22 September Saturday

മെഡൽനേട്ടത്തിൽ ഇന്ത്യക്ക് റെക്കോഡ് ; ചൈനയ്‌ക്ക്‌ കിരീടം

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

ബോക്സിങ്ങിലെ 49 കിലോ വിഭാഗത്തിൽ സ്വർണം നേടിയ അമിത് പംഗലിന്റെ ആഹ്ലാദം


ജക്കാർത്ത
പതിനെട്ടാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽനേട്ടം. 15 സ്വർണം, 24 വെള്ളി, 30 വെങ്കലം എന്നിങ്ങനെ ആകെ 69 മെഡൽ സ്വന്തമാക്കിയാണ് രാജ്യം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. സ്വർണനേട്ടത്തിൽ റെക്കോഡിന് ഒപ്പമെത്തി.  2010ൽ നേടിയ 65 മെഡലായിരുന്നു ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 14 സ്വർണവും 17 വെള്ളിയും 34 വെങ്കലവും ആ വർഷം നേടി. 1951ലെ ആദ്യ ഏഷ്യൻ ഗെയിംസിലെ 15 സ്വർണമായിരുന്നു നിലവിലെ ഏറ്റവും വലിയ തങ്കനേട്ടം. മെഡൽപട്ടികയിൽ ഇന്ത്യ എട്ടാമതാണ്.

ശനിയാഴ്ച രണ്ട് സ്വർണവും ഒരു വെള്ളിയും വെങ്കലവും നേടിയതോടെയാണ് മെഡൽനേട്ടത്തിൽ ഇന്ത്യ റെക്കോഡിട്ടത്. ബോക്സിങ്ങിലെ 49 കിലോ വിഭാഗത്തിൽ അമിത് പംഗൽ തിളക്കമുള്ള സ്വർണം നേടി. ബ്രിഡ്ജ് (ചീട്ടുകളി) പുരുഷവിഭാഗത്തിൽ പ്രണബ് ബർദനും ശിബ്നാഥ് സർക്കാറുമാണ് രണ്ടാം സ്വർണത്തിന് ഉടമകൾ. സ്ക്വാഷിൽ ദീപിക പള്ളിക്കൽ, ജോഷ്ന ചിന്നപ്പ, സുനയന കുരുവിള ടീം വെള്ളി നേടി. ഹോക്കിയിൽ പാകിസ്ഥാനെ തോൽപ്പിച്ച് പുരുഷ ടീം വെങ്കലം സ്വന്തമാക്കി.

ഗെയിംസ് നാളെ സമാപിക്കാനിരിക്കെ 131 മെഡലുമായി ചൈന എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാംസ്ഥാനം ഉറപ്പിച്ചു. ജപ്പാൻ രണ്ടും കൊറിയ മുന്നും സ്ഥാനത്താണ്. 31 സ്വർണവുമായി ആതിഥേയരായ ഇന്തോനേഷ്യ നാലാമത്.


പ്രധാന വാർത്തകൾ
Top