18 September Tuesday

സ്‌കൂളുകൾ പൂർണമായി ഇൻഷുറൻസ് പരിധിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 23, 2018



തിരുവനന്തപുരം > സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും ഇനി പൂർണമായും ഇൻഷുറൻസ് പരിധിയിൽ. വിദ്യാർഥികളെയും പാചകത്തൊഴിലാളികളെയും ഇൻഷുർ ചെയ്യും. ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള മുഴുവൻ പൊതുവിദ്യാലയങ്ങളും ഇൻഷുറൻസ് പരിധിയിൽ വരുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു. ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. അധ്യാപകർക്കും ജീവനക്കാർക്കും നിലവിൽ ഇൻഷുറൻസ് പദ്ധതിയുണ്ട്.

കേരളത്തിന്റെ പശ്ചാത്തലത്തിൽ മികച്ച ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് കൈരളി അവാർഡ് ഏർപ്പെടുത്തും. അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്തുന്ന 141 സ്കൂളുകളുടെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. ഏപ്രിൽ, മെയ് മാസങ്ങളിൽ തറക്കല്ലിടൽ ഉത്സവങ്ങൾ നടത്തും. ഒരു മണ്ഡലത്തിൽ ചുരുങ്ങിയത് 12.5 കോടിയുടെ പ്രവർത്തനങ്ങളാണ് വിദ്യാലയങ്ങളിൽ നടക്കുക. ജൂൺ 30നുമുമ്പ് എട്ടുമുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്മുറികൾ ഹൈടെക്കാകും.

അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകവിതരണം പൂർത്തിയായി. വിദ്യാർഥികളുടെ ശാരീരികശേഷിക്കനുസരിച്ച് പാഠപുസ്തകങ്ങൾ നൽകും. പൂർണമായി കാഴ്ചശക്തിയില്ലാത്തവർക്ക് ബ്രെയ്ലി ലിപിയിലുള്ള പുസ്തകങ്ങൾ നൽകും. കാഴ്ചപരിമിതിയുള്ളവർക്ക് വലിയ അക്ഷരങ്ങളിൽ അച്ചടിച്ച പാഠപുസ്തകങ്ങളും കേൾവി ശക്തിയില്ലാത്തവർക്ക് സമഗ്ര പോർട്ടലിലൂടെ വിഷ്വൽ ടെക്സ്റ്റ് പുസ്തകങ്ങളും നൽകും‐ മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top