22 November Thursday

ജെഎൻയുവിൽ അതിജീവനത്തിന്റെ പോരാട്ടം: നിതീഷ് നാരായണൻ

ഷാനു കേരളപുരംUpdated: Sunday Jun 24, 2018
സ: അജയ പ്രസാദ്‌ നഗർ (കൊല്ലം) > നരേന്ദ്രമോഡി സർക്കാരിന്റെ രാജ്യഭരണം നാലുവർഷം പിന്നിടുമ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയും കേന്ദ്ര സർവകലാശാലകളും ജനാധിപത്യ സംരക്ഷണത്തിന് അതിജീവനത്തിന്റെ പ്രക്ഷോഭം നയിക്കുന്നു. സർഗാത്മക സംവാദങ്ങളുടെ വേദിയും സ്വതന്ത്ര ഗവേഷണങ്ങളുടെ വൈജ്ഞാനിക മണ്ഡലവുമായ സർവകലാശാലകളെ തകർക്കാനുള്ള സംഘപരിവാർ അജൻഡ അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു. ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കാൻ രാജ്യത്ത് ഇടതുപക്ഷവും എസ്എഫ്‌ഐയും നടത്തുന്ന ചെറുത്തുനിൽപ്പുകളുടെ സന്ധിയില്ലാസമരങ്ങളുടെ ആവശ്യകതയെക്കുറിച്ച്  ദേശാഭിമാനിയോട് പ്രതികരിക്കുകയാണ് എസ്എഫ്‌ഐ കേന്ദ്ര  എക്സിക്യൂട്ടീവ്  അംഗവും ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എംഫിൽ  വിദ്യാർഥിയുമായ നിതീഷ് നാരായണൻ.
 
സംഘപരിവാറിനെതിരെ ഇടതുപക്ഷ ബദൽ
 
ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലയായ ജെഎൻയു അതിജീവനത്തിന്റെ പാതയിലാണ്. ഉന്നത വിദ്യാഭ്യാസരംഗത്തും ഇന്ത്യൻ ഭരണചരിത്രത്തിലും മഹത്തരമായ സർവകലാശാല സംഘപരിവാർ അജൻഡകളെ ചെറുത്തുതോൽപ്പിക്കാൻ ഇടതുപക്ഷ വിദ്യാർഥി യൂണിയനുകളുടെ നേതൃത്വത്തിൽ സന്ധിയില്ലാ സമര രംഗത്തുണ്ട്്. വിദ്യാർഥികളാൽ തെരഞ്ഞെടുക്കുന്ന ഭരണസംവിധാനമുള്ള അധികാര വർഗത്തിന്റെ നിയന്ത്രണത്തിൽനിന്നു തികച്ചും വേറിട്ടുനിൽക്കുന്ന സർവകലാശാലയിലെ നാലുപതിറ്റാണ്ടിന്റെ സർഗാത്മക പാരമ്പര്യത്തിന് സംഘപരിവാർ വെല്ലുവിളി ഉയർത്തുന്നു. രാജ്യത്തെ പ്രഗത്ഭരായ അധ്യാപകരും മികച്ച ഗവേഷക വിദ്യാർഥികളും ആശയ സംവാദങ്ങളിലൂടെ സക്രിയമാക്കിയ സർവകലാശാലയുടെ തകർച്ചയിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുക എന്ന അജൻഡയാണ് സംഘപരിവാർ മുന്നോട്ടുവയ്ക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്ന് ഒരാൾക്കും കടന്നുചെല്ലാൻ കഴിയാത്തവിധം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വരേണ്യ വർഗത്തിനു മാത്രമായി സംവരണം ചെയ്യാനുള്ള ഗൂഢതന്ത്രങ്ങൾക്കെതിരെയാണ് രാജ്യത്ത് പ്രക്ഷോഭം ഉയർന്നുവരേണ്ടത്. ഈ സാഹചര്യത്തിലാണ് ജെഎൻയു, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രധാന കേന്ദ്ര യൂണിവേഴ്സിറ്റികളിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭം രൂപപ്പെട്ടത്. 
 
വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇടതുപക്ഷ ഐക്യത്തിന്റെ വിജയം
 
രാജ്യത്ത് ഇടതുപക്ഷത്തിനും പുരോഗമന വാദികൾക്കും പ്രത്യാശ പകരുന്നതാണ് ജെഎൻയുവിലെ ഇടതുപക്ഷ വിദ്യാർഥി യൂണിയൻ നേടിയ തെരഞ്ഞെടുപ്പു വിജയം. ഭരണം പിടിച്ചെടുക്കാമെന്ന വലതുപക്ഷ തീവ്രശക്തികളുടെ മോഹങ്ങളിൽ കടുത്ത പ്രഹരമേൽപ്പിച്ചാണ് എസ്എഫ്‌ഐ ഉൾപ്പെട്ട ഇടതുസഖ്യം ചരിത്രവിജയം നേടിയത്. തെരഞ്ഞെടുപ്പു ഫലം സംഘപരിവാറിന്റെ നുണ പ്രചാരണങ്ങൾക്കുള്ള താക്കീതായി. വിദ്യാർഥികളെ രാജ്യദ്രോഹികളെന്നു മുദ്രപതിച്ച് ക്യാമ്പസിനു പുറത്ത് തെരുവിൽ കായികമായി നേരിടാൻ സംഘപരിവാർ പൊലീസിനെയും ആയുധമാക്കി. താടിയും ജുബ്ബയും ധരിച്ച വിദ്യാർഥികളെപ്പോലും ഇടതുപക്ഷ പ്രവർത്തകരെന്ന പേരിൽ അറസ്റ്റ് ചെയ്തു. പ്രാകൃതമായ ശിക്ഷാ നടപടികൾക്ക് നിരവധി വിദ്യാർഥികൾ ഇരയായി. 
 
സീറ്റ് വെട്ടിക്കുറച്ചു; അധ്യാപക നിയമനത്തിൽ സംഘപരിവാർ അജൻഡ
 
സീറ്റുകൾ വെട്ടിക്കുറച്ചും സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ചും പാവപ്പെട്ട പിന്നോക്ക വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ മോഹങ്ങൾക്കുമേൽ കേന്ദ്ര സർക്കാർ കരിനിഴൽ വീഴ്ത്തി. പട്ടികജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങളുടെ സംവരണം ഗണ്യമായി വെട്ടിക്കുറച്ചു. 1100 സീറ്റാണ് ഒറ്റയടിക്ക് വെട്ടിച്ചുരുക്കിയത്. എല്ലാ വിഭാഗം വിദ്യാർഥികൾക്കും അഡ്മിഷൻ നേടാൻ ഒരേ മാർക്ക് നിശ്ചയിച്ച് പ്രവേശന നടപടികൾ അട്ടിമറിച്ചു. രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം നേടാൻ ജെഎൻയുവിൽ എത്തിയിരുന്നു. അവർക്കു മുന്നിൽ സർവകലാശാലയുടെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടു.  
 
ഐഐടി അധ്യാപകനായിരുന്ന സംഘപരിവാർ പശ്ചാത്തലമുള്ള ജഗദീഷ് കുമാറിനെ വിദ്യാഭ്യാസ മൂല്യങ്ങളുടെ സംരക്ഷണത്തിന് മഹത്തായ പാരമ്പര്യം പേറുന്ന ജെഎൻയുവിന്റെ വൈസ് ചാൻസലർ പദവിയിലേക്ക് അവരോധിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഇദ്ദേഹം നടത്തുന്ന ഇടപെടൽ സംഘപരിവാർ വിധേയത്വത്തിന്റെ ഉത്തമ തെളിവാണ്. സാമൂഹികശാസ്ത്ര വിഷയങ്ങളിൽ പ്രാവീണ്യമില്ലാത്ത ജഗദീഷ്‌കുമാർ അധ്യാപക നിയമന അഭിമുഖങ്ങളിൽ ഇടപെട്ട് സംഘപരിവാർ അജൻഡ നടപ്പാക്കുന്നു. 
ഐതിഹാസിക ലോങ്്മാർച്ചും ഭരണകൂട ഭീകരതയും
 
രാജ്യത്ത് സമാനതകളില്ലാത്ത സംഭാവനകൾ സമ്മാനിച്ച ജെഎൻയുവിനെ തകർക്കാനുള്ള ഭരണവർഗത്തിന്റെ ശ്രമങ്ങൾക്കെതിരെയാണ് കഴിഞ്ഞ മാർച്ച് 23ന് വിദ്യാർഥി യൂണിയൻ നേതൃത്വത്തിൽ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിലേക്ക്  പദയാത്ര സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ കർഷക സമരത്തിൽനിന്ന് ആവേശം ഉൾക്കൊണ്ട്  ക്യാമ്പസിൽനിന്ന് 14 കിലോമീറ്റർ അകലെയുള്ള പാർലമെന്റിലേക്ക് നടന്ന മാർച്ചിൽ നാലായിരത്തോളംപേർ അണിനിരന്നു. അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും പൂർവ വിദ്യാർഥികളും മാർച്ചിൽ കണ്ണികളായി. ലക്ഷ്യസ്ഥാനത്തിന് പാതിവഴിയിൽ പൊലീസ് മാർച്ച് തടഞ്ഞു. പ്രകോപനം കൂടാതെ വിദ്യാർഥികൾക്കു നേരെ ഭരണകൂട ഭീകരത അഴിച്ചുവിട്ടു. 24 വിദ്യാർഥികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 
 
പൊലീസ് വാഹനത്തിലും സ്റ്റേഷനിലും വിദ്യാർഥികളെ കൊടിയ മർദനത്തിന് വിധേയരാക്കി. വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തിയ ലൈഫ് സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകൻ അതുൽ ജോഹരിയുടെ അറസ്റ്റ്് എന്നതായിരുന്നു പദയാത്രയുടെ പ്രധാന ആവശ്യം. വിദ്യാർഥികളുടെ അറസ്റ്റിനെ തുടർന്ന് പൊലീസ് സ്റ്റേഷനുമുന്നിൽ ശക്തമായ പ്രതിഷേധം അരങ്ങേറി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അടക്കമുള്ള പ്രമുഖ നേതാക്കൾ ഇടപെട്ടതോടെ അധ്യാപകനെ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ്് ഉറപ്പു നൽകി വിദ്യാർഥികൾക്ക് ജാമ്യം നൽകി. എന്നാൽ, അധ്യാപകനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു. വിദ്യാർഥികൾക്ക് എതിരെ പിന്നീട് കേസും ചുമത്തി.
 
കേരളം പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പച്ചത്തുരുത്ത്
 
ലോകത്ത് കോർപറേറ്റ് വൽക്കരണത്തിൽ പൊതുവിദ്യാഭ്യാസ മേഖല തകരുമ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം പച്ചത്തുരുത്തായി മാറുന്നു. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽപോലും വിദ്യാർഥികളുടെ ജനാധിപത്യ അന്തരീക്ഷം സംരക്ഷിക്കപ്പെടുന്നു. സംസ്ഥാനത്ത് ഗവേഷക രംഗത്ത് എല്ലാ വിഭാഗം വിദ്യാർഥികൾക്കും വിവേചനരഹിതമായി അവസരം ലഭിക്കുന്നു. രാജ്യത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തെ ശക്തിപ്പെടുത്താൻ എസ്എഫ്‌ഐയുടെ 33ാം സംസ്ഥാന സമ്മേളനം കരുത്തുപകരുമെന്ന് നിതീഷ് നാരായണൻ പറഞ്ഞു.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top