16 November Friday

ഇടുക്കിയിൽ ജലനിരപ്പ‌് 2396.12 അടി; മഴ കനത്താൽ മാത്രം തുറക്കും,മന്ത്രി എം എം മണി ഇന്ന്‌ ഡാം സന്ദർശിക്കും

കെ ടി രാജീവ‌്Updated: Thursday Aug 2, 2018

ഇടുക്കി >മഴയ‌്ക്ക‌് ശമനമുണ്ടായി ഒഴുക്ക‌് കുറഞ്ഞതോടെ ഇടുക്കി സംഭരണിയിൽ ജലവർധന സാവധാനം മാത്രം. ഒഴുകിയെത്തുന്ന വെള്ളം വൈദ്യുതോൽപാദനത്തിലൂടെ ക്രമീകരിക്കുന്നുണ്ട‌്. ഇനി മഴ ശക്തിപ്പെട്ടാൽ മാത്രമേ സംഭരണി തുറക്കാനുള്ള സാഹചര്യമുള്ളൂ. സുരക്ഷാക്രമീകരണങ്ങളിൽനിന്നും പിന്നോട്ടുപോകാതെ അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പിൽ തന്നെയാണ‌് ഭരണകേന്ദ്രം.

ബുധനാഴ‌്ച ജലനിരപ്പ‌് 2396.12 അടിയിലെത്തി. മണിക്കൂറിൽ ഒഴുകിയെത്തുന്നത‌് 0.02 അടിമാത്രം. അടിയന്തര സാഹചര്യങ്ങൾ വിലയിരുത്താൻ വൈദ്യുതിമന്ത്രി എം എം മണി ഇന്ന്‌ ഡാം സന്ദർശിക്കും. കലക്‌ട്രേറ്റിൽ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും.

മുമ്പ‌്, ദിവസേന ഒന്നരയടി മുതൽ രണ്ടടി വരെ വെള്ളം ഉയർന്നിരുന്നു. പദ്ധതി മേഖലയിൽ ചൊവ്വാഴ‌്ച 15.6 മി. മീറ്റർ മഴ പെയ‌്തെങ്കിലും ബുധനാഴ‌്ച വരണ്ട കാലാവസ്ഥയായിരുന്നു. അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്തും മഴ കുറവായിരുന്നു. സംഭരണശേഷിയുടെ 91.68 ശതമാനം വെള്ളം നിലവിലുണ്ട‌്. ഉയരം കൂടുന്തോറും വിസ‌്തൃതി ഏറുമെന്നതിനാൽ കൂടുതൽ വെള്ളം ഉൾക്കൊള്ളാനാവും. മഴ ശക്തമാകാതിരുന്നാൽ സാവധാനമേ ജലനിരപ്പ‌് ഉയരൂ. 2403 അടി പരമാവധി ശേഷിയുണ്ട്‌.  2400 എത്തുന്നതിന‌് മുമ്പേ റെഡ്‌ അലർട്ട്‌ നൽകിയാൽ മതിയെന്നാണ്‌  ഉദ്യോഗസ്‌ഥർ പറയുന്നത്‌.

മൂലമറ്റം നിലയത്തിൽ അഞ്ച‌് ജനറേറ്ററുകളിലൂടെ പരമാവധി വൈദ്യുതോൽപദനം നടത്തി ജലനിരപ്പ‌് ക്രമീകരിക്കുന്നുണ്ട‌്. 15.102 ദശലക്ഷം യൂണിറ്റാണ‌് ഉൽപാദിപ്പിക്കുന്നത‌്. മഴ കുറഞ്ഞഘട്ടത്തിലും 30 ദശലക്ഷം യൂണിറ്റ‌് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം എത്തുന്നുണ്ട‌്. മഴ ശക്തിപ്രാപിച്ച സമയത്ത‌് 90 ദശലക്ഷം യൂണിറ്റുവരെ  ഉൽപാദിപ്പിച്ചു.
 
സംഭരണി തുറന്നാൽ കാണാനെത്തുന്ന പൊതുജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ‌് ബാരിക്കേഡ‌് കെട്ടി. ചെറുതോണി ഡാമിന‌് ഇടതുവശത്തെ വിദ്യാധിരാജ വിദ്യാസദൻ സ‌്കൂളിന‌് സമീപമാണ‌് ബാരിക്കേഡ‌്. ഷട്ടർ ഒന്നരയടി തുറന്നാൽ ജലം ഉയരാനിടയുള്ള ചപ്പാത്തിനും പാലങ്ങൾക്കും 50 മീറ്റർ വിട്ട‌് ഗതാഗതം വഴിതിരിച്ചു വിടുന്നതിനും നടപടിയെടുത്തു.  165 പേരടങ്ങുന്ന ഫയർഫോഴ‌്സ‌് സംഘം എറണാകുളത്ത‌് സജ്ജമായിട്ടുണ്ട‌്.
 

പ്രധാന വാർത്തകൾ
Top