22 September Saturday

സിപിഐ എം പ്രവർത്തകൻ യാക്കൂബിന്റെ കൊലപാതകം: മൊഴിമാറ്റിക്കാൻ സാക്ഷിയുടെ വീട്‌ വളഞ്ഞ്‌ ആർഎസ്‌എസ്‌ ഭീഷണി; ഒരാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

പിടിയിലായ ആർഎസ്എസ് പ്രവർത്തകൻ കല്യാട് ബ്ലാത്തൂരിലെ ഷിനോജ്

ഇരിട്ടി>സിപിഐ എം പ്രവർത്തകൻ പുന്നാട് കോട്ടത്തെ കുന്നിലെ കെ കെ യാക്കൂബിനെ കൊലപ്പെടുത്തിയ കേസിൽ  വിചാരണ നേരിടുന്ന പ്രതികൾക്കനുകൂലമായി മൊഴി മാറ്റിപ്പറയണമെന്നാവശ്യപ്പെട്ട്‌  ഒരു സംഘം ആർ എസുഎസുകാർ സാക്ഷിയുടെ വീട് വളഞ്ഞ് ഭീഷണിപ്പെടുത്തി.

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. കല്യാട്ടെ ആർഎസ്എസുകാരനായ ഷിനോജാണ് പിടിയിലായത്.

തലശേരി സെഷൻസ് കോടതിയിൽ ചൊവ്വാഴ്ച യാക്കൂബ് കേസിൽ നിർണായക ക്രോസ് വിസ്താരമാണ്. ആദ്യഘട്ട വിചാരണയിൽ ആർഎസ്എസ് നേതാക്കളായ വൽസൻ തില്ലങ്കേരി, ശങ്കരൻ പുന്നാട് എന്നിവരുൾപ്പെടെ പ്രതിപ്പട്ടികയിലെ 16 പേരെയും സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. ആയുധങ്ങളും തെളിവായി ഹാജരാക്കിയ വസ്ത്രങ്ങളും സാക്ഷികൾ തിരിച്ചറിഞ്ഞു. ക്രോസ് വിസ്താരത്തിന് പ്രതിഭാഗത്തിന് ആദ്യ വിചാരണയിൽ വക്കീൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് ക്രോസ് വിസ്താരം ചൊവ്വാഴ്ചത്തേക്ക് വച്ചത്.

തിങ്കളാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് മുഖ്യ സാക്ഷി ഷാനവാസിന്റെ ആയിപ്പുഴയിലെ വീട്ടിൽ ആർഎസ്എസ് സംഘമെത്തിയത്. ബൈക്കിലും കാറിലുമായെത്തിയവർ കേസിൽ മൊഴി മാറ്റണമെന്നാവശ്യപ്പെട്ടു. തുടർന്ന് സമ്മർദ്ദമായി. വഴങ്ങില്ലെന്ന് കണ്ടതോടെ മൊഴിയിൽ ഉറച്ചു നിന്നാൽ കൊല്ലുമെന്ന ഭീഷണിയായി. വീട്ടുകാർ ഉൾപ്പെടെ ഇത് കേട്ട് ഭീതിയിലായി. തുടർന്നാണ് ബഹളമായത്. വീട്ടിലെത്തി നടത്തിയ ഭീഷണിക്കെതിരെ സാക്ഷി ഷാനവാസ് പൊലീസിൽ പരാതി നൽകി.

നീതിന്യായ വ്യവസ്ഥയെയും കോടതി നടപടികളെയും ഭീഷണിപ്പെടുത്തി.തങ്ങൾക്ക്‌ അനുകൂലമാക്കാമെന്ന അക്രമികളുടെ കൊലവിളിയിൽ നിന്നും അക്രമ നീക്കത്തിൽ നിന്നും സാക്ഷികൾക്ക് സുരക്ഷ നൽകണമെന്ന് സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറി അഡ്വ. ബിനോയ് കുര്യൻ ആവശ്യപ്പെട്ടു. സാക്ഷിയുടെ വീട്ടിലെത്തി അക്രമത്തിനും ഭീഷണിക്കും മുതിർന്ന അക്രമികളെ ഉടൻ പിടികൂടണമെന്നും ബിനോയ് കുര്യൻ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top