14 November Wednesday

ഇടമലയാറും നിറഞ്ഞു, ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു; മലമ്പുഴ ഇന്ന്‌ തുറക്കും ; ഇതുവരെ തുറന്നത്‌ 18 ഡാമുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

കൊച്ചി> കക്കി അണക്കെട്ടിനുപുറമെ ഇടമലയാർ അണക്കെട്ടും നിറഞ്ഞു. ഇതോടെ ഇടമലയാർ ഡാം തുറക്കുന്നതിന്‌ മുന്നെയുള്ള ജാഗ്രതാ നിർദ്ദേശമായ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. പ്രാഥമിക അറിയിപ്പായ ബ്ലൂ അലർട്ട്‌ ഇന്നലെ നൽകിയിരുന്നു.

ജലനിരപ്പ്‌  167 അടിയായി ഉയർന്നപ്പോളാണ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചത്‌. ജലനിരപ്പ്‌ രണ്ടുമീറ്റർ കൂടി ഉയർന്നാൽ മാത്രമെ അണക്കെട്ട്‌ തുറക്കേണ്ടി വരൂ. 169 മീറ്ററാണ്‌ പരമാവധി സംഭരണശേഷി. ജലനിരപ്പ്‌ 168.5ൽ എത്തിയാൽ അതീവജാഗ്രതാ അറിയിപ്പായ റെഡ്‌ അലർട്ട്‌ പ്രഖ്യാപിക്കും. തുടർന്ന്‌ നിശ്‌ചിത സമയത്തിന്‌ ശേഷം ഡാമിന്റെ  ഷട്ടറുകൾ ഉയർത്തുമെന്ന്‌ വൈദ്യുതി വകുപ്പ്‌ അറിയിച്ചു. ഇടമലയാൽ ഡാമിന്റെ താഴെ പ്രദേശങ്ങളിൽ ഉള്ളവരും പെരിയാറിന്റെ കരകളിലുള്ളവരും ജാഗ്രതപാലിക്കണം.

അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത്‌ കനത്തമഴ പെയ്യുന്നത്‌ ഡാമിലേക്കുള്ള നീരൊഴുക്ക്‌ കൂട്ടിയിട്ടുണ്ട്‌. ഇടുക്കി കഴിഞ്ഞാൽ കുടതൽ ജലസംഭരണശേഷിയുള്ള ഡാമാണ്‌ ഇടമലയാർ. പെരിയാറിന്റെ പോഷകനദിയായ ഇടമലയാറിലാണ്‌ ഡാമുള്ളത്‌.

അതേസമയം ഇടുക്കിയിൽ ജലനിരപ്പ്‌ 2395. 82 അടിയിലെത്തി. 2403 അടിയാണ്‌ ഡാമിന്റെ സംഭരണശേഷി . കഴിഞ്ഞവർഷം ഇതേദിവസം 2320.70 അടിയായിരുന്നു. ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത്‌ 15.6 മില്ലീമീറ്റർ മഴയാണ്‌ ഇന്നലെ ലഭിച്ചത്‌. നീരൊഴുക്കിന്റെ വേഗതയും കുറഞ്ഞിട്ടുണ്ട്‌.

കനത്തമഴ ലഭിച്ചതോടെ സംസ്‌ഥാനത്തെ ജലസംഭരണികൾ എല്ലാം നിറഞ്ഞിരിക്കയാണ്‌. ഇതിനകം 18 ഡാമുകൾ തുറന്നു. മലമ്പുഴ ഡാം ഇന്ന്‌ തുറക്കും

 ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകളിലും കെഎസ്ഇബിയുടെ ജലവൈദ്യുത പദ്ധതി ഡാമുകളിലും റെക്കോഡ് ജലനിരപ്പ‌ാണുള്ളത്‌. മുമ്പൊരിക്കലും തുലാവർഷം കഴിയാതെ മിക്ക ഡാമുകളിലും ജലവിതാനം ഇത്ര ഉയർന്നിട്ടില്ല.

സംസ്ഥാനത്ത് ജലസേചന വകുപ്പിന്റെ കീഴിൽ 16 മേജർ ഡാമുകളും രണ്ടു ചെറിയ ഡാമുകളുമുണ്ട്. അതിൽ പീച്ചി, നെയ്യാർ, കല്ലട, കുറ്റ്യാടി, മംഗലം, മലങ്കര ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. മറ്റ‌് ഡാമുകളിലെ ജലവിതാനം 80 ശതമാനത്തിനു മുകളിലാണ‌്. ഡാം സുരക്ഷാ അതോറിറ്റിയുടേതടക്കം, എല്ലാ ഡാമുകളിലേയും  സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് 40 ജല വൈദ്യുത പദ്ധതികളുണ്ട്. അതിൽ 32 എണ്ണം കെഎസ്ഇബിക്കു കീഴിലും എട്ടെണ്ണം സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലുമാണ്. ഇവയിൽ ശരാശരി 91 ശതമാനം  ജലവിതാനം ഉയർന്നു. 414 കോടി ഘനമീറ്റർ ജലസംഭരണ ശേഷിയുള്ള ഇവയിൽ 378 കോടി ഘനമീറ്റർ വെള്ളമായി. കഴിഞ്ഞ വർഷം ഇതേ സമയത്ത് 104 കോടി ഘനമീറ്റർ മാത്രമായിരുന്നു.

പൂർണസംഭരണശേഷിയിലെത്തിയതിനാൽ  പെരിങ്ങൽക്കുത്ത്, ഷോളയാർ, ബാണാസുര സാഗർ, ലോവർ പെരിയാർ ഡാമുകൾ തുറന്നു.   ജൂൺ, ജൂലൈ മാസം പിന്നിട്ടപ്പോഴുള്ള ജലസംഭരണവും വൈദ്യുതി ഉൽപ്പാദനവും റെക്കോഡാണെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top