സെക്രട്ടറിയുമായ നജ്മ, ബഷീര്‍ മാടാല എന്നിവരും പങ്കെടുത്തു. കെയുഡബ്ള്യുജെ ജില്ലാ പ്രസിഡന്റ് സി റഹീം അധ്യക്ഷനായി.