24 September Monday

രമ്യയുടെ ജീവിതത്തിൽ വിടർന്നു; പാൽപുഞ്ചിരി

ടി രഞ്ജിത്ത‌്Updated: Monday Aug 20, 2018


ചങ്ങനാശേരി

കുട്ടനാട്ടിലെ കൊടുപുന്നയിൽ നിന്നും ടോറസിൽ ചങ്ങനാശേരിയിൽ എത്തിയ രമ്യയുടെ കൈയിൽ നിന്നും രക്ഷാപ്രവർത്തക പിഞ്ചുകുഞ്ഞിനെ ഏറ്റുവാങ്ങിയപ്പോൾ സംഭവിച്ചതൊന്നും മനസ്സിലാകാത്ത അവന്റെ മുഖത്ത് പാൽപുഞ്ചിരി വിടർന്നു. 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ചേർത്തുപിടിച്ച് കുടുംബാംഗങ്ങളോടൊപ്പം കുത്തിയൊഴുകുന്ന പ്രളയജലത്തിന് നടുവിലുള്ള വീട്ടിൽ ആറുനാൾ... അനുഭവിച്ച ദുരിതമത്രയും രമ്യയിൽ നിന്നും കണ്ണുനീരായി പെയ്തിറങ്ങിയപ്പോൾ സാന്ത്വനമായി വനിതാ രക്ഷാപ്രവർത്തകരെത്തി.

രമ്യയുടെ ഭർത്താവ് വിദേശത്താണ്. മാതാപിതാക്കളും സഹോദരിമാരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ പുതിയ അതിഥിയെത്തിയതിന്റെ സന്തോഷത്തിൽ കഴിയുമ്പോഴാണ് അതു കെടുത്താൻ പ്രളയജലം എത്തിയത്. വളരെ പെട്ടന്നാണ് ജലനിരപ്പ് ഉയർന്നത്. വൈദ്യുതിബന്ധവും അറ്റു. ഇതോടെ കുട്ടനാട് വേഴപ്ര പഞ്ചായത്തിലെ കൊടുപ്പുന്ന പ്രദേശത്തിന് പുറംലോകവുമായുള്ള എല്ലാ ബന്ധവും അറ്റു. പ്രായമായ മാതാപിതാക്കളും കുഞ്ഞുമായി എങ്ങനെ രക്ഷപ്പെടുമെന്ന ഭയമായിരുന്നു രമ്യയ്ക്ക്. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ ഇതുപോലെ ഒറ്റപ്പെട്ടു. വെള്ളം കുത്തൊഴുക്കായി വരുന്നതിനു മുമ്പ‌് രക്ഷാപ്രവർത്തകർ നൽകിയ ഭക്ഷണം കഴിച്ചാണ് ആറുനാൾ തള്ളി നീക്കിയത്.

കുഞ്ഞുമായി ഉയർന്ന പ്രദേശത്തേക്ക് മാറാൻ ശ്രമിച്ചെങ്കിലും ജലനിരപ്പ് ഉയരുന്നത് തടസ്സമായി. എങ്ങോട്ടും നീങ്ങാനാവാത്ത അവസ്ഥ. ഇതോടെ മരണഭയവുമായി. പ്രദേശത്തെ വീടുകളിൽ എവിടെയൊക്കെ ആൾതാമസമുണ്ടെന്നു പോലും രക്ഷാപ്രവർത്തകർക്ക് ആ ഘട്ടത്തിൽ അന്വേഷിച്ചറിയുക ദുഷ്കരമായിരുന്നു. പിന്നീട് അൽപം ജലനിരപ്പ് താഴ്ന്നപ്പോഴാണ് രക്ഷാപ്രവർത്തനം സുഗമമായത്. സിപിഐ എമ്മിന്റെ രക്ഷാപ്രവർത്തകർ ഏർപ്പെടുത്തിയ ചങ്ങനാശേരി പാലത്തറ കൺസ്ട്രക്ഷൻസിന്റെ ടോറസ് ഒടുവിൽ ഇവർക്ക് അത്താണിയായി.  രമ്യയ്ക്കും കുടുംബത്തിനും പുറമെ കൊടുപുന്ന പ്രദേശത്തെ നിരവധി ജീവനുകളെയാണ് ഇവർ പെരുന്ന റെഡ് സ്ക്വയറിലെ സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചത്.

പ്രധാന വാർത്തകൾ
Top