13 December Thursday

തിരൂരില്‍ വാക്കു തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തി വീ‌ഴ്‌ത്തി; ആക്രമിച്ചത് മക്കളുടെ മുന്നില്‍വെച്ച്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 26, 2018

പിടിയിലായ സിദ്ദീഖ്

മലപ്പുറം > വാക്കു തര്‍ക്കത്തിനിടെ മക്കളുടെ മുന്നില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തി വീഴ്‌ത്തി. ബി പി അങ്ങാടി - കുറ്റിപ്പുറം റോഡില്‍ മുസ്ല്യാരങ്ങാടി ബസ് സ്റ്റോപ്പിന് മുന്നിലിട്ടാണ് പൊയ്‌ലിശേരി തെരോളിപറമ്പില്‍ സിദ്ദീഖ് (35) ഭാര്യ താജുനീസ(31) യെ കുത്തിയത്. ഭാര്യയെ കുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ താജുനീസയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.

കുട്ടികളെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് കൊണ്ടു പോകും വഴി താജുനീസയെ സിദ്ദീഖ് തടഞ്ഞ് വെക്കുകയും തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാക്കുകയായിരുന്നു. ഇതിനിടെ തന്റെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തി. പുറത്ത് കുത്തേറ്റ താജുന്നീസ റോഡില്‍ വീണു. ഇതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സിദ്ദീഖ് കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താജുന്നീസയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിദ്ദീഖിന്റെ അമിത മദ്യപാനത്തെതുടര്‍ന്ന്  ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് കുടുംബകോടതിയില്‍ കേസ് നടക്കുകയാണ്. ഇതിനിടെയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ആക്രമിക്കുന്നത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top