11 December Tuesday

കനത്ത മഴ തുടരുന്നു; മൂന്നാറില്‍ പുനര്‍നിര്‍മിച്ച പാലം ഒലിച്ചുപോയി, പലയിടത്തും ഉരുള്‍പൊട്ടല്‍-Video

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018

മൂന്നാര്‍ > ഇടുക്കിയില്‍ ഉരുല്‍ുൊട്ടലും അതിശക്തമായ മഴയും തുടരുന്നു. മൂന്നാറില്‍ പുനര്‍നിര്‍മിച്ച പെരിയവരൈ പാലം ഒലിച്ചു പോയി. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. മഹാ പ്രളയത്തെ  തുടര്‍ന്ന് ആഗസ്‌ത് 15 നാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലം  തകര്‍ന്നത്. ഈ പാലത്തിനു സമീപം താല്‍ക്കാലികമായി പണിത പാലമാണ് വീണ്ടും ഒലിച്ചു പോയത്.

പെരിയവരൈ താത്ക്കാലിക പാലം ഒലിച്ചു പോയ നിലയില്‍.

പെരിയവരൈ താത്ക്കാലിക പാലം ഒലിച്ചു പോയ നിലയില്‍.



ഏറെ പരിശ്രമത്തിനൊടുവില്‍  സെപ്തംബര്‍ 9 നാണ് താല്‍ക്കാലിക പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. തകര്‍ന്ന പാലത്തിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ച് മണ്ണിട്ട് നികത്തി  പാലം യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കുകയായിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പാലം തകര്‍ന്ന് ദിവസങ്ങള്‍ക്കകം തന്നെ പാലത്തിന് സമാന്തരമായി താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. വെളളിയാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഇരുവശങ്ങളിലെ കല്‍ക്കെട്ട് തകര്‍ന്ന് പാലം ഒലിച്ചു പോവുകയായിരുന്നു. 

മൂന്നാര്‍- ഉദുമലപേട്ട അന്തര്‍സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന പാലമാണിത്.   ഇതോടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാജമല ഉള്‍പ്പെടെ മറയൂര്‍, ചിന്നാര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള  ഗതാഗതം പൂര്‍ണമായി നിലച്ചു.   ബസ് സര്‍വീസ് ഉള്‍പ്പെടെ മറ്റ് വാഹനങ്ങളുടെ സഞ്ചാരവും നിലച്ചു. കനത്തമഴയെ തുടര്‍ന്ന് പഴയമൂന്നാറില്‍ വെള്ളംകയറി.മാട്ടുപ്പെട്ടിയില്‍ ബോട്ടിങ് നിര്‍ത്വച്ചു. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കൊച്ചി--ധനുഷ്‌ക്കോടി ദേശീയപാതയില്‍ ഏതാനും മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.

നാലിടത്ത് ഉരുള്‍പൊട്ടല്‍

ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. വട്ടവട-പഴത്തോട്ടം, കോവിലൂര്‍-പഴത്തോട്ടം, കൊട്ടാക്കമ്പൂര്‍-കോവിലൂര്‍, പഞ്ചനാട്ട് പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. 3 വീടുകള്‍ പൂര്‍ണമായും 14 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോവിലൂര്‍ തോട് കരകവിഞ്ഞ് ഒഴുകുകയാണ്.

മഴയില്‍ തകര്‍ന്ന വട്ടവട

മഴയില്‍ തകര്‍ന്ന വട്ടവട



മാട്ടുപ്പെട്ടി ഡാമില്‍ ബോട്ടിംഗ് നിര്‍ത്തിവെച്ചു. പ്രദേശത്തെ റോഡില്‍ രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുതലപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്.

കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു

രാജാക്കാട് > പന്നിയാര്‍ക്കുട്ടി ടൗണില്‍ കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. കാറിനുള്ളിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ ആളപായമുണ്ടായില്ല.  കാര്‍ ചെളിയില്‍ അകപ്പെട്ടു.

അടിമാലിയില്‍നിന്ന് രാജാക്കാട്ടേക്കു പോയ കാറാണ് അപകടത്തില്‍ പെട്ടത്.  മൂന്നാറില്‍നിന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top