19 November Monday

സഹ. ബാങ്കുകൾക്ക‌് കോടികൾ പിഴയിട്ട്‌ ആദായനികുതി വകുപ്പ്‌

പി ഒ ഷീജUpdated: Tuesday Aug 7, 2018



ഇരുപതിനായിരം രൂപയിൽ കൂടുതൽ പണമിടപാടുകൾ നടത്തിയതിന്റെ പേരിൽ സഹകരണ ബാങ്കുകൾക്ക് ആദായനികുതി വകുപ്പ് കോടികൾ പിഴയിട്ടു. പല ബാങ്കുകളുടെയും  ആകെ നിക്ഷേപത്തുകയേക്കാൾ ഇരട്ടിയിലധികം പിഴയുണ്ട‌്. 20,000 രൂപയിൽ കൂടുതൽ  പണമിടപാട് പാടില്ലെന്ന് 2015ൽ ആദായനികുതി നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. എന്നാൽ ബാങ്കുകൾ, സർക്കാരുകൾ എന്നിവയ്ക്ക് പുറമേ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ നിയമങ്ങൾ അനുസരിച്ച് രൂപീകരിക്കുന്ന സ്ഥാപനങ്ങളെ ഒഴിവാക്കാമെന്നാണ‌് വ്യവസ്ഥ.

21 കോടി രൂപ മാത്രം നിക്ഷേപമുള്ള മീനങ്ങാടി സർവീസ് സഹകരണ ബാങ്കിന് 50 കോടി രൂപ പിഴ അടയ‌്ക്കാനാണ് നിർദേശം. 113 കോടി രൂപ മാത്രം നിക്ഷേപമുള്ള ബത്തേരി സഹകരണ ബാങ്ക് 218 കോടിയും ഏഴ് കോടി നിക്ഷേപമുള്ള കണിയാമ്പറ്റ സഹകരണ ബാങ്ക് 21.44 ലക്ഷവും 40 ലക്ഷം രൂപ  നിക്ഷേപമുള്ള പൂതാടി ബാങ്ക് 78 കോടിയും പിഴ അടയ‌്ക്കണം. 23 കോടി രൂപ നിക്ഷേപമുള്ള കൽപ്പറ്റ സഹകരണ ബാങ്കിന് 66 കോടി രൂപയും 51 കോടി നിക്ഷേപമുള്ള മടക്കിമല ബാങ്കിന് 64 കോടി രൂപയും പിഴ അടയ‌്ക്കാനുണ്ട്. ഇത് 2014‐15 വർഷത്തെ മാത്രം പിഴയാണ്. അടുത്ത രണ്ട് വർഷത്തെ പിഴ കൂടിയാകുമ്പോൾ ഈ ബാങ്കുകൾ പൂർണമായും പൂട്ടേണ്ടിവരും.

ആദായനികുതി നിയമത്തിലെ 80 (പി) വകുപ്പ് അനുസരിച്ച് പ്രാഥമിക കാർഷികവായ്പ സഹകരണസംഘങ്ങളെ നികുതിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സഹകരണ ബാങ്കുകൾ നൽകുന്ന കാർഷിക വായ്പയുടെ തോത് കുറവാണെന്നും 50 ശതമാനത്തിൽ അധികം തുക കാർഷികേതര വായ്പകൾക്ക് നൽകിയതിനാൽ നികുതി അടയ‌്ക്കണമെന്നും ആവശ്യപ്പെട്ട‌് ആദായ നികുതിവകുപ്പ് ബാങ്കുകൾക്ക് നോട്ടീസ് അയച്ചു. കിട്ടാക്കടങ്ങളും  വരുമാനത്തിൽ കൂട്ടി 24 ശതമാനത്തിലധികം പിഴ പലിശ സഹിതമാണ് നികുതി. കോടികൾ അടച്ചതോടെ പ്രതിസന്ധിയിലായ സഹകരണ ബാങ്കുകൾ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാനത്ത് സഹകരണ ബാങ്കുകൾ പ്രാഥമിക കാർഷിക വായ്പ സഹകരണസംഘങ്ങളായതിനാൽ ആദായനികുതി ഈടാക്കിയത് തെറ്റാണെന്നും ഈടാക്കിയ തുക ബാങ്കുകൾക്ക് തിരിച്ച് നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.  ഈ വിധിെക്കതിരെ ആദായ നികുതി വകുപ്പ് സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം ബാങ്കുകളിൽനിന്നും  ഈടാക്കിയ പണം ആദായനികുതി വകുപ്പിന് തിരികെ നൽകേണ്ടിവന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് പിഴ ഈടാക്കാനുള്ള നീക്കമെന്നാണ് ബാങ്കുകളുടെ ആരോപണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top