18 November Sunday

ഇടുക്കി: മുന്നൊരുക്കം സമഗ്രം; ശാസ‌്ത്രീയം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018


കാൽ നൂറ്റാണ്ടിനുശേഷം ഇടുക്കി അണക്കെട്ട‌് ഷട്ടർ തുറക്കുമ്പോൾ കൃത്യതയാർന്ന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി  ‘ഇവിടേയും സർക്കാർ ഒപ്പമുണ്ട്’ എന്ന വിശ്വാസം സൃഷ്ടിക്കാൻ  സർക്കാരിനും ജില്ലാ ഭരണകേന്ദ്രത്തിനുമായി. യുദ്ധകാലാടിസ്ഥാന നടപടികളിലൂടെ ആശങ്കയകറ്റി.

അണക്കെട്ടിലെ വെള്ളം തുറന്നുവിടുമ്പോൾ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് സമഗ്രവും ശാസ്ത്രീയവുമായ മാർഗങ്ങളാണ് സർക്കാർതലത്തിൽ സ്വീകരിച്ചത്. ജലനിരപ്പുയരുന്നത് ഓരോ മിനിട്ടിലും ജില്ലാ ഭരണകേന്ദ്രവും വൈദ്യുതി ബോർഡും നിരീക്ഷിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ടാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ അഡീഷണൽ ചീഫ് സെക്രട്ടറിയെ ജില്ലയിലേക്ക് അയച്ചു. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയും മുൻ ഇടുക്കി ജില്ലാ കലക്ടറുമായ പി എച്ച് കുര്യൻ ഇടുക്കിയിൽ ക്യാമ്പ‌്ചെയ്താണ് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നത‌്. ജൂലൈ 27 ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ചിരുന്നു.

വീഡിയോ കോൺഫറൻസിങ്ങിലൂടെ ജില്ലാ ഭരണകേന്ദ്രത്തിന് കർശനമായ നിർദേശവും നൽകി. 29 ന് തന്നെ വൈദ്യുതി മന്ത്രി എം എം മണിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. 200 ൽ അധികം ഉദ്യോഗസ്ഥർ പങ്കെടുത്തു. 

4 അംഗംവീതമുള്ള 5 സംഘംസർവേയിലൂടെ പെരിയാർ തീരദേശത്തെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു. ലഭ്യമായ അടിസ്ഥാന വിവരങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ വിന്യാസം ആരംഭിച്ചു. പെരിയാർ തീരത്തെ 1000 ത്തോളം ജനങ്ങൾക്ക് ബോധവൽക്കരണം സംബന്ധിച്ച‌്  ലഘുലേഖ നൽകി. പെരിയാറിനടുത്തുള്ളവരെ മാറ്റി പാർപ്പിക്കാനും സംവിധാനമായി. പെരിയാറിൽ നിന്ന് 10 മീറ്റർ, 50 മീറ്റർ, 100 മീറ്റർ എന്നീ അകലത്തിൽ പ്രത്യേകം തിരിച്ചാണ് വെള്ളം ഉയരാനുള്ള സാധ്യത കണക്കാക്കിയാണ‌് സുരക്ഷാ ക്രമീകരണം. പെരിയാർ തീരത്തുള്ള തടസ്സങ്ങൾ മാറ്റി.

ചെറുതോണി ഉൾപ്പെടെ പെരിയാറിനോടു ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് മൂന്നു ദിവസം പ്രവർത്തനാനുമതി ഇല്ല. സമീപത്തെ അഞ്ചു പഞ്ചായത്തുകളിലേക്കും വിനോദസഞ്ചാരികൾക്ക‌്  വിലക്കേർപ്പെടുത്തി. വൈദ്യുതി ബോർഡും റവന്യൂ വകുപ്പും പൊലീസും ഫയർഫോഴ്സും ജലസേചന വകുപ്പും ആരോഗ്യ വകുപ്പും പ്രത്യേക യോഗം ചേർന്ന് മുൻകരുതൽ നടപടി സ്വീകരിക്കുന്നുണ്ട്. വിമർശനങ്ങൾക്ക‌് ഇട നൽകാതെ ആശ്വാസകരമായ തയാറെടുപ്പുകളാണ് ഒരുക്കുന്നത്. ഒരു വിധ സാമ്പത്തിക തടസ്സങ്ങളും സുരക്ഷാക്രമീകരണ പ്രവർത്തനങ്ങൾക്ക് ഇല്ലെന്ന് മന്ത്രി എം എം മണി യോഗത്തിൽ അറിയിച്ചിരുന്നു.
 

പ്രധാന വാർത്തകൾ
Top