16 November Friday

ഇടുക്കിയിലെ 5 താലൂക്കുകളും ഒറ്റപ്പെട്ടുതന്നെ; ഹെലികോപ്‌റ്റർ സേവനം അനിവാര്യം

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


കട്ടപ്പന
എഴുപത്തിയഞ്ചിലധികം ഉരുൾപൊട്ടലുകളും നൂറുകണക്കിന്‌ മണ്ണിടിച്ചിലും മൂലം ഗതാഗതം അപ്പാടെ താറുമാറായ ഇടുക്കി ജില്ലയിലെ താലൂക്കുകളെ ബന്ധിപ്പിക്കാനും സാധനസാമഗ്രികൾ എത്തിക്കാനും ഹെലികോപ‌്ടർ സഹായം അനിവാര്യമാകുന്നു. കട്ടപ്പന ഒഴികെയുള്ള ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിൽ ക്ലേശം നേരിടുന്നുണ്ട്‌. ജനപ്രതിനിധികളും നേതാക്കളും രാപ്പകൽ കഷ്ടപ്പെട്ടിട്ടാണ്‌ സാധനങ്ങൾ എത്തിച്ചുവരുന്നത്‌. ജില്ലാ ആസ്ഥാനത്തുനിന്നും ഉടുമ്പൻചോലയിലേക്കും മൂന്നാർ മേഖലയിലേക്കും എത്താനാവുന്നില്ല‌. അടിമാലി തികച്ചും ഒറ്റപ്പെട്ട തുരത്തായി മാറി.

പീരുമേട്ടിലേക്കുള്ള വഴികളിലും തടസ്സമുണ്ട്‌. തമിഴ്‌നാട്ടിൽനിന്നും അതിർത്തി വഴിയുള്ള നാലിൽ മൂന്ന്‌ വഴികളും നിലച്ചു. നിലവിൽ കമ്പംമെട്ടുവഴി മാത്രമാണ്‌ ഏക ആശ്രയം. ഈ വഴിയിലൂടെയാണിപ്പോൾ ചരക്കുകൾ എത്തുന്നത്‌. മൂന്നാർ തേക്കടി കെഎസ്‌ടിപി റോഡിന്റെ പല ഭാഗങ്ങളിലും വിള്ളലുകളുണ്ട്‌. ദേശീയപാതകളിലെല്ലാം വൻതോതിൽ മണ്ണിടിഞ്ഞു കിടക്കുന്നു. ഗ്രാമീണ‐പിഡബ്ല്യുഡി റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. തൊടുപുഴ‐ ഇടുക്കി സംസ്ഥാനപാതയിൽ പത്തുമീറ്ററോളം റോഡ്‌ വീണ്ടും താഴ്‌ന്നിട്ടുണ്ട്‌. ഇതിന്‌ സമീപം മീൻമുട്ടിയിൽ 50 മീറ്റർ റോഡ്‌ ഒലിച്ചുപോയി. ഉരുൾപൊട്ടലും മലയിടിച്ചിലുംമൂലം ഗതാഗതതടസ്സം വലിയതോതിലുള്ളത്‌ രക്ഷാപ്രവർത്തകർക്ക്‌ ചെന്നെത്താൻ സാധിക്കാത്ത സ്ഥിതി.
മൂന്നുദിവസം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ ഞായറാഴ്‌ചയാണ്‌ നടത്താനായത്‌. ചില മേഖലകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവാത്തത്‌ വാർത്താവിനിമയ മേഖലകളെയാകെ താറുമാറാക്കി. ഇടമലക്കുടി ഉൾപ്പെടെ ചില ആദിവാസി മേഖലകൾ ഇപ്പോഴും ഒറ്റപ്പെട്ട സ്ഥിതിയിലാണ്‌. ചില മേഖലകളിൽ ഇന്ധനക്ഷാമവും ഉണ്ട്‌.

ഇന്ധനവും പാചകവാതകവും പ്രധാനമായും ഇടുക്കിയിലേക്ക്‌ വരുന്നത്‌ എറണാകുളത്തുനിന്നാണ്‌. ചെറുതോണി പാലത്തിനുമേൽ വെള്ളം ഒഴുകുന്നതിനാൽ ഇടുക്കി‐ കട്ടപ്പന‐ കുമളി മേഖലയിലേക്ക്‌ വാഹനത്തിൽ എത്താനാവില്ല. കൊച്ചി‐ ധനുഷ്‌കോടി ദേശീയപാതയിൽ നിരവധിയിടങ്ങളിൽ റോഡ്‌ ഇടിഞ്ഞതിനാൽ അടിമാലി‐ മൂന്നാർ‐ രാജാക്കാട്‌ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക്‌ എത്താനാവില്ല.  ഇടുക്കിയിലെ അഞ്ച്‌ താലൂക്കുകളിലായി പ്രവർത്തിക്കുന്ന 190 ദുരിതാശ്വാസ ക്യാമ്പുകളിലായി 29,058 പേർ. 6067 കുടുംബങ്ങളിൽനിന്നാണ്‌ ഇത്രയും പേർ ഉള്ളത്‌.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top