21 May Monday

പഞ്ചാബില്‍ ചര്‍ച്ച അഴിമതിയും കുടുംബവാഴ്ചയും: നീലോല്‍പ്പല്‍ ബസു

സ്വന്തം ലേഖകന്‍Updated: Saturday Jan 7, 2017

തിരുവനന്തപുരം > അഴിമതിയും കുടുംബവാഴ്ചയുമാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം നീലോല്‍പ്പല്‍ ബസു പറഞ്ഞു. കേന്ദ്ര കമ്മിറ്റിയില്‍ പഞ്ചാബിന്റെ ചുമതലയുള്ള നിലോല്‍പ്പല്‍ തിരുവനന്തപുരത്ത് സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന് എത്തിയതാണ്. അകാലിദള്‍ബിജെപി സഖ്യ സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ പഞ്ചാബില്‍ ഭരണമാറ്റം ആസന്നമാണ്.

പഞ്ചാബിലെ ഏറ്റവും പ്രബലനായ രാഷ്ട്രീയ നേതാവാണ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍. അഴിമതി, കുടുംബവാഴ്ച, മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം എന്നിവയാണ് സര്‍ക്കാരിനെതിരായ പ്രധാന ആരോപണങ്ങള്‍. ഈ ആരോപണമെല്ലാം ഉയരുന്നത് ബാദല്‍ കുടുംബത്തെ ചുറ്റിപ്പറ്റിയാണ്. ഇത് ഭരണസഖ്യത്തിന് ദോഷം ചെയ്യും. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ കടുത്ത അമര്‍ഷമാണ് പഞ്ചാബിന്റെ ഗ്രാമീണമേഖലയില്‍ ഉയര്‍ത്തിയിട്ടുള്ളത്.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസാണ് പ്രധാന പ്രതിപക്ഷം. നയങ്ങളുടെ കാര്യത്തിലും അഴിമതിയുടെ കാര്യത്തിലും ഒട്ടും വ്യത്യസ്തമല്ല കോണ്‍ഗ്രസ്. എന്നാല്‍, കഴിഞ്ഞ പത്തു വര്‍ഷമായി അധികാരത്തിലില്ല എന്നതാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നത്. ആം ആദ്മി പാര്‍ടിയും പഞ്ചാബില്‍ ശക്തമായ സാന്നിധ്യമാണ്. അഴിമതിക്കെതിരായ വികാരം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആപ്പിന് കഴിഞ്ഞിട്ടുണ്ടെങ്കിലും വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താവുന്ന ഒരു നേതൃത്വം പഞ്ചാബില്‍ ആം ആദ്മി പാര്‍ടിക്കില്ല. മാത്രമല്ല, പഞ്ചാബില്‍ ഒരു ബൂര്‍ഷ്വാ പാര്‍ടിയുടെ എല്ലാ ലക്ഷണവും പ്രകടിപ്പിക്കുന്നതാണ് ആപ്.

ഗ്രാമങ്ങളില്‍ ജനങ്ങള്‍ അകാലിദളിനെ കൈവിടുകയാണ്. വിദേശ ഇന്ത്യക്കാര്‍ നിര്‍ണായക ശക്തിയാണ് പഞ്ചാബില്‍. സാമൂഹ്യ മാധ്യമങ്ങളില്‍ അവര്‍ നടത്തുന്ന ഇടപെടലുകള്‍ പഞ്ചാബ് തെരഞ്ഞെടുപ്പിനെ ബാധിക്കാറുണ്ട്.

പഞ്ചാബില്‍ മികച്ച മത്സരത്തിനാണ് ഇടതു കക്ഷികള്‍ തയ്യാറെടുക്കുന്നത്. നേരത്തെ പഞ്ചാബ് നിയമസഭയില്‍ പ്രാതിനിധ്യമുണ്ടായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക്. ഇക്കുറി 5560 സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം. സിപിഐ എം, സിപിഐ, സിപിഐ എംഎല്‍ ലിബറേഷന്‍, മംഗത്റാം പസ്ലയുടെ സിപിആര്‍എംഎല്‍ എന്നീ പാര്‍ടികള്‍ ചേര്‍ന്ന സഖ്യമാണ് മത്സരിക്കുന്നത്. കാര്‍ഷിക തകര്‍ച്ച, ചെറുകിടകുടില്‍ വ്യവസായ മേഖലയുടെ തകര്‍ച്ച, നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി എന്നിവ ഉയര്‍ത്തിയാണ് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത് നീലോല്‍പ്പല്‍ ബസു പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top