11 December Tuesday

ചലച്ചിത്രമേള: ഈമയൗ, സുഡാനി ഫ്രം നൈജീരിയ മത്സരവിഭാഗത്തിൽ; ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 10ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 23, 2018

തിരുവനന്തപുരം >

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽനിന്ന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ഈ.മ.യൗ', സക്കറിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തു.

മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ 12 സിനിമകൾ പ്രദർശിപ്പിക്കും. കഴിഞ്ഞതവണ ഈ പാക്കേജിൽ ഏഴ് സിനിമകളായിരുന്നു ഉണ്ടായിരുന്നത‌്. പി കെ ബിജുക്കുട്ടൻ സംവിധാനം ചെയ‌്ത ഓത്ത‌്, സൗബിൻ ഷാഹിറിന്റെ പറവ, ജയരാജിന്റെ ഭയാനകം, ഉണ്ണികൃഷ‌്ണൻ ആവശയുടെ ഉടലാഴം, ആഷിഖ‌്അബുവിന്റെ മായാനദി, വിനു എ കെയുടെ ബിലാത്തിക്കുഴൽ, വിപിൻ വിജയിന്റെ പ്രതിഭാസം, ബി അജിത്ത‌്കുമാറിന്റെ ഈട, ബിനു ഭാസ‌്കറിന്റെ കോട്ടയം, സുമേഷ‌് ലാലിന്റെ ഹ്യുമൻസ് ഓഫ് സംവൺ, - ഗൗതം സൂര്യയുടെ സ്ലീപ്‌ലെസ്ലി യുവേഴ്സ്-, വിപിൻ രാധാകൃഷ‌്ണന്റെ ആവേ മരിയ എന്നീ ചിത്രങ്ങളാണ‌് മലയാളം സിനിമ ഇന്ന‌് വിഭാഗത്തിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടത‌്. ആകെയുള്ള 14 മലയാള ചിത്രത്തിൽ പത്തും നവാഗത സംവിധായകരുടേതാണെന്ന‌് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മേളയുടെ ഓഫ‌് ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ ഒന്നിന് തുടങ്ങും. അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം മേഖലാ കേന്ദ്രങ്ങൾ വഴിയായിരിക്കും രജിസ്‌ട്രേഷൻ. ഓരോ കേന്ദ്രത്തിൽനിന്നും 500 പാസുകൾ വീതം വിതരണം ചെയ്യും. ഇതിൽ 200 പാസുകൾ 50 വയസ്സിനു മുകളിലുള്ള പൗരന്മാർക്കായി നീക്കിവച്ചിട്ടുണ്ട്.

ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 10ന് ആരംഭിക്കും.ഡെലിഗേറ്റ് ഫീസ് 2000 രൂപയാണ്. വിദ്യാർഥികൾക്ക് 1000 രൂപയാണ‌് ഫീസ‌്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ചെലവുചുരുക്കി നടത്തുന്നതിനാൽ ഇത്തവണ സൗജന്യ പാസുകൾ ഉണ്ടായിരിക്കില്ല. ഡിസംബർ ഏഴ‌് മുതൽ 13 വരെയാണ് മേള. 1 4 തീയേറ്ററുകളിലായി നൂറ്റമ്പതോളം സിനിമകളാണ് പ്രദർശിപ്പിക്കുക.

അക്കാ‌ദമി വൈസ‌് ചെയർപേഴ‌്സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു, സിബിമലയിൽ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top