22 November Thursday

ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്നറിയിച്ച് വ്യവസായമന്ത്രി കേന്ദ്രത്തിന് കത്ത് നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

തിരുവനന്തപുരം > നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്‌സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സംസ്ഥാന വ്യവസായ വകുപ്പ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി ആനന്ദ്  ഗീതെക്കാണ് കത്തയച്ചത്.

കഴിഞ്ഞ 5 വര്‍ഷമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എച്ച്എന്‍എല്‍. എന്നാല്‍ നാളിത് വരെയായും കേന്ദ്ര സര്‍ക്കാരില്‍ നിന്നോ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷനില്‍ നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ല. മറിച്ച് കേരളം നഷ്ടം സഹിച്ചും ആവശ്യമായ അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍  കുറഞ്ഞ നിരക്കില്‍ ഈ സ്ഥാപനത്തിന്  നല്‍കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും, ഉദാരസ്വകാര്യവത്ക്കരണ നയവുമാണ് അവയെ നഷ്ടത്തിലേക്ക് തള്ളി വിട്ടത്.

കേരള മുഖ്യമന്ത്രി ഈ വിഷയം ഉന്നയിച്ച് നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നു. മാത്രവുമല്ല ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റസ് ഏറ്റെടുക്കാന്‍ നിയമസഭയുള്‍പ്പെടെ ഏകകണ്ഠമായി പ്രമേയവും  പാസാക്കിയിരുന്നു. എന്നാല്‍ നാളിത്‌വരെ യാതൊരു അനുകൂല നിലപാടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന്‌ ഉണ്ടായിട്ടില്ല. ഈ സ്ഥാപനം ലേലത്തില്‍ വെക്കാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനായി ട്രാന്‍സാക്ഷന്‍ അഡ്വൈസറെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍  നടപടികള്‍ കൈക്കൊള്ളുന്നതിന് മുൻപ്‌ കേരള സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും കത്തില്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ആവശ്യപ്പെട്ടു.

പ്രധാന വാർത്തകൾ
Top