19 November Monday

നെല്ലിയാമ്പതിയിലേക്ക‌് തലച്ചുമടായി 4000 കിലോ ഭക്ഷ്യ വസ‌്തുക്കൾ എത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


പാലക്കാട‌്

ചുരത്തിൽ ഉരുൾപൊട്ടലിനെ തുടർന്ന‌് ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലെ താമസക്കാർക്കായി ദ്രുതകർമസേന തലച്ചുമടായി ഭക്ഷ്യ വസ‌്തുക്കൾ എത്തിച്ചു.  130 ആർഎഎഫ്, 70 വളണ്ടിയർമാർ, 30 റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഭക്ഷ്യധാന്യങ്ങളടങ്ങുന്ന 20 കിലോയുടെ 200 ബാഗുകളാണ‌്  എത്തിച്ചത‌്.   നെന്മാറയിൽനിന്ന്  പത്ത് കിലോമീറ്ററോളം വാഹനത്തിലും തുടർന്ന്  20 കിലോമീറ്ററോളം  കാൽനടയായുമായാണ‌്  എത്തിയത്.  പ്രദേശത്ത് ഭക്ഷണസാധനങ്ങൾ സുലഭമാണെന്നും പട്ടിണി ഇല്ലായെന്നും പ്രദേശവാസികൾ അറിയിച്ചതായി ചിറ്റൂർ തഹസിൽദാർ പറഞ്ഞു. തിങ്കളാഴ‌്ചയും ഇത്ര തന്നെ അളവിൽ ഭക്ഷ്യധാന്യങ്ങൾ രണ്ട് ട്രിപ്പായി എത്തിക്കുമെന്ന് തഹസിൽദാർ വി കെ രമ അറിയിച്ചു.

അടുത്ത രണ്ടുദിവസത്തേക്ക‌് നെല്ലിയാമ്പതിയിൽ  ഭക്ഷ്യവസ‌്തുക്കൾക്ക‌് ക്ഷാമമുണ്ടാകില്ല. എന്നാൽ ഗതാഗത സൗകര്യം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. മെഡിക്കൽ സേവനം നൽകുന്നതിന‌് നെന്മാറയിലെ അവിറ്റീസ‌് ആശുപത്രിയിലെ ഡോക്ടർമാർ, നേഴ‌്സുമാർ, പാര മെഡിക്കൽ ജീവനക്കാർ എന്നിവരുമായി ഞായറാഴ‌്ച രാവിലെ നെന്മാറ എൻഎസ‌്എസ‌് കോളേജ‌്  ഗ്രൗണ്ടിൽനിന്ന‌് കെ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ ഹെലികോപ‌്ടർ പുറപ്പെട്ടുവെങ്കിലും  മോശം കാലാവസ്ഥ മൂലം നെല്ലിയാമ്പതിയിൽ ഇറങ്ങാനായില്ല.  അവിടെ പൂലമ്പാറ എസ‌്റ്റേറ്റിലാണ‌് ഇറങ്ങാൻ സൗകര്യമൊരുക്കിയതെങ്കിലും സീതാർകുണ്ട‌് വഴി ചുറ്റി തിരിച്ചുപോരേണ്ടിവന്നു. കോടയും ശക്തമായ മഴയുമാണ‌് ഹെലികോപ‌്ടറിന‌് ഇറങ്ങാൻ തടസ്സമായത‌്. 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top