21 July Saturday

ഉന്നത വിദ്യാഭ്യാസമേഖലയിൽ 400 കോടിയുടെ പദ്ധതി

എം വി പ്രദീപ‌്Updated: Thursday Jul 12, 2018

തിരുവനന്തപുരം > ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാന സർക്കാരിന്റെ ഫലപ്രദ ഇടപെടലിന‌് അംഗീകാരമായി 400 കോടിയുടെ പദ്ധതികൾക്ക‌് അം​ഗീകാരം. സർവകലാശാലകളുടെയും കോളേജുകളുടെയും വികസനത്തിനായുള്ള കേന്ദ്ര മിഷനായ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാനാ (റൂസ)ണ‌്  അംഗീകാരം നൽകിയത‌്.

വയനാട്‌ വൈത്തിരിയിൽ മോഡൽ റസിഡൻഷ്യൽ കോളേജ‌് അനുവദിക്കുന്നതിന‌് റൂസ അംഗീകാരം നൽകി. രാജ്യത്ത‌് പിന്നോക്കം നിൽക്കുന്ന ജില്ലകൾക്കായി 70 മോഡൽ കോളേജ‌് അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ വയനാടിനെ പരിഗണിക്കണമെന്ന ആവശ്യം ആദ്യം റൂസ തള്ളി. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ നിരന്തര സമ്മർദത്തെത്തുടർന്നാണ‌് ഇപ്പോള്‍ അംഗീകാരം നൽകിയത‌്. പുതിയ കോളേജിന‌് 12 കോടിരൂപ അനുവദിച്ചു. സംസ്ഥാനത്തെ ആദ്യത്തെ മോഡൽ റസിഡൻഷ്യൽ കോളേജില്‍ പട്ടികജാതി‐ വർഗ വിദ്യാർഥികൾക്കായിരിക്കും മുൻഗണന. റൂസ പദ്ധതിയിൽ ഇതുവരെ സർക്കാർ കോളേജുകൾക്കാണ‌് തുക അനുവദിച്ചത‌്. എന്നാൽ, കേരളത്തിലെ വിദ്യാഭ്യാസ സവിശേഷത കണക്കിലെടുത്ത‌് എയ‌്ഡഡ‌് കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തേണ്ടതുണ്ടെന്ന‌് കേരളം ആവശ്യപ്പെട്ടു. തുടർന്ന‌് 105 എയ‌്ഡ‌ഡ‌് കോളേജിന‌് 2 കോടിരൂപ വീതവും അഞ്ച‌് സ്വയംഭരണ കോളേജിന‌് അഞ്ച‌ുകോടി വീതവും അനുവദിച്ചു.

എംജി, കുസാറ്റ‌് സർവകലാശാലകൾക്ക‌് ഗവേഷണമേഖലയുടെ നവീകരണത്തിനായി 50 കോടിവീതം അനുവദിച്ചു. മറ്റു കോളേജുകളെയും ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ ഗവേഷണമേഖല നവീകരിക്കാൻ എംജി, കുസാറ്റ‌് സർവകലാശാലകൾക്ക‌് ലഭിച്ചതുക വിനിയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട‌്. 15 നകം റൂസയ‌്ക്ക‌് ഇതിന്റെ വിശദാംശങ്ങൾ സമർപ്പിക്കണം. തുടര്‍ന്ന് 25 കോടിരൂപ വീതം ലഭിക്കും.  സംസ്ഥാനത്തെ മറ്റു 30 കോളേജിനായി 60 കോടിയുടെ പദ്ധതിയും റൂസ തത്വത്തിൽ അംഗീകരിച്ചു. 

2014 ൽ യുഡിഎഫ‌് ഭരണത്തിൽ സമർപ്പിച്ച പദ്ധതിരേഖ അവ്യക്തവും ദുരൂഹവുമായതിനെത്തുടർന്ന‌് 330 കോടിയുടെ പദ്ധതിനിർദേശം കേന്ദ്രം മടക്കിയിരുന്നു.

എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറിയ ഉടൻ റൂസ സ‌്റ്റേറ്റ‌് മിഷനെ കാര്യക്ഷമമാക്കുകയും മന്ത്രി രവീന്ദ്രനാഥ‌് വിഭാവനം ചെയ്‌ത പദ്ധതികൾ ഒന്നൊന്നൊയി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലത്തിന‌് കീഴിലുള്ള റൂസയ‌്ക്ക‌് സമർപ്പിച്ച് അം​ഗീകാരം നേടുകയായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top