11 December Tuesday

തീർഥാടകർ സംതൃപ്തരെന്ന് മനുഷ്യാവകാശ കമ്മീഷൻ

സി ജെ ഹരികുമാർUpdated: Tuesday Nov 20, 2018

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറ്റണി ഡൊമിനിക്ക് പമ്പയിൽ.

പമ്പ > ശബരിമലയിൽ എത്തുന്ന തീർഥാടകർ പമ്പയിലും നിലയ്ക്കലും ഒരുക്കിയിട്ടുള്ള സൗകര്യങ്ങളിൽ തൃപ്തരാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.   നിലയ്ക്കലും പമ്പയിലും സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ. അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമനിക്ക് അംഗങ്ങളായ കെ മോഹൻകുമാർ, പി മോഹൻദാസ് എന്നിവരാണ് സന്ദർശനം നടത്തിയത്.

നിലയ്ക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റേഷനും വിരി പന്തലും കമ്മീഷൻ സന്ദർശിച്ചു. പമ്പയിലെത്തിയ കമ്മീഷൻ ഗണപതി കോവിലിലെ സൗകര്യങ്ങൾ നേരിൽ കണ്ട് മനസിലാക്കി.  ചെന്നൈയിൽ നിന്നെത്തിയ തീർഥാടകനോട് വിവരങ്ങൾ ആരാഞ്ഞു. സന്നിധാനത്ത് തലേന്ന് രാത്രി വിരിവച്ചെന്നും ദർശനം നടത്തിയെന്നും ഗണപതി കോവിലിൽ വിശ്രമിക്കാൻ സ്ഥലം ലഭിച്ചെന്നും ഇദ്ദേഹം കമ്മീഷനെ അറിയിച്ചു.

തുടർന്ന് പമ്പയിലെ വാട്ടർ അതോറിറ്റി കിയോസ്കുകളും കമ്മീഷൻ പരിശോധിച്ചു. ഇവയിലെല്ലാം വെള്ളമുണ്ടായിരുന്നു. തുടർന്ന് ശുചിമുറികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ എത്തി സൗകര്യങ്ങളെപ്പറ്റി ആരാഞ്ഞു. തീർഥാടകർ ഇവിടെയും തൃപ്തി രേഖപ്പെടുത്തി. പമ്പാ ഗവൺമെന്റ് ആശുപത്രിയും സംഘം സന്ദർശിച്ചു.

മാധ്യമങ്ങളിൽ നിന്നും അല്ലാതെയും പരാതികൾ ലഭിച്ചതിനാലാണ് കമ്മീഷൻ പമ്പയിലെത്തിയതെന്നും ജീവനക്കാരുടെ വീഴ്ചകളേക്കാൾ പ്രളയത്തിൽ തകർന്ന പമ്പയുടെ പുനരുദ്ധാരണമാണ് കൂടുതൽ ശ്രദ്ധയിൽ പെട്ടതെന്നും ജസ്റ്റിസ് ആൻറണി ഡൊമനിക് പറഞ്ഞു.  ചില ചെറിയ പരിമിതികളും പോരായ്മകളും കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയില്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമനിക് പറഞ്ഞു.


പ്രധാന വാർത്തകൾ
Top