24 October Wednesday

കോടതിയില്‍ ഹാജരായ വധുവിനെ ഭര്‍ത്താവിനൊപ്പം വിട്ടയച്ചു; വിഷയത്തില്‍ ഇടപെടാന്‍ എസ്ഡിപിഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വധുവിന്റെ സഹോദരന്‍

സ്വന്തം ലേഖകന്‍Updated: Friday Jul 20, 2018

ഹാരിസണും ഷഹാനയും സിപിഐ എം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി ഓഫീസിനു മുമ്പില്‍. (ഫയല്‍ ചിത്രം)

കണ്ണൂര്‍ > ഇതര മതത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ എസ്ഡിപിഐയുടെ വധഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ച യുവതി ഭര്‍ത്താവിനൊപ്പം പോയി. പാപ്പിനിശേരി സ്വദേശിയായ ഷഹാന (18)യാണ് ആറ്റിങ്ങല്‍ കോട്ടിയോട് സ്വദേശി ഹാരിസണെ (21) പ്രണയിച്ച് വിവാഹം കഴിച്ചത്. യുവതിയുടെ ബന്ധുവിന്റെ മകനാണ് ഹാരിസണ്‍.

കഴിഞ്ഞ 15ന് കണ്ണൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ ഹാരിസണ്‍ യുവതിയെയും കൂട്ടി ആറ്റിങ്ങലിലേക്ക് പോയി. ഒരു ക്ഷേത്രത്തില്‍ മാലയിട്ട് വിവാഹിതരായി. വധുവുമായി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് എസ്ഡിപിഐയുടെ ഭീഷണി ഉയര്‍ന്നത്.

എന്നാല്‍ തന്റെ സഹോദരിയുടെ പ്രണയവിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാന്‍ എസ്ഡിപിഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഷഹാനയുടെ സഹോദരന്‍ ഷഹല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഞങ്ങളുടെ കുടുംബകാര്യം മാത്രമാണ്. ഞങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകരോ അനുഭാവികളോ അല്ല. ഇത്തരം വിഷയങ്ങളില്‍ മുതലെടുപ്പ് നടത്താനാണ് അവരുടെ നീക്കമെന്നും ഷഹല്‍ പറഞ്ഞു.

ഇതര മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിനാല്‍ രണ്ടുപേരെയും വധിക്കുമെന്നും ഹാരിസന്റെ കുടുംബത്തെ ചുട്ടുചാമ്പലാക്കുമെന്നുമായിരുന്നു എസ്ഡിപിഐ ഭീഷണി. തിരുവനന്തപുരത്തുള്ള ചില എസ്ഡിപിഐക്കാര്‍ ഹാരിസണെ തിരക്കി ആറ്റിങ്ങലെത്തുകയും ചെയ്തതോടെ ഇരുവരും ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് തീവ്രവാദികളില്‍നിന്നുള്ള ഭീഷണിവിവരം പുറത്തുവിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിന്തുണ നല്‍കി. ഹാരിസണെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹാരിസണെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. ഷഹാനയെ കാണാനില്ലെന്ന്  ഉപ്പ വളപട്ടണം പൊലീസിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ കോടതി ഷഹാനയോട് വളപട്ടണം പൊലീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. പൊലീസ് സുരക്ഷയും നല്‍കി.

ആറ്റിങ്ങലിലെ ഡിവൈഎഫ്ഐ നേതാക്കളായ ആര്‍ എസ് അനൂപ്, വിഷ്ണുചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ഇരുവരും വളപട്ടണം സിഐ എം കൃഷ്ണന്‍ മുമ്പാകെ ഹാജരായി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്തി. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി കെ സനോജ്, ജില്ലാ കമ്മറ്റിയംഗം കെ കെ റിജു എന്നിവരും നിരവധി പ്രവര്‍ത്തകരും സ്റ്റേഷനിലെത്തി.

കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട്ഒന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഷഹാന ഹാരിസണൊപ്പം പോകാനാണ് ആഗ്രഹമെന്ന് അറിയിച്ചു. ഇതോടെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ മജിസ്‌ട്രേട്ട് ഇ രഞ്ജിത്ത് അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ഷഹാന യുവാവിനൊപ്പം ആറ്റിങ്ങലിലേക്ക് മടങ്ങി. തിരുവനന്തപുരത്ത് സ്റ്റുഡിയോയില്‍ ജോലിചെയ്യുകയാണ് ഹാരിസണ്‍. മിശ്രവിവാഹിതരായ സ്റ്റീഫന്റെയും സോഫിയയുടെയും മകനാണ്.
 

പ്രധാന വാർത്തകൾ
Top