19 September Wednesday
ചരിത്രത്തിലാദ്യം

ഇടുക്കി പൂർണ നിറവിലേക്ക്‌; 2402.24അടി

കെ ടി രാജീവ്‌Updated: Monday Aug 20, 2018


ഇടുക്കി

മൂന്ന്‌ സംഭരണികൾ ഉൾപ്പെടുന്ന ഇടുക്കി പദ്ധതി നിലവിൽ വന്നശേഷം ആദ്യമായി പൂർണശേഷിയിലേക്ക്‌. പരമാവധി ശേഷിയാകാൻ ഇനി മുക്കാൽ അടി മാത്രം മതിയാകും. സംഭരണശേഷിയുടെ 99.5 ശതമാനമാണ്‌ നിലവിലെ ജലനിരപ്പ്‌. ആകെ ശേഷി 2403 അടിയാണെങ്കിലും 2408 അടിവരെ വെള്ളം ശേഖരിച്ച്‌ നിർത്താനുള്ള ശേഷി ഇടുക്കി ആർച്ച്‌ ഡാം, ചെറുതോണി അണക്കെട്ട്‌, കുളമാവ്‌ അണക്കെട്ട്‌ എന്നിവയുൾപ്പെടുന്ന ഇടുക്കി പദ്ധതിക്കുണ്ട്‌. ഞായറാഴ്‌ച വൈകിട്ട്‌ ജലനിരപ്പ്‌ 2402.24 അടിയായി. 2403 ആകാൻ 0.74 അടി മതിയാകും.
ചെറുതോണി അണക്കെട്ട്‌ ഷട്ടർ രണ്ടെണ്ണം അടച്ചെങ്കിലും മൂന്നെണ്ണം തുറന്നുതന്നെയാണ്‌. മൂന്നുഷട്ടറുകളിലൂടെ സെക്കൻഡിൽ 7.18 ലക്ഷം ലിറ്റർ വെള്ളമാണ്‌ ഒഴുക്കിവിടുന്നത്‌. അഞ്ച്‌ ഷട്ടറും ഉയർത്തിവച്ചിരുന്നപ്പോൾ പരമാവധി 16 ലക്ഷം ലിറ്റർ വരെ തുറന്നുവിട്ടിരുന്നു.

മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്ക്‌ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിലും കുറവുവന്നിട്ടുണ്ട്‌. മുല്ലപ്പെരിയാറിൽ നിന്നുൾപ്പെടെ ഒഴുകിയെത്തുന്നത്‌ സെക്കൻഡിൽ 718 ക്യുമെക്‌സ്‌(7.18 ലക്ഷം ലിറ്റർ) വെള്ളമാണ്‌. പദ്ധതി പ്രദേശത്ത്‌ 45 മി.മീറ്റർ മഴയാണ്‌ കഴിഞ്ഞ ദിവസം പെയ്‌തത്‌. ഇതിനുമുമ്പ‌് ഇടുക്കി സംഭരണിയിൽ നാലുതവണ മാത്രമാണ്‌ 2400 അടി പിന്നിട്ടിട്ടുള്ളത്‌. ഇതിൽ 1981 ലും 1992 ലും ചെറുതോണി ഷട്ടർ തുടർച്ചയായി 15 ദിവസം തുറന്നിരുന്നു. 2007 ലും 2013 ലും ഇടുക്കി സംഭരണിയിൽ 2401 പിന്നിട്ടിരുന്നെങ്കിലും പിന്നീട്‌ മഴ കുറഞ്ഞതിനാൽ ഷട്ടർ തുറന്നിരുന്നില്ല.

ഇപ്പോൾ ഇടുക്കി പദ്ധതി കമീഷൻ ചെയ്‌ത 1976 ഫെബ്രുവരി 12നുശേഷം ചരിത്രത്തിലാദ്യമായുള്ള ഉയർന്ന ജലനിരപ്പാണ്‌ 2402.26. ഈ വർഷത്തെ ഇതുവരെയുള്ള കാലവർഷവും. കാലവർഷം തുടങ്ങി ഇതുവരെയുള്ള മഴയും റെക്കോഡാണ്‌. ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം 2232.6 മി.മീറ്റർ മഴ ഇടുക്കി പദ്ധതി മേഖലയിൽ പെയ്തതും ഇതാദ്യം.

പ്രധാന വാർത്തകൾ
Top