19 September Wednesday

ഇടുക്കി ഡാം തുറക്കൽ : കൂട്ടായ പ്രവർത്തനം സുരക്ഷ ഉറപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018


നാട്ടുകാരുടെ കൂട്ടായ  പ്രവർത്തനവും സർക്കാർ സംവിധാനങ്ങളുടെ ഏകോപനവും  ജാഗ്രതയുംകൊണ്ട്‌ ഇടുക്കി ഡാം തുറന്നതുമായി ബന്ധപ്പെട്ട്‌ സുരക്ഷ നൽകാനായെന്ന്‌ വിലയിരുത്തൽ. ഇനിയും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന‌് സർക്കാരിനുവേണ്ടി മന്ത്രിമാർ ഉറപ്പുനൽകി.  ചെറുതോണി ഷട്ടർകൂടി തുറന്ന അടിയന്തര സാഹചര്യത്തിൽ ദുരിതങ്ങളും ആശങ്കകളും ഒഴിവാക്കാനായത്‌ ഒത്തൊരുമിച്ച്‌ നിലകൊണ്ടതിനാലാണെന്ന്‌ കോൺഗ്രസ്‌  നേതാക്കൾപോലും അവലോകനയോഗത്തിൽ പറഞ്ഞു.

മന്ത്രിമാരായ എം എം മണിയുടെയും കെ രാജുവിന്റെയും സാന്നിധ്യത്തിൽ ശനിയാഴ‌്ച രാവിലെ  കട്ടപ്പന ഗവ. കോളേജ‌് ഹാളിൽ  ചേർന്ന  യോഗത്തിൽ ഡാം തുറന്നതിന‌് ശേഷമുള്ളള കാര്യങ്ങളും അവലോകനം ചെയ‌്തു. ഇത്രയും  ഒത്തൊരുമയോടെ  ഇതിനുമുമ്പ്‌  ഒരു പ്രവർത്തനം നടന്നിട്ടില്ലെന്നും ഇത്‌ നാടിനാകെ മാതൃകയാണെന്നും മന്ത്രി എം എം മണി  പറഞ്ഞു. ഇതുവരെ പരാതികളൊന്നും  ഉണ്ടായിട്ടില്ലെന്നും മികച്ച സുരക്ഷാ പ്രവർത്തനങ്ങൾ കൈകൊണ്ടതായാണ്‌ വിലയിരുത്തലെന്നും കോൺഗ്രസ‌് നേതാവ‌് ഇം എം ആഗസ്‌തി പറഞ്ഞു. 

ഇനിയും മഴ വരാനിരിക്കുന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്‌ ഡിസിസി പ്രസിഡന്റ്‌ ഇബ്രഹിംകുട്ടി കല്ലാറും ആദിവാസിക്കുടികളിൽ കൂടുതൽ ശ്രദ്ധ വേണമെന്ന്‌ സിപിഐ എം ജില്ലാ  സെക്രട്ടറി കെ കെ ജയചന്ദ്രനും പറഞ്ഞു. 

26 വർഷങ്ങൾക്കുശേഷം ചെറുതോണി ഷട്ടർ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ചില കേന്ദ്രങ്ങളിൽ  നിന്നും വലിയ ആശങ്കകളും ഭീതിയും പടർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ സംഭരണിയിലെ ജലനിരപ്പ്‌ 2390 പിന്നിട്ടപ്പോൾ മുതൽ സർക്കാർ സംവിധാനമാകെ ഉണർന്ന്‌  പ്രവർത്തിച്ചതിനാൽ എല്ലാം  നിയന്ത്രണ  വിധേയമാക്കി.  

ജീവഹാനിയോ മറ്റ്‌ നഷ്ടങ്ങളോ ഉണ്ടാവാതെയുള്ള ജാഗ്രത ജില്ലാഭരണകേന്ദ്രവും  നേരത്തെ പുലർത്തിയിരുന്നു. 
ഇടുക്കി ഡാം സംബ്ന്ധിച്ച്‌ കലക്ടറേറ്റിലും മുല്ലപ്പെരിയാർ ജലനിരപ്പുമായി ബന്ധപ്പെട്ട്‌   ‌വണ്ടിപ്പെരിയാറിലും  നിരവധി യോഗം ചേർന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഓരോമണിക്കൂറിലും  അന്വേഷിച്ച്‌ ആവശ്യമായ നിർദേശങ്ങൾ നൽകി.
കർഷകർക്ക്‌ ഉണ്ടായ നഷ്ടം അടിയന്തരമായി പരിഹരിക്കാൻ  ഇടുക്കിക്ക്‌ പ്രത്യേക പരിഗണനയോ  പാക്കേജോ   ‌ ‌വേണമെന്ന പൊതുഅഭിപ്രായം അവലോകനയോഗത്തിൽ ഉയർന്നു. മന്ത്രിസഭ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രിമാർ ഉറപ്പുനൽകി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top