21 September Friday

ഇടുക്കി ഡാം തുറക്കുന്നു; ട്രയൽ റൺ ഉച്ചക്ക്‌ 12ന്, ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

ഇടുക്കി> ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തിൽ ട്രയൽ റൺ ഉച്ചക്ക്‌ 12ന്‌ നടത്താൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ്‌ തീരുമാനമായത്‌. അടിയന്തര സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വകുപ്പുകൾക്ക്‌ നിർദ്ദേശം നൽകി. രാവിലെ 11ന്‌  ജലനിരപ്പ് 2398.88 അടിയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. രക്ഷാപ്രവർത്തനങ്ങൾക്കായി സേനയുടെ ഒരു ഇൻഫ്രൻറ്ററി യൂണിറ്റ്‌ പ്രദേശത്തേക്ക്‌ തിരിച്ചു.

ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടർ നിയന്ത്രണതോതിൽ 50 സെന്റിമീറ്റർ ഉയർത്തും. ഷട്ടർ തുറക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഒരു ഷട്ടർ 4 മണിക്കൂർ നേരത്തേക്ക് തുറക്കുന്നതായിരിക്കും .ചെറുതോണി ഡാമിന്റെ താഴത്തുള്ളവരും ചെറുതോണി പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടർ - ജീവൻ ബാബു അറിയിച്ചു.
 

പുഴയിൽ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ മഴ കനത്തതോടെ നീരൊഴുക്കും കൂടി. അതിനാലാണ് ട്രയൽ റൺ എന്ന തീരുമാനത്തിലേക്കെത്തിയത്.ഇടമലയാർ അണക്കെട്ട്‌ രാവിലെ തുറന്നിരുന്നു. ഇടമലയറിന്റെ നാല്‌ ഷട്ടറുകളും തുറന്നിട്ടുണ്ട്‌. അവിടെ നിന്നും വെള്ളം ഒഴുകി വരുന്ന ഭൂതത്താൻ അണക്കെട്ടിന്റെ 14 ഷട്ടറുകളും തുറന്നിട്ടിരിക്കയാണ്‌.



 

പ്രധാന വാർത്തകൾ
Top